വൈറസ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ദീപ തോമസ്. ഹോം, മോഹൻകുമാർ ഫാൻസ്, സുലൈഖ മൻസിൽ,പെരുമാനി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കഥാപത്രങ്ങൾ താരം അവതരിപ്പിച്ചിട്ടുണ്ട്.
സിനിമയിൽ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളോടും അനീതികളോടും ശക്തമായി പ്രതികിച്ചതിൽ അഭിമാനമുണ്ടെന്ന് തുറന്ന് പറയുകയാണ് നടി ദീപ തോമസ്. വേദനിപ്പിക്കപ്പെടുകയും മാനിപ്പുലേറ്റ് ചെയ്യപ്പെടുകയും ചെയ്തപ്പോഴെല്ലാം താൻ ശക്തമായി പ്രതികിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. വനിതക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
മലയാള സിനിമയിലെത്തിയിട്ട് ഏഴ് വർഷമായെങ്കിലും ഇതുവരെ ഏഴ് സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. അനീതികൾക്കെതിരെ പ്രതികിച്ചതുകൊണ്ടാണ് സിനിമയിൽ അവസരങ്ങൾ കുറഞ്ഞതെന്ന് താൻ ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നും ദീപ വ്യക്തമാക്കി. തനിക്ക് വേണ്ടി മാത്രമല്ല, തനിക്കൊപ്പമുള്ളവർക്കു വേണ്ടിയും ഇനിയും ശക്തമായി നിലകൊള്ളാനാണ് ആഗ്രഹമെന്നും താരം പറഞ്ഞു.
‘സിനിമയിൽ പ്രതികരിച്ചതിന്റെ പേരിൽ നിരവധി വിമർശനങ്ങളും സൈബർ ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതെല്ലാം അതിജീവിച്ച് ഇന്ന് സ്വയം തെളിയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. വ്യത്യസ്തമായ പുതിയ അവസരങ്ങൾ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്,’ താരം കൂട്ടിച്ചേർത്തു.
സിനിമയിലേക്കുള്ള തന്റെ തുടക്കത്തെക്കുറിച്ചും ദീപ സംസാരിച്ചു.
‘ഫഹദ് ഫാസിൽ നായകനായ ‘ട്രാൻസ്’ സിനിമയിലാണ് ആദ്യമായി മുഖം കാണിച്ചത്. ഫഹദിനൊപ്പം സ്ക്രീൻ സ്പേസ് ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അദ്ദേഹമാണ് തനിക്ക് ഏറ്റവും കൂടുതൽ പ്രചോദനം നൽകിയ നടൻ. പരിചയമുള്ള അസിസ്റ്റന്റ് ഡയറക്ടർ വഴിയാണ് ‘ട്രാൻസി’ൽ ഒരു സീനിൽ മുഖം കാണിക്കാൻ അവസരം ലഭിച്ചത്. ചിത്രത്തിന്റെ സെറ്റിൽവെച്ച് ഫഹദിനൊപ്പം ഫോട്ടോ എടുക്കാനും സാധിച്ചു,’ദീപ തോമസ് പറഞ്ഞു.
സിനിമയിൽ മോശം അനുഭവങ്ങൾ നേരിടുമ്പോൾ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയാണ് തനിക്ക് കരുത്തായതെന്നും ദീപ പറഞ്ഞു. പുതിയതായി ഏതെങ്കിലും മേഖലയിലേക്ക് എത്തുന്നവർ ആ രംഗത്തെ നല്ലതും ചീത്തയുമായ വശങ്ങൾ മനസിലാക്കണമെന്നും മോശം അനുഭവങ്ങൾ ഉണ്ടായാലും പിന്നോട്ടുപോകരുതെന്നും താരം കൂട്ടിച്ചേർത്തു.
Content Highlight: Deepa Thomas opens up about the harassment she faced in the film industry