വീണ്ടും ആരെയോ കുഴിച്ചിട്ടിട്ട് നില്‍ക്കുകയാണെന്ന് തോന്നുന്നു, ദൃശ്യം 3 പുതിയ പോസ്റ്ററിനെ ട്രോളി സോഷ്യല്‍ മീഡിയ
Malayalam Cinema
വീണ്ടും ആരെയോ കുഴിച്ചിട്ടിട്ട് നില്‍ക്കുകയാണെന്ന് തോന്നുന്നു, ദൃശ്യം 3 പുതിയ പോസ്റ്ററിനെ ട്രോളി സോഷ്യല്‍ മീഡിയ
അമര്‍നാഥ് എം.
Friday, 13th February 2026, 7:41 pm

ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാളചിത്രമാണ് ദൃശ്യം 3. കൊവിഡ് കാലത്ത് ദൃശ്യത്തിന്റെ രണ്ടാം ഭാഗം പാന്‍ ഇന്ത്യന്‍ ലെവലില്‍ ചര്‍ച്ചയായിരുന്നു. മൂന്നാം ഭാഗം അണിയറയില്‍ റിലീസിനൊരുങ്ങുമ്പോള്‍ ബോക്‌സ് ഓഫീസിലെ കളക്ഷന്‍ റെക്കോഡുകളെല്ലാം തകരുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

റിലീസിന് 50 ദിവസത്തോളം ബാക്കി നില്‍ക്കുമ്പോഴും ഹൈപ്പിന് യാതൊരു കുറവുമില്ല. ഇപ്പോഴിതാ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട പുതിയ പോസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. മോഹന്‍ലാല്‍ വാഴത്തോട്ടത്തില്‍ നില്‍ക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. മുഖത്ത് സ്ഥിരം നിഗൂഢഭാവമാണ് ജോര്‍ജുകുട്ടിക്ക്.

ഇതോടെ പലരും പോസ്റ്റര്‍ ഡീകോഡ് ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. ആദ്യ ഭാഗത്തിലേതുപോലെ ആരെയെങ്കിലും കുഴിച്ചിട്ടതിന് ശേഷം നില്‍ക്കുന്നതുപോലെയുണ്ടെന്നാണ് പലരും തമാശരൂപേണ കമന്റ് പങ്കുവെച്ചത്. ക്ലാസിക് ക്രിമിനല്‍ ഏത് രീതിയിലാണ് ഇത്തവണ ചിന്തിക്കുകയെന്ന് പറയാന്‍ പ്രയാസമാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

ദൃശ്യം 3യുമായി ക്ലാഷ് വെക്കുമെന്നറിയിച്ച വാഴ 2നുള്ള വാണിങ്ങാണ് ഈ പോസ്റ്ററെന്നും ചിലര്‍ കമന്റ് പങ്കുവെച്ചു. ജോര്‍ജുകുട്ടിയെയും കുടുംബത്തെയും ആരോ നിരീക്ഷിക്കുന്നുണ്ടെന്ന് പറയാതെ പറയുന്ന പോസ്റ്ററാണിതെന്നും ഡീകോഡിങ് പോസ്റ്റുകളുണ്ട്. ഏപ്രില്‍ മൂന്നിന് കേരള ബോക്‌സ് ഓഫീസിലെ കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തിക്കുറിക്കുമെന്നാണ് ആരാധകര്‍ കണക്കുകൂട്ടുന്നത്.

എന്നാല്‍ പോസ്റ്ററിനെതിരെ വിമര്‍ശനങ്ങളുമുയരുന്നുണ്ട്. ഇത്രയും ഹൈപ്പുള്ള സിനിമയുടെ യാതൊരു ക്വാളിറ്റിയും പോസ്റ്ററില്‍ കാണാനാകുന്നില്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ഫോട്ടോഷോപ്പില്‍ വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന തരത്തിലാണ് ഈ പോസ്റ്ററെന്നും കമന്റുകളുണ്ട്. ആശീര്‍വാദ് സിനിമാസിന്റെ ഏറ്റവും മികച്ച പോസ്റ്റര്‍ ക്യാമ്പയിന്‍ ലൂസിഫറിന്റേതായിരുന്നെന്നും അഭിപ്രായങ്ങളുണ്ട്.

എന്നാല്‍ കഴിഞ്ഞ രണ്ട് സിനിമകളും പ്രതീക്ഷക്കൊത്ത് ഉയരാത്തതിനാല്‍ ജീത്തു ജോസഫില്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മിറാഷ്, വലതുവശത്തെ കള്ളന്‍ എന്നീ ചിത്രങ്ങള്‍ ശരാശരിയിലൊതുങ്ങുകയായിരുന്നു. ഈ അവസ്ഥയില്‍ ദൃശ്യം 3യുടെ ബോക്‌സ് ഓഫീസിലെ അവസ്ഥ എന്താകുമെന്നാണ് പലരും കണക്കുകൂട്ടുന്നത്.

സമ്മര്‍ റിലീസിലെ ആദ്യ ബിഗ് ബജറ്റ് ചിത്രമാണ് ദൃശ്യം 3. എന്നാല്‍ ദൃശ്യം 3യോടൊപ്പം യുവതാരങ്ങള്‍ അണിനിരക്കുന്ന വാഴ 2 ക്ലാഷിനെത്തുന്നുണ്ട്. കൃത്യം ഒരാഴ്ചക്ക് ശേഷം ടൊവിനോയുടെ ബിഗ് ബജറ്റ് ചിത്രം പള്ളിച്ചട്ടമ്പിയും പ്രദര്‍ശനത്തിനെത്തും. നാട്ടിന്‍പുറത്തെ സാധാരണ നാലാം ക്ലാസുകാരന്‍ ഇത്തവണ ബോക്‌സ് ഓഫീസില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.

Content Highlight: Drishyam 3 new poster out now

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം