അമേരിക്കൻ ഉപരോധത്തെ ചെറുക്കാൻ സൈക്കിളുകളും ഇലക്ട്രിക്ക് റിക്ഷകളുമായി തെരുവിലിറങ്ങി ക്യൂബൻ ജനത
World
അമേരിക്കൻ ഉപരോധത്തെ ചെറുക്കാൻ സൈക്കിളുകളും ഇലക്ട്രിക്ക് റിക്ഷകളുമായി തെരുവിലിറങ്ങി ക്യൂബൻ ജനത
മുഹമ്മദ് നബീല്‍
Friday, 3rd April 2026, 3:39 pm

ഹവാന: അമേരിക്കയുടെ ഇന്ധന ഉപരോധത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡയസ് കാനലിനൊപ്പം സൈക്കിളുകളും ഇലക്ട്രിക്ക് റിക്ഷകളുമായി ഹവാന തെരുവ് നിറച്ച്‌
ക്യൂബൻ ജനത.

അമേരിക്കൻ ഉപരോധത്തിനെതിരെ ശക്തമായി പ്രതിഷേധിച്ച റാലി ക്യൂബയിലെ അമേരിക്കൻ എംബസിക്കുമുന്നിൽ തടിച്ചുകൂടി.

അമേരിക്കയുമായുള്ള ചർച്ചകളെ തങ്ങൾ സ്വാഗതം ചെയ്യുന്നുണ്ടെന്നും എന്നാൽ ക്യൂബയുടെ പരമാധികാരത്തെ മാനിക്കണമെന്നുമാണ് റാലിയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടത്.

‘രണ്ട് സർക്കാരുകളും തമ്മിൽ ആത്മാർത്ഥമായ ചർച്ചകൾ സാധ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു, എന്നാൽ അന്താരാഷ്ട്ര നിയമങ്ങളും നമ്മുടെ രാജ്യത്തിന്റെ സ്വയംഭരണാധികാരവും മാനിക്കപ്പെടണം,’ റാലിയിൽ പങ്കെടുത്ത ഹവാനയിലെ നിയമ വിദ്യാർത്ഥിനിയായ ഷീല ഇബാവോ പറഞ്ഞു.

പ്രസിഡന്റ് മിഗ്വൽ ഡയസ് കാനൽ പ്രതിഷേധയോഗത്തിൽ സംസാരിച്ചില്ല.

അമേരിക്കയുടെ ഇന്ധന ഉപരോധം ക്യൂബയിലെ പൊതുഗതാഗതത്തെയും യാത്രാ മാർഗങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ടെങ്കിലും പ്രതിഷേധ പ്രകടനത്തിൽ വൻ ജനാവലിയാണ് അണിനിരന്നത്.

ക്യൂബയ്ക്ക് സഹായം വാഗദാനം ചെയ്യുന്ന രാജ്യങ്ങൾക്ക് മേൽ അമേരിക്ക അധിക താരിഫ് ചുമത്തുമെന്ന ട്രംപിന്റെ ഭീഷണി മറികടന്ന് 7 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായിവന്ന റഷ്യയിൽ കപ്പൽ ഈ ആഴ്ച ക്യൂബയിൽ എത്തിയിരുന്നു.

രാജ്യത്തെ ഇന്ധനക്ഷാമം പൂർണമായി പരിഹരിക്കാനായില്ലെങ്കിലും റഷ്യൻ എണ്ണ ക്യൂബയ്ക്ക് താത്കാലികാശ്വാസമാണ്.

ക്യൂബയ്ക്ക് നിരന്തരം ഇന്ധനം നൽകിയിരുന്ന വെനസ്വേലയിൽ അമേരിക്ക അതിക്രമിച്ച് കയറി പ്രസിഡണ്ട് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയി ഭരണം നിയന്ത്രിച്ചതോടെയാണ് ക്യൂബ പ്രതിസന്ധിയിലായത്.

Content Highlight: Cubans take to the streets on bicycles and electric rickshaws to defy US embargo

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം