ഇനി ദൈവം മാത്രമേ രക്ഷയുള്ളൂ.... ഫ്‌ളോപ്പ് സ്ട്രീക്ക് അവസാനിപ്പിക്കാന്‍ സൂര്യ ആരംഭിച്ച ട്രെന്‍ഡിന് പിന്നാലെ രവി തേജയും എന്‍.ടി.ആറും
Indian Cinema
ഇനി ദൈവം മാത്രമേ രക്ഷയുള്ളൂ.... ഫ്‌ളോപ്പ് സ്ട്രീക്ക് അവസാനിപ്പിക്കാന്‍ സൂര്യ ആരംഭിച്ച ട്രെന്‍ഡിന് പിന്നാലെ രവി തേജയും എന്‍.ടി.ആറും
അമര്‍നാഥ് എം.
Wednesday, 1st July 2026, 4:30 pm

തമിഴ് സിനിമ കണ്ട എക്കാലത്തെയും വലിയ തിരിച്ചുവരവാണ് സൂപ്പര്‍താരം സൂര്യ നടത്തിയത്. 13 വര്‍ഷത്തോളം നീണ്ടുനിന്ന ഫ്‌ളോപ്പ് സ്ട്രീക്കിന് ഈ വര്‍ഷം താരം അവസാനം കുറിച്ചു. നല്ലൊരു തിയേറ്റര്‍ ഹിറ്റ് ലഭിക്കാതെ ഒരു പതിറ്റാണ്ടോളമായിരുന്നു സൂര്യ കോളിവുഡില്‍ പാടുപെട്ടത്. എന്നാല്‍ അതിന്റെയെല്ലാം പലിശസഹിതം തീര്‍ത്തുകൊണ്ടാണ് കറുപ്പിലൂടെ താരം തിരിച്ചുവന്നത്.

ബോക്‌സ് ഓഫീസില്‍ 350 കോടിക്കടുത്താണ് കറുപ്പ് നേടിയത്. യാതൊരു പ്രതീക്ഷയുമില്ലാതെ വന്ന ചിത്രം വന്‍ വിജയമായി മാറി. തമിഴ്‌നാട്ടില്‍ ഒരുപാട് ആരാധനായലങ്ങളുള്ള കറുപ്പ് സാമിയായാണ് സൂര്യ ഈ ചിത്രത്തില്‍ വേഷമിട്ടത്. കറുപ്പ് സാമിയായിട്ടുള്ള സൂര്യയുടെ പ്രകടനം തന്നെയായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. നീണ്ടകാലത്തെ പരാജയ പരമ്പര ഇല്ലാതാക്കാന്‍ സൂര്യക്ക് വേണ്ടിവന്നത് ഒരു റീജിയണല്‍ ഡെവോഷണല്‍ ചിത്രമായിരുന്നു.

സെയോണ്‍ Photo: Screen grab/ Raaj Kamal Films International

എന്നാല്‍ സൂര്യ മാത്രമല്ല, മറ്റ് പല സൂപ്പര്‍താരങ്ങളും ഇപ്പോള്‍ ഭക്തിമാര്‍ഗത്തിലൂടെയാണ് നടക്കുന്നത്. തമിഴിലെ സൂപ്പര്‍ താരം ശിവകാര്‍ത്തികേയന്‍, തെലുങ്കില്‍ രവി തേജ, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവര്‍ ബോക്‌സ് ഓഫീസില്‍ തിരിച്ചുവരാന്‍ ദൈവത്തെ കൂട്ടുപിടിച്ചിരിക്കുകയാണ്. ഈ മൂന്ന് താരങ്ങളുടെയും വരാനിരിക്കുന്ന സിനിമകളില്‍ ദൈവത്തിന് പ്രധാന റോളുണ്ട്.

ശിവകാര്‍ത്തികേയന്റെ സെയോണ്‍ ആണ് ഇതില്‍ പ്രധാനം. അമരന്റെ വിജയത്തിന് അടുത്ത ദളപതി എന്ന് പലരും വിശേഷിപ്പിച്ച താരമായിരുന്നു ശിവകാര്‍ത്തികേയന്‍. എന്നാല്‍ പിന്നീട് താരത്തിന്റേതായി പുറത്തുവന്ന രണ്ട് ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ വേണ്ടത്ര ശ്രദ്ധ നേടാതെ പോയി. തായ് കിഴവി അണിയിച്ചൊരുക്കിയ ശിവകുമാര്‍ മുരുകേശനാണ് സെയോണിന്റെ സംവിധായകന്‍. മുരുകഭക്തനായാണ് എസ്.കെ ഈ ചിത്രത്തില്‍ വേഷമിടുന്നത്.

ഇരുമുടി Photo: Mythri Movie Makers/ X.com

കൊറോണക്ക് മുമ്പ് അവസാന ഹിറ്റ് ലഭിച്ച രവി തേജയാണ് ലിസ്റ്റിലെ രണ്ടാമത്തെ നടന്‍. സമീപകാലത്ത് കൈവെച്ചതെല്ലാം ഫ്‌ളോപ്പായ രവി തേജയുടെ പുതിയ ചിത്രമാണ് ഇരുമുടി. അയ്യപ്പഭക്തനായി മാസ് മഹാരാജ പ്രത്യക്ഷപ്പെടുന്ന ചിത്രം ഹിറ്റാകുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഖുഷി, മജിലി തുടങ്ങിയ ചിത്രങ്ങളൊരുക്കിയ ശിവ നിര്‍വാണയാണ് ഇരുമുടിയുടെ സംവിധായകന്‍.

ആര്‍.ആര്‍.ആറിലൂടെ ലഭിച്ച റീച്ച് വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാനാകാത്ത ജൂനിയര്‍ എന്‍.ടി.ആറും ദൈവത്തെ കൂട്ടുപിടിക്കാനൊരുങ്ങുകയാണ്. കരിയറില്‍ വലിയ ഹിറ്റുകള്‍ സമ്മാനിച്ച ത്രിവിക്രത്തിനൊപ്പം താരക് കൈകോര്‍ക്കുന്ന ചിത്രം കഴിഞ്ഞദിവസം അനൗണ്‍സ് ചെയ്തിരുന്നു. മുരുകനെ ആസ്പദമാക്കി ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന് ‘ഗോഡ് ഓഫ് വാര്‍’ എന്നാണ് ടാഗ്‌ലൈന്‍.

‘ഗോഡ് ഓഫ് വാര്‍’ Photo: Cine holic/ X.com

സൂര്യ ആരംഭിച്ച ദൈവം ട്രെന്‍ഡ് മറ്റ് താരങ്ങളും ഏറ്റെടുത്തതാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. ഇത്തരം കഥകള്‍ വിശ്വസനീയമായ രീതിയില്‍ ഒരുക്കുക എന്ന വെല്ലുവിളിയാണ് എല്ലാ സംവിധായകരും നേരിടാന്‍ പോകുന്നത്.

Content Highlight: Devotional trend following by Ravi Teja and Jr NTR after Karuppu Success

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം