റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു താരം ഭുവനേശ്വര്‍ കുമാറിനെ പ്രശംസിച്ച് മുന്‍ സൗത്ത് ആഫ്രിക്കന്‍ താരം ഡെയ്ല്‍ സ്റ്റെയ്ന്‍. ഐ.പി.എല്‍ 2026ല്‍ ആര്‍.സി.ബിയുടെ യഥാര്‍ത്ഥ മോസ്റ്റ് വാല്യൂബിള്‍ പ്ലെയര്‍ (എം.വി.പി) ഭുവനേശ്വറാണെന്നും താരം സീസണില്‍ ഓള്‍റൗണ്ട് പ്രകടനമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
വലിയ ആര്ഭാടങ്ങളില്ലാത്ത താരമായതിനാല്‍ പലപ്പോഴും ഭുവിയുടെ പ്രകടനങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ ആര്‍.സി.ബി താരവും പ്രോട്ടിയാസ് ഇതിഹാസവുമായ എ.ബി. ഡി വില്ലിയേഴ്‌സിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു സ്റ്റെയ്ന്‍.
ഡെയ്ല്‍ സ്റ്റെയ്ന്‍.
‘സീസണിന്റെ അവസാനം ഭുവനേശ്വര്‍ കുമാറിന് പര്‍പ്പിള്‍ ക്യാപ് ലഭിച്ചേക്കില്ല. പക്ഷേ ആര്‍.സി.ബി കിരീടം നേടുകയാണെങ്കില്‍ അവനായിരിക്കും അവരുടെ യഥാര്‍ത്ഥ എം.വി.പി. അവന്‍ സീസണിലുടനീളം ചെയ്യുന്നതെല്ലാം അവിശ്വസനീയമാണ്. വിക്കറ്റ് നേടാനും ടീമിനെ സിക്‌സടിച്ച് വിജയിപ്പിക്കാനും ഓരോ താരവും ആഗ്രഹിക്കുന്നുണ്ട്. അത് വളരെ സ്‌പെഷ്യലാണ്.
ഭുവനേശ്വര്‍ ഒരു പ്രോപ്പര്‍ ക്രിക്കറ്ററാണ്. അധികം ആര്‍ഭാടങ്ങളൊന്നുമില്ലാത്ത താരമായതിനാല്‍ തന്നെ പലപ്പോഴും അവന്റെ പ്രകടനങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്. കൃത്യമായ ലൈനിലും ലെങ്തിലും പന്തെറിയാനും പന്ത് ഇരുവശങ്ങളിലേക്കും അനായാസം സ്വിങ് ചെയ്യിക്കാനും സാധിക്കുന്ന, അത് സ്ഥിരമായി ചെയ്യുന്ന ഒരാളാണ് അവന്‍.
ഫീല്‍ഡിങ്ങിലും ഭുവി പിഴവുകള്‍ വരുത്താറില്ല. മൈതാനത്ത് അവന്‍ കാച്ചുകള്‍ കൈവിടുന്നതും പന്തുകള്‍ കൈപ്പിടിയില്‍ ഒതുക്കുന്നതിൽ പരാജയപ്പെടുന്നതും നമ്മള്‍ കാണാറില്ല. ലോവര്‍ ഓര്‍ഡറിലാണ് ബാറ്റിങ്ങിനെത്തുന്നതെങ്കിലും ഭുവി സാഹചര്യങ്ങള്‍ നന്നായി മനസിലാക്കി കളിക്കുന്ന ബുദ്ധിമാനായ ക്രിക്കറ്ററാണ്. സൂര്യകുമാര്‍ യാദവിനെപ്പോലെ ഗ്രൗണ്ടിന്റെ എല്ലാ കോണിലും സിക്‌സടിക്കുന്ന താരമല്ലെങ്കിലും കളി മികച്ച രീതിയില്‍ മനസിലാക്കാറുണ്ട്. അവനൊരു ലോവര്‍ ഓര്‍ഡര്‍ ഓള്‍ റൗണ്ടറാണ്,’ സ്റ്റെയ്ന്‍ പറഞ്ഞു.
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഭുവനേശ്വർ കുമാർ. Photo: IndianPremierLeague/x.com
ഈ സീസണില്‍ ഭുവി മികച്ച പ്രകടനമാണ് നടത്തുന്നത്. 13 ഇന്നിങ്‌സില്‍ കളിച്ച താരം 24 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 16.37 ശരാശരിയും 7.70 എക്കോണമിയുമാണ് താരത്തിനുള്ളത്. 23 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയതാണ് താരത്തിന്റെ മികച്ച പ്രകടനം. ഇതിന് പുറമെ, ഏറെ നിര്‍ണായകമായ മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള മത്സരത്തില്‍ കളി കൈവിട്ടുവെന്ന കരുതിയ നേരത്ത് താരം സിക്‌സടിച്ചിരുന്നു. ഇത് പിന്നീട് ടീമിന് വിജയം ഒരുക്കയും ചെയ്തിരുന്നു.
Content Highlight: Dale Steyn says that Bhuvaneshwar Kumar is the real MVP of RCB in IPL 2026