മാര്‍ക്‌സ്, ഗ്രാംഷി, വാഗ്ഭടാനന്ദന്‍- പാലേരി രമേശനെ ഓര്‍ക്കുമ്പോള്‍
DISCOURSE
മാര്‍ക്‌സ്, ഗ്രാംഷി, വാഗ്ഭടാനന്ദന്‍- പാലേരി രമേശനെ ഓര്‍ക്കുമ്പോള്‍
ഡോ. നജീബ് വി.ആര്‍
Friday, 31st July 2026, 5:35 pm
രമേശന്‍ പാലേരിയുടെ ജീവിതം കേവലം ഒരു വ്യക്തിഗത വിജയഗാഥയല്ല മറിച്ച് തൊഴിലാളിവര്‍ഗ കൂട്ടായ്മയുടെ പ്രായോഗിക വിജയമാണ്. മാര്‍ക്സിയന്‍ ആശയങ്ങളിലെ അന്യവത്കരണമില്ലാത്ത തൊഴിലാളി ലോകവും, വാഗ്ഭടാനന്ദന്റെ സാമൂഹിക പരിഷ്‌കരണ ആശയങ്ങളും, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാങ്കേതികവിദ്യയുമായി സമന്വയിപ്പിച്ചുകൊണ്ട് നവഉദാരവത്കരണ ശക്തികള്‍ക്ക് ബദല്‍ തീര്‍ത്ത അദ്ദേഹത്തിന്റെ ജീവിതം, തൊഴിലാളിവര്‍ഗ സംഘാടനത്തിന്റെയും പ്രാക്സിസിന്റെയും ചരിത്രപരമായ വിജയഗാഥയായി നിലകൊള്ളുന്നു | രമേശന്‍ പാലേരിയെ അനുസ്മരിച്ച് ഡോ. നജീബ് വി.ആര്‍. എഴുതുന്നു

ആധുനിക കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ വികാസപരിണാമങ്ങളെയും തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളുടെ സംഘാടന സവിശേഷതകളെയും വിശകലനം ചെയ്യുമ്പോള്‍ രമേശന്‍ പാലേരി എന്ന സഹകരണ സംഘാടകന്റെ പങ്കാളിത്തം സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നു.

കേവലം ഒരു സ്ഥാപനമേധാവി എന്നതിനപ്പുറം, തൊഴിലിനെയും അധ്വാനിക്കുന്ന മനുഷ്യനെയും പ്രപഞ്ചസത്യമായി ദര്‍ശിച്ച തത്ത്വചിന്താപരമായ ബോധ്യങ്ങളാല്‍ നയിക്കപ്പെട്ട വ്യക്തിത്വമായിരുന്നു അദ്ദേഹം.

രമേശന്‍ പാലേരി

‘തന്റെ മുന്നില്‍ വരുന്നവരെല്ലാം താന്‍ തന്നെയാണെ’ന്ന ആത്മവിദ്യയുടെ അദ്വൈതീയ തത്വസംഹിത പൂര്‍ണമായി ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മനുഷ്യാനുഭവങ്ങളും അവരുടെ ജീവിതസമരങ്ങളും തനിക്ക് അന്യമല്ലെന്ന യാഥാര്‍ത്ഥ്യം സ്വന്തം പ്രവര്‍ത്തന മണ്ഡലത്തിലൂടെ അദ്ദേഹം വരച്ചുകാട്ടി.

മാര്‍ക്‌സിയന്‍ തത്ത്വചിന്തയിലെ ‘പ്രാക്‌സിസ്’ അഥവാ സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള അവിഭാജ്യമായ സമന്വയം ജീവിക്കുന്ന മാതൃകയായി അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കാണാം.

ഇറ്റാലിയന്‍ മാര്‍ക്‌സിസ്റ്റ് ചിന്തകനായ അന്റോണിയോ ഗ്രാംഷി തന്റെ ‘തടവറക്കുറിപ്പുകളില്‍’ മുന്നോട്ടുവെച്ച ‘ജൈവ ബുദ്ധിജീവി’ എന്ന സങ്കല്‍പ്പത്തിന്റെയും, കാള്‍ മാര്‍ക്‌സിന്റെ തൊഴിലാളിവര്‍ഗ രാഷ്ട്രീയ ബോധ്യങ്ങളുടെയും യഥാര്‍ത്ഥ ആവിഷ്‌കാരമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

അന്റോണിയോ ഗ്രാംഷി | കാള്‍ മാര്‍ക്‌സ്

സ്വന്തം വര്‍ഗത്തിന്റെ ഉള്ളില്‍ നിന്ന് വളര്‍ന്നുവരികയും, അവരുടെ സാമൂഹിക-സാമ്പത്തിക ആവശ്യങ്ങളെയും രാഷ്ട്രീയ ലക്ഷ്യങ്ങളെയും കൃത്യമായി ആവിഷ്‌കരിക്കുകയും ചെയ്തുകൊണ്ട്, ഭരണവര്‍ഗത്തിന്റെ സാംസ്‌കാരിക-രാഷ്ട്രീയ ആധിപത്യത്തിന് (Hegemony) എതിരെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ ബദല്‍ അവബോധം നിര്‍മിച്ചെടുക്കുക എന്ന പ്രതി-ഹെജിമോണിക് (Counter-hegemonic) ദൗത്യമാണ് അദ്ദേഹം നിര്‍വഹിച്ചത്.

വാഗ്ഭടാനന്ദ ഗുരുദേവന്റെ സാമൂഹിക പരിഷ്‌കരണ ആദര്‍ശങ്ങളെ ആധുനിക സാങ്കേതികവിദ്യയുമായും വ്യാവസായിക മാനേജ്‌മെന്റുമായും സമന്വയിപ്പിച്ച്, നവഉദാരവത്കരണ കാലഘട്ടത്തിലെ മുതലാളിത്ത നിര്‍മാണ മേഖലയ്ക്ക് ഒരു ജനകീയ ബദല്‍ നിര്‍മിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു.

വാഗ്ഭടാനന്ദ ഗുരുദേവന്‍

1925ല്‍ വാഗ്ഭടാനന്ദ ഗുരുദേവന്റെ ആദര്‍ശങ്ങളില്‍ പ്രചോദിതരായ കാരക്കാട് പ്രദേശത്തെ ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്നാണ് ഊരാളുങ്കല്‍ കൂലിവേലക്കാരുടെ പരസ്പരസഹായസംഘം പിറവിയെടുക്കുന്നത്. ജാതിയതയ്ക്കും സാമൂഹിക അസമത്വങ്ങള്‍ക്കുമെതിരെ പോരാടിയ തൊഴിലാളികള്‍ക്ക് തൊഴിലും അന്തസ്സും നല്‍കുക എന്നതായിരുന്നു സംഘത്തിന്റെ പ്രാഥമിക ചരിത്രപരമായ ദൗത്യം.

പാലേരി രമേശന് ഈ പ്രത്യയശാസ്ത്ര അടിത്തറ കുടുംബപരമായി തന്നെ പകര്‍ന്നു ലഭിച്ചതാണ്. യു.എല്‍.സി.സി.എസിന്റെ സ്ഥാപകരിലൊരാളായ പാലേരി ചന്തമ്മന്റെ ചെറുമകനും ദീര്‍ഘകാലം പ്രസിഡന്റായിരുന്ന പാലേരി കണാരന്‍ മാസ്റ്ററുടെ മകനുമായിരുന്ന അദ്ദേഹം.

1984ല്‍ ഒരു സാധാരണ ഓവര്‍സിയറായി ജോലിയില്‍ പ്രവേശിച്ച് തൊഴിലാളികളുടെ വിശ്വാസമാര്‍ജ്ജിച്ച് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് ഉയര്‍ന്നു.

രമേശന്‍ പാലേരി

കാള്‍ മാര്‍ക്‌സ് തന്റെ ‘സാമ്പത്തിക തത്ത്വചിന്താ കുറിപ്പുകളില്‍’ (Economic and Philosophic Manuscripts of 1844) വിശദീകരിച്ച തൊഴിലാളിയുടെ ‘അന്യവത്കരണം’ (Alienation) എന്ന പ്രതിഭാസത്തെ റദ്ദ് ചെയ്യുന്ന ഒരു തൊഴില്‍ സംസ്‌കാരമാണ് അദ്ദേഹം യു.എല്‍.സി.സി.എസിലൂടെ സ്ഥാപിച്ചെടുത്തത്.

മുതലാളിത്ത ഉത്പാദന രീതിയില്‍ തൊഴിലാളി താന്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നത്തില്‍ നിന്നും സ്വന്തം അധ്വാനത്തില്‍ നിന്നും അന്യവത്കരിക്കപ്പെടുമ്പോള്‍, നിര്‍മാണ മേഖലയിലെ കഠിനാധ്വാനത്തെ കേവലം കൂലിവേലയായി കാണാതെ, രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളികളാകുന്ന അഭിമാനകരമായ പ്രവൃത്തിയായി ഉയര്‍ത്തിക്കാട്ടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

തൊഴിലാളികള്‍ കേവലം ഉത്പാദന ഉപകരണങ്ങളല്ല, മറിച്ച് പ്രസ്ഥാനത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥരാണെന്ന സങ്കല്‍പ്പം പ്രായോഗിക തലത്തില്‍ സാക്ഷാത്കരിക്കപ്പെടുകയായിരുന്നു.

1990കളില്‍ ഇന്ത്യയില്‍ നടപ്പിലാക്കപ്പെട്ട നവഉദാരവത്കരണ സാമ്പത്തിക നയങ്ങള്‍ തൊഴിലാളിവര്‍ഗത്തിനും സഹകരണ മേഖലയ്ക്കും കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്.

വിപണിയുടെ അനിയന്ത്രിതമായ ലാഭക്കൊതി, കരാര്‍ തൊഴില്‍വത്കരണം, പൊതുമേഖലയുടെ സ്വകാര്യവത്കരണം, തൊഴിലാളി അവകാശങ്ങളുടെ ധ്വംസനം എന്നിവയായിരുന്നു നവഉദാരവത്കരണത്തിന്റെ സവിശേഷതകള്‍.

സ്വകാര്യ കോര്‍പ്പറേറ്റ് ഏജന്‍സികളും വന്‍കിട നിര്‍മാണ കമ്പനികളും വിപണി കീഴടക്കിയ ഈ പ്രതിസന്ധി ഘട്ടത്തിലാണ് 1995ല്‍ പാലേരി രമേശന്‍ യു.എല്‍.സി.സി.എസിന്റെ അമരത്തെത്തുന്നത്. നവഉദാരവത്കരണം മുന്നോട്ടുവെച്ച ലാഭാധിഷ്ഠിത വ്യക്തികേന്ദ്രീകൃത മാതൃകയ്ക്ക് ബദലായി തൊഴിലാളികളുടെ കൂട്ടായ ഉടമസ്ഥതയിലുള്ള സോഷ്യലിസ്റ്റ് ജനകീയ മാതൃകയെ പ്രതിഷ്ഠിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

വിപണിയിലെ മത്സരശേഷി വര്‍ധിപ്പിക്കുന്നതിനായി ആധുനിക സാങ്കേതികവിദ്യയും പ്രൊഫഷണല്‍ മാനേജ്‌മെന്റും സ്വീകരിക്കുമ്പോഴും, സ്ഥാപനത്തിന്റെ ജനാധിപത്യപരമായ സ്വഭാവവും തൊഴിലാളിക്ഷേമവും അദ്ദേഹം കാത്തുസൂക്ഷിച്ചു.

Photo: ULCSS Foundation

വ്യക്തികേന്ദ്രീകൃതമായ നേതൃത്വ ശൈലിക്ക് പകരം കൂട്ടായ്മയ്ക്കും ജനാധിപത്യപരമായ തീരുമാനങ്ങള്‍ക്കും പരമപ്രാധാന്യം നല്‍കിയ അദ്ദേഹം, സ്ഥാപനത്തിന് നേരെ ഉയര്‍ന്നു വന്ന അടിസ്ഥാനരഹിതമായ വിമര്‍ശനങ്ങളെ സുതാര്യവും അഴിമതിരഹിതവുമായ പ്രവര്‍ത്തനശൈലിയും നിര്‍മാണ മികവും കൊണ്ട് പ്രതിരോധിച്ചു.

ഒരു സാമൂഹിക വ്യവസ്ഥയുടെ വിജയം അതിന്റെ സാമ്പത്തിക ലാഭത്തില്‍ മാത്രമല്ല, മറിച്ച് പാര്‍ശ്വവത്കരിക്കപ്പെട്ടവരോട് പുലര്‍ത്തുന്ന ഉത്തരവാദിത്തത്തിലാണെന്ന മാനവിക കാഴ്ചപ്പാട് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു.

ഭിന്നശേഷിക്കാര്‍ക്കും ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കുമായി യു.എല്‍.സി.സി.എസ് ഫൗണ്ടേഷന് കീഴില്‍ ആരംഭിച്ച പരിശീലന കേന്ദ്രങ്ങളും, വയോജന പരിപാലന കേന്ദ്രങ്ങളായ ‘മടിത്തട്ടും’, പാലിയേറ്റീവ് കെയര്‍ സംരംഭങ്ങളും ഇതിന്റെ തെളിവുകളാണ്.

Photo: ULCCS Ltd

മത്സരാധിഷ്ഠിതമായ മുതലാളിത്ത വിപണിയില്‍ ഒരു തൊഴിലാളി സഹകരണ സംഘത്തിന് എങ്ങനെ അതിജീവിക്കാമെന്നും മുന്നേറാമെന്നും രമേശന്‍ പാലേരി തെളിയിച്ചു. അന്താരാഷ്ട്ര സഹകരണ കൂട്ടായ്മയുടെ (International Co-operative Alliance – ICA) റിപ്പോര്‍ട്ട് പ്രകാരം, വ്യവസായ-ഉപഭോക്തൃ സേവന മേഖലയിലെ ലോകത്തിലെ രണ്ടാമത്തെ വലിയ സഹകരണ സ്ഥാപനമായി യു.എല്‍.സി.സി.എസ് അംഗീകരിക്കപ്പെട്ടു.

നേരിട്ടും പരോക്ഷമായും പതിനെട്ടായിരത്തിലധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന പ്രസ്ഥാനമായി ഇത് മാറിയപ്പോള്‍, ഐ.സി.എയുടെ പ്രാഥമിക അംഗത്വവും ഐക്യരാഷ്ട്രസഭയുടെ (UNDP) പഠന വിഷയവുമാകാന്‍ സൊസൈറ്റിക്ക് കഴിഞ്ഞു.

തലപ്പാടി-ചെങ്കള ആറുവരിപ്പാത, വലിയഴീക്കല്‍ പാലം, പാലാരിവട്ടം പാലം പുനര്‍നിര്‍മാണം തുടങ്ങിയ ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികളിലെ നിര്‍മാണ മികവിന് ദേശീയ പുരസ്‌കാരങ്ങളും സൊസൈറ്റിക്ക് ലഭിക്കുകയുണ്ടായി.

വലിയഴീക്കല്‍ പാലം. Photo: Wikimedia Commons

പരമ്പരാഗത നിര്‍മാണ മേഖലയ്ക്ക് പുറമെ, വിജ്ഞാന സമ്പദ്വ്യവസ്ഥയിലേക്ക് പ്രസ്ഥാനത്തെ നയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള ഏഷ്യയിലെ ആദ്യത്തെ ഐ.ടി പാര്‍ക്കായ യു.എല്‍ സൈബര്‍പാര്‍ക്ക്, യു.എല്‍ ടെക്‌നോളജി സൊല്യൂഷന്‍സ് (ULTS), സര്‍ഗ്ഗാലയ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജ്, കൊല്ലത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ (IIIC) എന്നിവയിലൂടെ നവയുഗ തൊഴില്‍ മേഖലകളിലേക്ക് സ്ഥാപനത്തെ വൈവിധ്യവത്കരിച്ചു.

കേരള സര്‍ക്കാര്‍ നല്‍കിയ ആദ്യ റോബര്‍ട്ട് ഓവന്‍ പുരസ്‌കാരം അടക്കം നിരവധി അംഗീകാരങ്ങള്‍ ലഭിച്ചപ്പോഴും അവയെയെല്ലാം സാധാരണക്കാരായ തൊഴിലാളികള്‍ക്ക് സമര്‍പ്പിച്ച എളിമയായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വം.

രമേശന്‍ പാലേരിയുടെ ജീവിതം കേവലം ഒരു വ്യക്തിഗത വിജയഗാഥയല്ല മറിച്ച് തൊഴിലാളിവര്‍ഗ കൂട്ടായ്മയുടെ പ്രായോഗിക വിജയമാണ്. മാര്‍ക്‌സിയന്‍ ആശയങ്ങളിലെ അന്യവത്കരണമില്ലാത്ത തൊഴിലാളി ലോകവും, വാഗ്ഭടാനന്ദന്റെ സാമൂഹിക പരിഷ്‌കരണ ആശയങ്ങളും, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാങ്കേതികവിദ്യയുമായി സമന്വയിപ്പിച്ചുകൊണ്ട് നവഉദാരവത്കരണ ശക്തികള്‍ക്ക് ബദല്‍ തീര്‍ത്ത പാലേരി രമേശന്റെ ജീവിതം, തൊഴിലാളിവര്‍ഗ സംഘാടനത്തിന്റെയും പ്രാക്‌സിസിന്റെയും ചരിത്രപരമായ വിജയഗാഥയായി നിലകൊള്ളുന്നു.

രമേശന്‍ പാലേരി

നവഉദാരവല്‍ക്കരണത്തിന്റെ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള ഒരു പ്രസ്ഥാനത്തിന് എങ്ങനെ ലോകോത്തര നിലവാരത്തിലേക്ക് ഉയരാമെന്ന് അദ്ദേഹം കാണിച്ചുതന്നു.

മാര്‍ക്‌സിയന്‍ ആശയങ്ങളിലെ അന്യവത്കരണമില്ലാത്ത തൊഴിലാളി ലോകവും വാഗ്ഭടാനന്ദന്റെ ആദര്‍ശങ്ങളും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാങ്കേതികവിദ്യയുമായി സമന്വയിപ്പിച്ച ആ കര്‍മയോഗിയുടെ നാമം സഹകരണ പ്രസ്ഥാന ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടും.

Content highlight: Dr. Najeeb V.R. writes, remembering Ramesan Paleri.

ഡോ. നജീബ് വി.ആര്‍
റിസേർച്ച് കോ-ഓർഡിനേറ്റർ, യുഎൽ റിസർച്ച് സെന്റർ