വേണ്ടി വന്നാൽ എന്തും ചെയ്യും, ഒരുത്തനെ കൊല്ലാനും എനിക്ക് മടിയില്ല: ഡോളി ജൂൺ
Malayalam Cinema
വേണ്ടി വന്നാൽ എന്തും ചെയ്യും, ഒരുത്തനെ കൊല്ലാനും എനിക്ക് മടിയില്ല: ഡോളി ജൂൺ
കെ.എസ് ഷാബിന
Saturday, 27th June 2026, 10:38 am

‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സെൻസേഷണൽ ഹിറ്റിനു ശേഷം ചിദംബരം സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘ബാലൻ ദി ബോയ്’. സംവിധായകന്റെ പേരിനൊപ്പം തന്നെ സിനിമയിലെ കഥാപാത്രങ്ങളും അതിൽ അഭിനയിച്ച പുതുമുഖങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.

കൂട്ടത്തിൽ, സിനിമയിൽ തോക്കും പിടിച്ച് വീൽചെയറിൽ പറക്കുന്ന അമ്മാമ്മയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. 76 വയസ്സുകാരിയായ ഡോളി ജൂൺ എന്ന അമ്മയാണ് ‘ബാലൻ’ എന്ന ചിത്രത്തിലെ തന്റേടിയായ ഈ അമ്മമ്മ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.

ഡോളി ജൂൺ.ബാലൻ ദി ബോയ്.Photo:Mathrubhumi

തന്റെ വീടിന്റെ പരിസരത്ത് വരുന്നവരെയൊക്കെ തോക്ക് ചൂണ്ടി പേടിപ്പിക്കുന്ന ഈ അമ്മാമ്മ, മാധ്യമങ്ങൾക്ക് നൽകുന്ന ‘തഗ്’ മറുപടികളിലൂടെയാണ് ഇപ്പോൾ വൈറലാകുന്നത്. സിനിമയിലെ കഥാപാത്രത്തെപ്പോലെ തന്നെയാണ് താൻ യഥാർത്ഥ ജീവിതത്തിലും എന്നാണ് ‘സൈന സൗത്ത് പ്ലസ്’ ചാനലിന് നൽകിയ അഭിമുഖത്തിൽ ഡോളി ജൂൺ വ്യക്തമാക്കുന്നത്.

‘എനിക്ക് ബ്രാണ്ടി ഇവിടെ ആളുകൾ കൊണ്ടുവന്നു തരാറുണ്ട്, ഞാൻ രണ്ടെണ്ണം അടിക്കുകയും ചെയ്യും. അതിലെന്താ ഇത്ര തെറ്റ്? നല്ല ദേഷ്യം വരുമ്പോഴോ മക്കളുമായി എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോഴോ ഞാൻ അടിക്കും. പെൺമക്കൾക്കൊന്നും ഇത് ഇഷ്ടമല്ല; ഞാൻ കുടിക്കുന്നതും പുകവലിക്കുന്നതുമൊന്നും അവർക്ക് താല്പര്യമില്ല.

ഡോളി ജൂൺ.ബാലൻ ദി ബോയ്.Photo:Screengrab/Youtube/Saina south plus

എനിക്കിപ്പോൾ വലിക്കണം എന്ന് തോന്നിയാൽ അതിന് ഞാൻ മറ്റൊരാളുടെ കാശ് മുടക്കേണ്ട കാര്യമില്ലല്ലോ? തോന്നിയാൽ ഞാൻ ചെയ്യും, അത്രയേ ഉള്ളൂ. വേണ്ടി വന്നാൽ ഞാൻ എല്ലാം ചെയ്യും, ഒരുത്തനെ കൊല്ലണമെങ്കിൽ കൊല്ലും, അതിലൊന്നും എനിക്ക് ഒരു മടിയുമില്ല. സന്ദർഭം വന്നാൽ ഞാൻ ചെയ്യും’ഡോളി ജൂൺ പറയുന്നു.

കൊച്ചുമകനൊപ്പം ഇൻസ്റ്റാഗ്രാമിൽ ചെയ്ത റീലുകളിലൂടെയാണ് ഡോളി ജൂൺ പ്രേക്ഷകർക്ക് മുന്നിൽ ശ്രദ്ധിക്കപ്പെടുന്നത്. ആ റീലുകളാണ് അവരെ ‘ബാലൻ’ എന്ന ചിത്രത്തിലേക്ക് എത്തിച്ചതും. സ്വന്തം ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ച് മാത്രമാണ് താൻ ജീവിക്കുന്നതെന്നും, ജീവിതത്തിൽ എന്ത് സാഹചര്യം വന്നാലും നേരിടാൻ തനിക്ക് ഭയമില്ലെന്നും ഈ 76-കാരി കൂട്ടിച്ചേർത്തു.

Content Highlight: Dolly June talks about her character in Balan movie

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.