ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ പി. ചിദംബരവും ഡി.കെ ശിവകുമാറും തീഹാര്‍ ജയിലില്‍ അടുത്തടുത്ത മുറികളിലെന്ന് റിപ്പോര്‍ട്ട്.

ഇന്ന് രാവിലെ ആര്‍.എം.ആല്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായ ഡി.കെ ശിവകുമാറിനെ തീഹാര്‍ ജയിലില്‍ എത്തിച്ചിരുന്നു.

തീഹാര്‍ ജയിലിലെ, ജയില്‍ നമ്പര്‍ 7 ലേക്കാണ് ശിവകുമാറിനെ കൊണ്ടുപോയത്. സെപ്റ്റംബര്‍ അഞ്ച് മുതല്‍ ജയില്‍ നമ്പര്‍ 7 ല്‍ തന്നെയാണ് ചിദംബരവും കഴിയുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രത്യേകം ചിലര്‍ക്കായി അനുവദിക്കുന്ന മുറിയാണ് തിഹാര്‍ ജയിലിലെ ജയില്‍ നമ്പര്‍ 7. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള അല്ലെങ്കില്‍ വിചാരണ നേരിടുന്ന കുറ്റവാളികളെയാണ് ഇവിടെ പ്രവേശിപ്പിക്കാറ്.

എന്നാല്‍, ജയിലില്‍ വച്ച് ചിദംബരം ഡി കെ ശിവകുമാറിനെ കാണാനോ സംസാരിക്കാനോ സാധ്യതയില്ലെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

കശ്മീര്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക്, ബ്രിട്ടീഷ് വ്യവസായിയും അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടനിലക്കാരനുമായ ക്രിസ്റ്റ്യന്‍ മൈക്കല്‍, കോര്‍പ്പറേറ്റ് ലോബിയിസ്റ്റ് ദീപക് തല്‍വാര്‍ എന്നിവരെയും നേരത്തെ ജയില്‍ നമ്പര്‍ 7 ല്‍ പാര്‍പ്പിച്ചിട്ടുണ്ട്.

ഐ.എന്‍.എക്‌സ് മീഡിയ കേസുമായി ബന്ധപ്പെട്ട് ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ സി.ബി.ഐ കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തതിന് ശേഷം ഇതേ ജയിലിലായിരുന്നു പാര്‍പ്പിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സമെന്റ് ഡയരക്ട്രേറ്റ് അറസ്റ്റു ചെയ്ത ശിവകുമാറിനെ കോടതി 14 ദിവസത്തേക്കാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ശിവകുമാറിനെ ആദ്യം ആശുപത്രിയില്‍ എത്തിക്കണമെന്നും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്ന അവസരത്തില്‍ മാത്രമേ തീഹാര്‍ ജയിലിലേക്ക് അയക്കാവൂ എന്നുമായിരുന്നു പ്രത്യേക കോടതി ജഡ്ജി ഉത്തരവിട്ടത്. ഒക്ടോബര്‍ 1 വരെ അദ്ദേഹം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും.

അറസ്റ്റിനുശേഷം, നെഞ്ചുവേദന, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ശിവകുമാറിനെ ആര്‍.എം.എല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജയിലില്‍ കഴിയുന്ന അവസരത്തില്‍ ഡി.കെ ശിവകുമാറിന്റെ ആരോഗ്യസ്ഥിതി കൃത്യമായി ശ്രദ്ധിക്കണമെന്ന് കോടതി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.