ഇത്രയും തങ്കപ്പെട്ട മനുഷ്യന്‍ വേറെയില്ല, 50 ദിവസത്തോളം അഭിനയിച്ചതിന് ഒരുലക്ഷമായിരുന്നു വിക്രമിന് നല്‍കിയത്: ദിനേശ് പണിക്കര്‍
Malayalam Cinema
ഇത്രയും തങ്കപ്പെട്ട മനുഷ്യന്‍ വേറെയില്ല, 50 ദിവസത്തോളം അഭിനയിച്ചതിന് ഒരുലക്ഷമായിരുന്നു വിക്രമിന് നല്‍കിയത്: ദിനേശ് പണിക്കര്‍
അമര്‍നാഥ് എം.
Friday, 24th July 2026, 8:43 am

നടന്‍, നിര്‍മാതാവ് എന്നീ മേഖലകളില്‍ ശ്രദ്ധ നേടിയ വ്യക്തിയാണ് ദിനേശ് പണിക്കര്‍. മലയാളത്തിലെ എവര്‍ഗ്രീന്‍ ക്ലാസിക്കായ കിരീടത്തിന്റെ സഹനിര്‍മാതാവായിക്കൊണ്ടായിരുന്നു ദിനേശ് സിനിമാലോകത്തേക്ക് കടന്നുവന്നത്. കിരീടത്തിന് ശേഷം ഒരുപിടി സിനിമകള്‍ നിര്‍മിച്ച അദ്ദേഹം അഭിനേതാവായാണ് പിന്നീട് സിനിമാലോകത്ത് തന്റെ സാന്നിധ്യമറിയിച്ചത്.

ദിനേശ് പണിക്കര്‍ നിര്‍മിച്ച സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു രജപുത്രന്‍. സുരേഷ് ഗോപിയെ നായകനാക്കി ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത് 1996ല്‍ പുറത്തിറങ്ങിയ ചിത്രം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ചിത്രത്തില്‍ സുരേഷ് ഗോപിക്കൊപ്പം തമിഴ് താരം വിക്രമും പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നു.

വിക്രമിനെക്കുറിച്ച് സംസാരിക്കുകയാണ് ദിനേശ് പണിക്കര്‍. താന്‍ ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും തങ്കപ്പെട്ട മനുഷ്യനാണ് വിക്രമെന്ന് അദ്ദേഹം പറയുന്നു. അന്ന് വിക്രം വലിയ സ്റ്റാറല്ലായിരുന്നെന്നും സിനിമയോട് അതിയായ പാഷന്‍ അയാള്‍ക്കുണ്ടായിരുന്നെന്നും ദിനേശ് പണിക്കര്‍ കൂട്ടിച്ചേര്‍ത്തു. മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പഞ്ചപ്പാവമാണ് വിക്രം. ആ സിനിമ ഞാന്‍ കംപ്ലീറ്റ് ചെയ്തത് 62 ദിവസം കൊണ്ടാണ്. അതില്‍ 50 ദിവസത്തോളം വിക്രം അഭിനയിച്ചിട്ടുണ്ടായിരുന്നു. എന്നെ വലിയ കാര്യമായിരുന്നു. എപ്പോള്‍ കണ്ടാലും ‘ചേട്ടാ, ചേട്ടാ’ എന്ന് വിളിച്ച് അടുത്തേക്ക് വരും. വിക്രമിന്റെ റോളിലേക്ക് ആദ്യം ഉദ്ദേശിച്ചത് തമിഴ് നടന്‍ പ്രശാന്തിനെയായിരുന്നു. പക്ഷേ, അയാളുടെ പ്രതിഫലം നമുക്ക് താങ്ങാന്‍ പറ്റാത്തതായിരുന്നു. അങ്ങനെയാണ് വിക്രമിലേക്കെത്തിയത്.

മലയാളത്തില്‍ ഒരുപാട് സിനിമകള്‍ ചെയ്യണമെന്ന് അയാള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. 50 ദിവസം അഭിനയിച്ചതിന് അന്ന് വിക്രമിന് നല്‍കിയ പ്രതിഫലം ഒരുലക്ഷം രൂപയായിരുന്നു. ഇന്ന് അദ്ദേഹം സൂപ്പര്‍സ്റ്റാറാണ്. ഈയടുത്ത് ഒരു അഭിമുഖത്തില്‍ മലയാളത്തില്‍ വര്‍ക്ക് ചെയ്തതിനെക്കുറിച്ച് വിക്രമിനോട് ചേദിച്ചിട്ടുണ്ടായിരുന്നു.

ഇവിടുത്തെ ഫേവറെറ്റ് ആളുകളെ അയാള്‍ എടുത്തുപറഞ്ഞു. ഒന്നിച്ച് വര്‍ക്ക് ചെയ്തതില്‍ ഇഷ്ടപ്പെട്ട സംവിധായകന്‍ ജോഷിയാണെന്ന് പറഞ്ഞു. മറക്കാനാകാത്ത പ്രൊഡ്യൂസര്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ എന്റെ പേരായിരുന്നു വിക്രം പറഞ്ഞത്. ഒത്തിര സന്തോഷമായി അത് കേട്ടപ്പോള്‍,’ ദിനേശ് പണിക്കര്‍ പറയുന്നു.

Content Highlight: Dinesh Panicker shares the experience of working with Vikram

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം