ടി-20 ക്രിക്കറ്റില്‍ പുത്തന്‍ നാഴികക്കല്ല് പിന്നിട്ട് രാജസ്ഥാന്‍ റോയല്‍സിന്റെ ശ്രീലങ്കന്‍ താരം ദാസുന്‍ ഷനക. കുട്ടിക്രിക്കറ്റില്‍ 300 സിക്‌സുകള്‍ നേടിയാണ് താരം ചരിത്രം സൃഷ്ടിച്ചത്. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലാണ് ഷനക ഈ നേട്ടം കൈവരിച്ചത്. മത്സരത്തില്‍ മൂന്ന് സിക്‌സുകളാണ് താരം അടിച്ചെടുത്തത്. 15 പന്തില്‍ 29 റണ്‍സ് നേടിയാണ് താരം മടങ്ങിയത്.
കുട്ടിക്രിക്കറ്റില്‍ 300 സിക്‌സുകള്‍ നേടുന്ന ആദ്യ ശ്രീലങ്കന്‍ താരമാണ് ഷനക. ഇതുവരെ താരത്തിന്റെ ബാറ്റില്‍ നിന്നും 301 സിക്‌സുകളാണ് പിറന്നത്. 274 സിക്‌സുകള്‍ സ്വന്തമാക്കിയ തിസാര പെരേരയാണ് ഷനകക്ക് പുറകിലുള്ളത്.
മുംബൈയുടെ തട്ടകമായ വാംഖഡെയില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് നേടിയത്. 26 പന്തില്‍ 38 റണ്‍സ് നേടിയ ധ്രുവ് ജുറലാണ്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ജോഫ്ര അര്‍ച്ചറും ടീമിന് മികച്ച സ്‌കോര്‍ നല്‍കുന്നതില്‍ നിര്‍ണായകമായി. 15 പന്തില്‍ 32 റണ്‍സാണ് താരം അടിച്ചെടുത്തത്. ഒരു ഫോറും മൂന്ന് സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്.
മുംബൈ ബൗളിങ്ങില്‍ ദീപക് ചഹര്‍, ഷര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വില്‍ ജാക്‌സ്, അല്ലാഹ് ഗസന്‍ഫര്‍, കോര്‍ബിന്‍ ബോഷ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
അതേസമയം ഈ മത്സരം രാജസ്ഥാന് അതിനിര്‍ണായകമാണ്. ഇന്ന് വിജയിക്കാനായാല്‍ രാജസ്ഥാന് പ്ലേ ഓഫിലേക്ക് കടക്കാനാവും. നിലവില്‍ 14 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് പരാഗും സംഘവും. ഇന്ന് മുംബൈയെ വീഴ്ത്തിയാല്‍ പഞ്ചാബിനെ മറികടന്നുകൊണ്ട് ടോപ് ഫോറിലേക്ക് മുന്നേറാന്‍ രാജസ്ഥാന് സാധിക്കും. എന്നാല്‍ ടൂര്‍ണമെന്റില്‍ നിന്നും നേരത്തെ പുറത്തായ മുംബൈ അവസാന മത്സരം വിജയിച്ചുകൊണ്ട് മടങ്ങാനാവും ലക്ഷ്യം വെക്കുക.
Content Highlight: Dasun Shanaka Create a new history in t20