മോഡൽ, അഭിനേത്രി എന്നീ നിലകളിൽ ശ്രദ്ധേയയായ താരമാണ് ദീപ തോമസ്. മലയാളം വെബ് സീരീസ് ആയ കരിക്ക് ലൂടെയാണ് താരം പ്രേക്ഷകശ്രദ്ധ നേടുന്നത്. 2019-ൽ പുറത്തിറങ്ങിയ വൈറസ് എന്ന ചിത്രത്തിലൂടെയായിരുന്നു ദീപയുടെ സിനിമാ അരങ്ങേറ്റം. തുടർന്ന് ട്രാൻസ്, മോഹൻ കുമാർ ഫാൻസ്, ഹോം തുടങ്ങിയ ചിത്രങ്ങളിലും താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഹോം എന്ന ചിത്രത്തിൽ ദീപ അവതരിപ്പിച്ച പ്രിയ എന്ന കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു.
ദീപ തോമസ്. Photo. Screen grab/Youtube
വെങ്കിടേഷ് മഹാ സംവിധാനം ചെയ്ത റോ ബഹാദൂർ എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമയിലേക്കും അരങ്ങേറ്റം കുറിച്ച താരം, അവിടെയും മികച്ച പ്രേക്ഷകപ്രശംസയാണ് പിടിച്ചുപറ്റിയത്. സിനിമയുടെ വിജയാഘോഷ പരിപാടിക്കിടെ വിങ്ങിപ്പൊട്ടിയ ദീപയുടെ വീഡിയോകൾ ഈയടുത്ത കാലത്ത് സോഷ്യൽ മീഡിയയിലടക്കം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ തന്റെ ആദ്യ തെലുങ്ക് ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദീപ തോമസ്.
‘സിനിമയെക്കുറിച്ചുള്ള ആദ്യ നറേഷൻ കേട്ടപ്പോൾത്തന്നെ കുറച്ച് മാജിക്കൽ റിയലിസമൊക്കെ ഉള്ള സംഭവമാണെന്ന് മനസ്സിലായി. പിന്നീട് രണ്ടു ദിവസത്തിനു ശേഷം ഓഡിഷൻ വീഡിയോ അയക്കാൻ പറഞ്ഞു. പക്ഷേ അഭിനയിക്കാൻ വേണ്ടി എനിക്ക് അയച്ചുതന്നത് തെലുങ്കും ഇംഗ്ലീഷും കലർന്ന തങ്ഗ്ലീഷ് ആയിരുന്നു. അതിന്റെ അർത്ഥമൊന്നും പറഞ്ഞുതന്നിട്ടുണ്ടായിരുന്നില്ല. എനിക്ക് എന്താണോ മാനസിലായത് അതുപോലെ ചെയ്യാനാണ് പറഞ്ഞത്. പിന്നെ ഞാൻ കഷ്ടപ്പെട്ട് ഗൂഗിൾ ട്രാൻസ്ലേറ്റിലൊക്കെ ഇട്ട് അർത്ഥം മനസ്സിലാക്കിയാണ് വീഡിയോ അയച്ചുകൊടുത്തത്. അയച്ചുകൊടുത്ത് രണ്ടു ദിവസം കഴിഞ്ഞപ്പോൾ എനിക്ക് കൺഫർമേഷൻ കോൾ വരികയായിരുന്നു.
ഞാൻ ബി.എസ്.സി നഴ്സിംഗ് ആണ് പഠിച്ചത്. സിനിമയിൽ ഞാൻ അവതരിപ്പിച്ച ദീപ എന്ന കഥാപാത്രവും ബി.എസ്.സി നഴ്സാണ്. അതുകൊണ്ട് എനിക്ക് ആ കഥാപാത്രം വൈകാരികമായി വളരെ അടുപ്പമുള്ള ഒന്നായിരുന്നു. ഈ സിനിമ ചെയ്തതിനു ശേഷം എനിക്ക് കിട്ടിയിട്ടുള്ള ഏറ്റവും വലിയ അഭിനന്ദനം മഹേഷ് ബാബു ഗാരുവിന്റേതാണ്. പുള്ളിയാണ് എന്റെ അഭിനയത്തെക്കുറിച്ച് ഒരു ട്വീറ്റ് ഇടുന്നത്. തൊട്ടടുത്ത ദിവസം ഒരു ഇന്റർവ്യൂവിൽ അതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഞാൻ കുറച്ച് ഇമോഷണലായിരുന്നു. പിന്നെ സന്ദീപ് റെഡ്ഡി വംഗയും ഒരു സീൻ എടുത്തുപറഞ്ഞ് എന്നെ പ്രശംസിച്ചു.
തന്റെ സിനിമാജീവിതത്തിനിടയിൽ കിട്ടിയ അപ്രതീക്ഷിതമായ ഒരു അനുഗ്രഹമായിട്ടാണ് ഈ സിനിമയെ കാണുന്നതെന്നും, തന്റെ സിനിമകൾ കാണുമ്പോൾ എപ്പോഴും അഭിനയം ഇനിയും നന്നാവാൻ ഉണ്ടെന്ന് പറയാറുള്ള അച്ഛൻ ആദ്യമായി തന്നെ അഭിനന്ദിച്ച സിനിമയാണിതെന്നും ദീപ പറഞ്ഞു. അതുകൊണ്ടൊക്കെ തന്നെയാണ് വിജയാഘോഷ പരിപാടിക്കിടെ താൻ വികാരഭരിതയായതെന്നും താരം വ്യക്തമാക്കി.
‘എന്റെ ജീവിതത്തിൽ ഞാൻ ഒരിക്കലും ഒരു സ്റ്റേജിന്റെയോ മീഡിയയുടെയോ മുന്നിൽ നിന്ന് കരയരുതെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ, ഈ ഒരു സിനിമ ഇറങ്ങിക്കഴിഞ്ഞു കിട്ടിയ പ്രേക്ഷകപ്രീതി കൊണ്ടും, ജീവിതത്തിൽ നമ്മൾ ആഗ്രഹിച്ച കാര്യങ്ങൾ നടക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം കൊണ്ടും വന്നുപോയ കരച്ചിലായിരുന്നു അത്. ആ ഒരു മൊമെന്റ് ഇന്നും എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. കാരണം അന്ന് അവിടെ എന്റെ കുടുംബമുണ്ടായിരുന്നു.
അച്ഛൻ എന്റെ ഏത് സിനിമ കണ്ടുകഴിഞ്ഞാലും ഇത് കൊള്ളില്ല, അഭിനയം ഇനിയും നന്നാകണം എന്നേ പറയാറുള്ളൂ. എന്നാൽ ഈ സിനിമ കണ്ടു കഴിഞ്ഞപ്പോൾ ജീവിതത്തിൽ ആദ്യമായി അച്ഛൻ എന്നെ പ്രശംസിച്ചു. അതുകൊണ്ട് എനിക്കത് വളരെ സ്പെഷ്യൽ ആയിരുന്നു. എന്റെ സിനിമാജീവിതത്തിനിടയിൽ കിട്ടിയ ഒരു അപ്രതീക്ഷിത അനുഗ്രഹമായിട്ടാണ് ഈ സിനിമയെ ഞാൻ കാണുന്നത്,’ദീപ തോമസ് പറഞ്ഞു.