മമ്മൂട്ടിയും മോഹന്‍ലാലും ഫഹദുമുള്ള പേട്രിയറ്റിനെ ആര്‍ക്കും വേണ്ട, ഒ.ടി.ടി ക്ലാഷില്‍ ട്രെന്‍ഡായത് ഷെയ്ന്‍ നിഗത്തിന്റെ ദൃഢം
Malayalam Cinema
മമ്മൂട്ടിയും മോഹന്‍ലാലും ഫഹദുമുള്ള പേട്രിയറ്റിനെ ആര്‍ക്കും വേണ്ട, ഒ.ടി.ടി ക്ലാഷില്‍ ട്രെന്‍ഡായത് ഷെയ്ന്‍ നിഗത്തിന്റെ ദൃഢം
അമര്‍നാഥ് എം.
Wednesday, 17th June 2026, 9:20 pm

ഒ.ടി.ടി യുഗത്തില്‍ സിനിമയുടെ സ്വീകാര്യതയുടെയും റിസല്‍ട്ടുകളുടെയും കാര്യത്തില്‍ നല്ല മാറ്റം വന്നിരിക്കുകയാണ് . തിയേറ്റര്‍ റിലീസിന് ശേഷം ഒട്ടും വൈകാതെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലെത്തുന്ന സിനിമയിലെ ഓരോ സീനുകളും ഡയലോഗുകളും പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. തിയേറ്ററില്‍ ശ്രദ്ധ നേടാനാകാത്ത സിനിമകള്‍ ഒ.ടി.ടിയിലെത്തുമ്പോള്‍ പ്രേക്ഷകര്‍ സ്വീകരിക്കുന്നതും സ്ഥിരം കാഴ്ചയാണ്.

കഴിഞ്ഞയാഴ്ച ഒ.ടി.ടിയിലെത്തിയ രണ്ട് സിനിമകള്‍ക്ക് ലഭിച്ച സ്വീകാര്യതയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഈ വര്‍ഷത്തെ ഏറ്റവും ഹൈപ്പേറിയ ചിത്രമായെത്തിയ പേട്രിയറ്റ് അടുത്തിടെയാണ് ഒ.ടി.ടിയിലെത്തിയത്. വന്‍ ഹൈപ്പിലെത്തിയ പേട്രിയറ്റിന് തിയേറ്ററുകളില്‍ വേണ്ടത്ര വിജയമാകാന്‍ സാധിച്ചില്ല. 130 കോടിയിലേറെ ചെലവഴിച്ച് ഒരുക്കിയ ചിത്രം 100 കോടി പോലും നേടാതെയാണ് കളംവിട്ടത്.

ജൂണ്‍ അഞ്ചിന് സീ ഫൈവിലൂടെ സ്ട്രീമിങ് ആരംഭിച്ച പേട്രിയറ്റ് ഒ.ടി.ടിയിലും വലിയ ചലനമുണ്ടാക്കിയില്ല. മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, നയന്‍താര, കുഞ്ചാക്കോ ബോബന്‍ തുടങ്ങി വന്‍ താരനിര അണിനിരന്ന ചിത്രമായിരുന്നു പേട്രിയറ്റ്. എന്നിട്ടും പ്രേക്ഷകരില്‍ ഒരു ഇംപാക്ടും ഉണ്ടാക്കാന്‍ ചിത്രത്തിന് സാധിച്ചില്ല.

അതേസമയം വലിയ താരനിരയൊന്നുമില്ലാതെ എത്തിയ മറ്റൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി. ഷെയ്ന്‍ നിഗത്തെ നായകനാക്കി മാര്‍ട്ടിന്‍ ജോസഫ് സംവിധാനം ചെയ്ത ദൃഢമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായൊരുങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ഒ.ടി.ടി റിലീസിന് ശേഷം ലഭിക്കുന്നത്.

കുഴിനിലം എന്ന നാട്ടിന്‍പുറത്തേക്ക് എസ്.ഐയായി എത്തുന്ന വിജയ് എന്ന യുവാവിന് ആ നാട്ടില്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് ദൃഢത്തിന്റെ കഥ. അമച്വറായിട്ടുള്ള ധാരാളം സീനുകളുണ്ടെങ്കിലും അവസാനത്തെ 20 മിനിറ്റിലൂടെയാണ് ദൃഢം മികച്ചതാകുന്നത്. കാര്യമായ പ്രൊമോഷനോ ആവശ്യത്തിന് സ്‌ക്രീനുകളോ ഇല്ലാതെയായിരുന്നു ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ്. അതിരടി, ദൃശ്യം 3 എന്നീ ചിത്രങ്ങള്‍ കാരണം ആദ്യ ആഴ്ചയില്‍ തന്നെ വാഷൗട്ടായിരുന്നു.

വന്‍ താരനിരയുണ്ടായിട്ടും തിയേറ്ററില്‍ പരാജയമായ പേട്രിയറ്റ് ഒ.ടി.ടിയില്‍ ട്രോള്‍ മെറ്റീരിയലായി മാറി. എന്നാല്‍ ചെറിയ ചിത്രമായ ദൃഢം പേട്രിയറ്റിനെക്കാള്‍ വലിയ ചര്‍ച്ചയായതും പലരെയും അത്ഭുതപ്പെടുത്തുന്നുണ്ട്. താരബാഹുല്യവും കണ്ണഞ്ചിപ്പിക്കുന്ന ബജറ്റുമുണ്ടെങ്കിലും പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിക്കാനായില്ലെങ്കില്‍ കൈവിടുമെന്നതിന്റെ തെളിവാണ് പേട്രിയറ്റിന്റെ വീഴ്ചയെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.

Content Highlight: Dridam getting more reach than Patriot after OTT release

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം