തിരുവനന്തപുരം: സൈബര്‍ ഇടങ്ങളിലെ കോണ്‍ഗ്രസ് അണികള്‍ക്ക് മറുപടിയുമായി ദിവ്യ എസ്. അയ്യര്‍. വിഴിഞ്ഞം തുറമുഖ പദ്ധതി ട്രയല്‍ റണ്‍ ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച ദിവ്യ എസ്. അയ്യര്‍ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും അണികള്‍ക്കുമുള്ള ഇന്‍സ്റ്റഗ്രാമിലെ പരോക്ഷമായ ദിവ്യയുടെ മറുപടി പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

‘വെറുതെ ഒരു ഭാര്യ അല്ല’ എന്ന തലക്കെട്ടോട് കൂടിയാണ് ദിവ്യ എസ്. അയ്യര്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പങ്കാളിയും കോണ്‍ഗ്രസ് നേതാവുമായ ശബരീനാഥിനൊപ്പം നില്‍ക്കുന്ന ചിത്രത്തോട് കൂടിയാണ് പോസ്റ്റ്.

വന്‍കിട പദ്ധതികള്‍ കടലാസിലൊതുങ്ങുന്ന കാലം കേരളം മറന്നുവെന്നും അസാധ്യമായത് യാഥാര്‍ത്ഥ്യമായ കാലമാണിതെന്നുമായിരുന്നു ദിവ്യയുടെ പരാമര്‍ശം. ഇതിനെതിരെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്.

പ്രായവും അനുഭവവും ചെറുതായതുകൊണ്ടാവാം ധാരണ പിശക് സംഭവിച്ചത്…തിരുത്തുമല്ലോ എന്നായിരുന്നു കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ ഡോ. എസ്. സരിന്റെ പ്രതികരണം.

‘മിടുക്കരായ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ കേരളത്തില്‍ പണിയെടുത്തിട്ടുണ്ട്. അവരോട് ചോദിച്ച് നോക്കിയാല്‍ മതി, പറഞ്ഞു തരും. കേരളത്തെ നയിച്ച ദീര്‍ഘവീക്ഷണമുള്ള മുഖ്യമന്ത്രിമാരുടെ പേരുകള്‍. പ്രായവും അനുഭവവും ചെറുതായതുകൊണ്ടാണ് ഇത്തരം ധാരണപിശകുകള്‍ ഉണ്ടാകുന്നത്. തിരുത്തുമല്ലോ,’ എന്നാണ് ദിവ്യയെ വിമര്‍ശിച്ച് സരിന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് സമൂഹ മാധ്യങ്ങളില്‍ വന്നിരുന്നത്. സരിന്റെതടക്കമുള്ള പ്രതികരണങ്ങള്‍ക്കുള്ള മറുപടിയാണ് വിഴിഞ്ഞം സീ പോര്‍ട്ട് എം.ഡി കൂടിയായ ദിവ്യയുടെ ഇപ്പോഴത്തെ പോസ്റ്റ്.

ഈ പോസ്റ്റിന് താഴെയും കോണ്‍ഗ്രസ് അണികള്‍ സൈബര്‍ ആക്രമണം തുടരുകയാണ്. പ്രസംഗത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് പ്രകീര്‍ത്തിക്കാത്തതാണ് കോണ്‍ഗ്രസ് നേതാക്കളെ ചൊടിപ്പിച്ചത്.

Content Highlight: Divya S. Iyer replied to Congress workers in cyber space