കിലുക്കത്തിലൂടെ ബാലതാരമായി ക്യാമറയ്ക്ക് മുമ്പിലെത്തുകയും വര്‍ഷങ്ങള്‍ക്കിപ്പുറം 2022ല്‍ പത്രോസിന്റെ പടപ്പുകള്‍ എന്ന ചിത്രത്തിലെ അരുണ്‍ എന്ന കഥാപാത്രമായി സിനിമയിലേക്ക് തിരിച്ചെത്തുകയും ചെയ്ത അഭിനേതാവാണ് ശ്യാം മോഹന്‍. ഗിരീഷ് എഡിയുടെ സംവിധാനത്തില്‍ 2024ല്‍ പുറത്തിറങ്ങിയ പ്രമലു എന്ന ഹിറ്റ് ചിത്രത്തിലെ ആദി എന്ന കഥാപാത്രം താരത്തിന് വലിയ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തിരുന്നു. പ്രശസ്ത സംവിധായകന്‍ എസ്.എസ് രാജമൗലി അടക്കം ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തെ കുറിച്ച് പ്രശംസ അറിയിച്ചിരുന്നു.

Photo: Bhavan Studios/ Youtube.com

ഗിരീഷ് എ.ഡിയുടെ തന്നെ സംവിധാനത്തില്‍ ഓണം റിലീസായെത്തിയ ബെത്ലഹേം കുടുംബ യൂണിറ്റിലെ ഹരി ചാക്യാരായുള്ള ശ്യാമിന്റെ പെര്‍ഫോമന്‍സാണ് ഇപ്പോള്‍ സിനിമാലോകത്ത് കൈയടി വാങ്ങുന്നത്. 250 കോടിയും കടന്ന് തിയേറ്ററുകളില്‍ മുന്നേറുന്ന ചിത്രം വലിയ വിജയമാണ് ഇതിനോടകം നേടിയിരിക്കുന്നത്. തിയേറ്ററുകളില്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ശ്യാമിന്റെ കഥാപാത്രം പ്രേമലുവിന് ശേഷം താരത്തിന്റെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു വേഷമായിരുന്നു എന്ന പ്രത്യേകതയും ഉണ്ട്.

ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചതിന് പിന്നാലെ റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ പ്രേമലുവിന് ശേഷമുള്ള തന്റെ കരിയറിനെ കുറിച്ച് സംസാരിക്കുകയാണ് ശ്യാം മോഹന്‍. അത്രയും വലിയ ചിത്രത്തിന്റെ ഭാഗമായതിന് ശേഷം തന്റെ കരിയറില്‍ അത്ര നല്ല സമയമായിരുന്നില്ലെന്ന് പറയുകയാണ് താരം.

‘പ്രേമലു മുതല്‍ ബെത്ലഹേം വരെ എനിക്ക് അത്ര നല്ല സമയമായിരുന്നില്ല. കാരണം അതിന് ശേഷം ചെയ്ത ചിത്രങ്ങളിലെ കഥാപാത്രത്തെ പ്രേമലുവിലെ ആദിയുമായാണ് താരതമ്യം ചെയ്യുന്നത്. ഞാന്‍ ചെയ്ത മറ്റൊരു ചിത്രത്തിന്റെ തിയേറ്റര്‍ വിസിറ്റിന് പോയപ്പോള്‍ കൊള്ളാം മോനെ പക്ഷേ പ്രേമലുവിന്റെ അത്ര എത്തിയില്ല എന്നായിരുന്നു ഒരു അമ്മ പറഞ്ഞത്. അത്രയും വലിയൊരു ചിത്രത്തില്‍ അങ്ങനെയൊരു ക്യാരക്ടര്‍ ചെയ്തതിന്റെ കംപാരിസണ്‍ എപ്പോഴും ഉണ്ടാകും.

ശ്യാം മോഹന്‍. Photo: X.com

പക്ഷേ പ്രമുവിന് ശേഷം പരമാവധി അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യേണ്ട എന്നൊരു തീരുമാനം ഞാന്‍ എടുത്തിരുന്നു. അതേ റൂട്ടിലുള്ള കഥാപാത്രങ്ങള്‍ പലതും വന്നിരുന്നു. ബോയ്ഫ്രണ്ട് ആയിട്ടുള്ള ചൊറിയനായിട്ടുള്ള ആള്‍, ഓഫീസിലെ സുന്ദരനായ ആള്‍ തുടങ്ങിയ പരിപാടികള്‍ക്കാണ് കൂടുതലും എന്നെ വിളിച്ചിരുന്നത്. അതൊക്കെ ഞാന്‍ ഒഴിവാക്കി വിട്ടിട്ടുണ്ടായിരുന്നു. വ്യത്യസതമായ കഥാപാത്രങ്ങള്‍ ചെയ്യണം എന്നുള്ള ആഗ്രഹം തന്നെയാണ് ഉള്ളത്. തെലുങ്കില്‍ എനിക്ക് അത്തരം കഥാപാത്രങ്ങള്‍ ലഭിച്ചിരുന്നു. പക്ഷേ മലയാളത്തില്‍ പ്രേമലുവിന് ശേഷം എനിക്ക് ഇപ്പോഴാണ് ഒരു സക്സസ്ഫുള്‍ ചിത്രം ലഭിക്കുന്നത്,’ ശ്യാം മോഹന്‍ പറഞ്ഞു.

Content Highlight: Shyam Mohan talks about his career struggles after Premalu  movie till Bethlehem Kudumba unit