'അവരെ കാണാന്‍ തീവ്രവാദികളെ പോലെയുണ്ടോ? ബി.ജെ.പി ഉപദ്രവം തുടരുകയാണ്'; കര്‍ഷകര്‍ക്കെതിരായ എന്‍.ഐ.എ നോട്ടീസില്‍ അമരീന്ദര്‍ സിംഗ്
national news
'അവരെ കാണാന്‍ തീവ്രവാദികളെ പോലെയുണ്ടോ? ബി.ജെ.പി ഉപദ്രവം തുടരുകയാണ്'; കര്‍ഷകര്‍ക്കെതിരായ എന്‍.ഐ.എ നോട്ടീസില്‍ അമരീന്ദര്‍ സിംഗ്
ന്യൂസ് ഡെസ്‌ക്
Tuesday, 19th January 2021, 8:48 am

അമൃത്‌സര്‍: കര്‍ഷക നേതാക്കള്‍ക്കെതിരെ എന്‍.ഐ.എ നോട്ടീസ് അയച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിന് പകരം കര്‍ഷകരെ ഉപദ്രവിക്കുന്നത് തുടരുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.

‘കാര്‍ഷിക വിരുദ്ധ നിമയങ്ങള്‍ക്കെതിരെ പോരാടുന്നതിനിടെ നിരവധി കര്‍ഷകര്‍ക്കും കര്‍ഷകരെ പിന്തുണയ്ക്കുന്നവര്‍ക്കുമെതിരെ എന്‍.ഐ.എ നോട്ടീസ് അയച്ച സംഭവത്തെ ഞാന്‍ അപലപിക്കുന്നു. നമ്മുടെ കര്‍ഷകരെ കാണാന്‍ തീവ്രവാദികളെ പോലെയുണ്ടോ? പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിന് പകരം ബി.ജെ.പി കര്‍ഷകരെ ഉപദ്രവിക്കുന്നത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്,’ അമരീന്ദര്‍ സിംഗ് പറഞ്ഞു.

കര്‍ഷക സമരം അട്ടിമറിക്കുന്നതിന്റെ ഭാഗമായാണ് എ.എന്‍.ഐയുടെ ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.

എന്‍.ഐ.എയുടെ നേതൃത്വത്തിലുള്ള ഉപദ്രവങ്ങളുടെ വെറിക്കൂത്താണ് കര്‍ഷകര്‍ക്ക് നേരെ സര്‍ക്കാര്‍ നടത്തുന്നതെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞിരുന്നു. പ്രതിഷേധിക്കുന്ന കര്‍ഷകരേയും പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകരേയും സര്‍ക്കാര്‍ അറസ്റ്റ് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംയുക്ത കര്‍ഷക മോര്‍ച്ച നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ ഉള്‍പ്പെടെ 12 ലധികം ആളുകള്‍ക്കാണ് എന്‍.ഐ.എ നോട്ടീസ് അയച്ചത്.

യു.എ.പി.എ, രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് 2020 ഡിസംബര്‍ 15 ന് സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയ്‌ക്കെതിരെ ദല്‍ഹിയില്‍ എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ്.

കര്‍ഷക പ്രതിഷേധം തകര്‍ക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമത്തിന്റെ ഭാഗമാണ് എന്‍.ഐ.എയുടെ ഇടപെടലെന്ന് കര്‍ഷകര്‍ പറഞ്ഞിരുന്നു.

എന്‍.ഐ.എയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ബല്‍ദേവ് സിംഗ് സിര്‍സ പറഞ്ഞിരുന്നു.

കര്‍ഷകരുമായി കേന്ദ്രം നടത്താനിരുന്ന പത്തംഘട്ട ചര്‍ച്ച ജനുവരി 20ലേക്ക് മാറ്റി. കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നല്‍കിയ ഹരജികളില്‍ സുപ്രീംകോടതി നാളെ തുടര്‍വാദം കേള്‍ക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ നീക്കം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Do they look like terrorists? Amarinder Singh to BJP on NIA sent notice against farmers