ഇത് തുടക്കം മാത്രമാണ്, ഇനിയും ഏറെ ദൂരം മുന്നോട്ടുപോകാനുണ്ട്: ദീപ് ദാസ്ഗുപ്ത
Cricket
ഇത് തുടക്കം മാത്രമാണ്, ഇനിയും ഏറെ ദൂരം മുന്നോട്ടുപോകാനുണ്ട്: ദീപ് ദാസ്ഗുപ്ത
ശ്രീരാഗ് പാറക്കല്‍
Tuesday, 28th July 2026, 1:27 pm

ഇന്ത്യന്‍ യുവ താരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദീപ് ദാസ്ഗുപ്ത. അരങ്ങേറ്റത്തിന് ശേഷം വൈഭവിന് നേരിടേണ്ടി വന്ന സമ്മര്‍ദങ്ങളും വിമര്‍ശനങ്ങളും താരത്തെ കൂടുതല്‍ കരുത്തനാക്കിയെന്ന് ദീപ് ദാസ്ഗുപ്ത പറഞ്ഞു. മാത്രമല്ല താരത്തിന് ഏറെ ദൂരം പോകാനുണ്ടെന്നും മികച്ച പ്രകടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

‘ആദ്യ ഏതാനും മത്സരങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന് നേരിടേണ്ടി വന്ന സമ്മര്‍ദവും പുറത്തുനിന്നുള്ള വിമര്‍ശനങ്ങളും ഒടുവില്‍ അദ്ദേഹത്തെ കൂടുതല്‍ കരുത്തനാക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഇത് അദ്ദേഹത്തിന്റെ യാത്രയുടെ തുടക്കം മാത്രമാണ്. ഇനിയും ഏറെ ദൂരം മുന്നോട്ടുപോകാനുണ്ട്.

ഇത്തരത്തിലുള്ള നിരവധി മികച്ച ഇന്നിങ്‌സുകള്‍ അദ്ദേഹത്തില്‍ നിന്ന് ഇനിയും കാണാനാകും. അദ്ദേഹത്തിന്റെ പ്രകടനം കണ്ടതില്‍ എനിക്ക് സന്തോഷമുണ്ട്. ഒരു പരിധിവരെ ആശ്വാസവും തോന്നി. വ്യത്യസ്ത രീതികളിലാണ് അദ്ദേഹം റണ്‍സ് കണ്ടെത്തിയത്. അതാണ് ഏറ്റവും സന്തോഷം നല്‍കുന്ന കാര്യം,’ ദീപ് ദാസ്ഗുപ്ത തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

വൈഭവ് സൂര്യവംശി. Photo: BCCI/x.com

അതേസമയം സിംബാബ്‌വേക്കെതിരായ മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പര തൂത്തുവാരിയിരിക്കുകയാണ് ഇന്ത്യ. ഹരാരെ സ്പോര്‍ട്സ് ക്ലബ്ബില്‍ നടന്ന അവസാന മത്സരത്തില്‍ 35 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്വേ ഇന്നിങ്‌സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സില്‍ അവസാനിച്ചു.

അര്‍ധ സെഞ്ച്വറി നേടി മിന്നും പ്രകടനം നടത്തിയ യുവതാരം വൈഭവ് സൂര്യവംശിയാണ് ഇന്ത്യക്കായി തിളങ്ങിയത്. 49 പന്തില്‍ എട്ട് ഫോറുകളും നാല് സിക്സുകളും അടക്കം 81 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. മത്സരത്തിലെ പ്ലയെര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയതും വൈഭവ് തന്നെയാണ്.

പരമ്പരയിലെ താരവും വൈഭവ് തന്നെയാണ്. മൂന്ന് മത്സരങ്ങളില്‍ നിന്നും രണ്ട് അര്‍ധ സെഞ്ച്വറി അടക്കം 151 റണ്‍സാണ് വൈഭവിന്റെ ബാറ്റില്‍ നിന്നും പിറന്നത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ വൈഭവ് 19 പന്തുകളില്‍ നിന്നും 50 റണ്‍സ് നേടിയാണ് വൈഭവ് തിളങ്ങിയത്. നാല് വീതം ഫോറുകളും സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. രണ്ടാം മത്സരത്തില്‍ 20 റണ്‍സും താരം നേടി.

Content Highlight: Deep Dasgupta Praises Vaibhav Sooryavanshi

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ