ഡൊമിനിക് അരുണിന്റെ ലോക ചാപ്റ്റർ വൺ: ചന്ദ്ര എന്ന ചിത്രത്തിലൂടെ പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധിക്കപ്പെട്ട നടിയാണ് കല്ല്യാണി.
സംവിധായകൻ പ്രിയദർശന്റെ മകൾ എന്നതിലുപരി സ്വന്തം കഴിവ് കൊണ്ട് ഉയർന്നുവന്ന നടിയായി കല്ല്യാണി ഇതിനകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ കല്യാണിയെ കുറിച്ചും ലോക സിനിമയെ കുറിച്ചും പ്രിയദർശൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
‘കല്ല്യാണി അവളുടെ സിനിമകൾ ഒന്നും ഞാനുമായി ചർച്ച ചെയ്യാറില്ല. ഞാനും എന്റെ സിനിമകൾ കല്ല്യാണിയുമായി ചർച്ച ചെയ്യാറില്ല. കാരണം അവൾ പുതിയ തലമുറയുടെ ആളാണ് അവർക്ക് അവരുടേതായ സിനിമാ രീതികൾ ഉണ്ട്.
അതേസമയം ഞാൻ കുറച്ച് ഓൾഡ് സ്കൂൾ ആണ്. അതുകൊണ്ട് തന്നെ ഞങ്ങൾ മറ്റെല്ലാം ഡിസ്‌കസ് ചെയ്യാറുണ്ട്, പക്ഷെ സിനിമയെ കുറിച്ച് ഇല്ല.
രണ്ട് രീതിയിലും ലോക എനിക്ക് ഇഷ്ടമായി. ഒരു അച്ഛൻ എന്ന നിലയിൽ എനിക്ക് ഒരുപാട് അഭിമാനം തോന്നി, കാരണം കല്ല്യാണി വളരെ മികച്ച രീതിയിലാണ് ഈ സിനിമ ചെയ്തിരിക്കുന്നത്.
കല്ല്യാണി ഒരിക്കലും ക്യാമറക്ക് മുന്നിലേക്ക് വരില്ല എന്ന് കരുതിയിരുന്ന ഒരാളാണ് ഞാൻ, കാരണം അവൾ ഒരിക്കലും സിനിമ സെറ്റുകളിൽ വരുന്നത് പോലും ഇഷ്ടപ്പെട്ടിരുന്ന ഒരാളല്ല.
അതിന് ശേഷം അവൾ ആർക്കിടെക്ചർ പഠിച്ചു. അങ്ങനെ പോകുന്നതിനിടയിൽ ഒരു ദിവസം നാഗാർജുന വിളിച്ചിട്ട് അവളെ ഒരു സിനിമയുടെ ഭാഗമാക്കുന്നതിനെപ്പറ്റി സംസാരിച്ചു. അപ്പോഴും ഞാൻ പറഞ്ഞത് അവൾക്ക് അഭിനയിക്കാൻ പറ്റില്ല എന്നാണ്. പക്ഷെ അപ്പോൾ കല്ല്യാണി ചോദിച്ചു ‘എന്തുകൊണ്ട് ഒന്ന് ട്രൈ ചെയ്ത് നോക്കികൂടാ?’ എന്ന്
അവൾക്ക് എന്തായാലും നഷ്ടപ്പെടാൻ ഒന്നുമില്ലല്ലോ. ഇതിൽ സക്സസ് ആയില്ലെങ്കിൽ തിരികെ ആർക്കിടെക്ചറിലേക്ക് പോകും എന്നൊരു നിലപാടിലായിരുന്നു അവൾ.
അങ്ങനെയാണ് കല്ല്യാണി സിനിമയിലേക്ക് വന്നത്. അവിടുന്ന് ഇന്ന് കാണുന്ന രീതിയിലേക്ക് എത്തിയതിൽ ഒരുപാട് സന്തോഷമുണ്ട്,’ പ്രിയദർശൻ പറഞ്ഞു.
തെലുങ്ക് ചിത്രമായ ഹലോയിലൂടെ കരിയർ ആരംഭിച്ച കല്യാണി, അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. തല്ലുമാല, ഹൃദയം, ആന്റണി എന്നീ സിനിമകളിലെ താരത്തിന്റെ വേഷങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.