യു.എസ് ഉപരോധത്തെ അതിജീവിക്കാന്‍ ചൈനീസ് സഹായം; ക്യൂബയിലേക്ക് ആദ്യഘട്ട അരി വിഹിതമെത്തി, നന്ദിയറിയിച്ച് പ്രസിഡന്റ്
World News
യു.എസ് ഉപരോധത്തെ അതിജീവിക്കാന്‍ ചൈനീസ് സഹായം; ക്യൂബയിലേക്ക് ആദ്യഘട്ട അരി വിഹിതമെത്തി, നന്ദിയറിയിച്ച് പ്രസിഡന്റ്
ആദര്‍ശ് എം.കെ.
Monday, 25th May 2026, 12:33 pm

 

ഹവാന: അമേരിക്കന്‍ ഉപരോധത്തെത്തുടര്‍ന്ന് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍, സഹായമായി അരി എത്തിച്ചുനല്‍കിയ ചൈനയ്ക്ക് നന്ദി അറിയിച്ച് ക്യൂബ.

ചൈനയില്‍ നിന്നുള്ള ആദ്യഘട്ട അരി വിഹിതം ഹവാന തുറമുഖത്ത് എത്തിയതിന് പിന്നാലെയാണ് ക്യൂബന്‍ പ്രസിഡന്റ് മിഗ്വല്‍ ഡിയാസ് കാനല്‍ ചൈനയ്ക്ക് നന്ദി രേഖപ്പെടുത്തിയത്.

‘ഐക്യദാര്‍ഢ്യത്തിന്റെ ഈ ഉദാത്തമായ പ്രവര്‍ത്തി എല്ലാ പ്രവിശ്യകളിലുമുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കളിലേക്കും നമ്മുടെ ആരോഗ്യ-വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും എത്തും.

ഞങ്ങളോട് ഐക്യപ്പെട്ടതിനും ഞങ്ങളുടെ ജനങ്ങള്‍ അനുഭവിക്കുന്ന കൂട്ടായ ശിക്ഷാ നടപടികളെ ഉറച്ചതും വ്യക്തവുമായ ഭാഷയില്‍ അപലപിച്ചതിനും ചൈനയ്ക്ക് വലിയ നന്ദി.

ഈ നിര്‍ണായക സമയങ്ങളില്‍ നമ്മെ ഒന്നിപ്പിക്കുന്ന സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ദൃഢമായ ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകുകയാണ്,’ ക്യൂബന്‍ പ്രസിഡന്റ് ചൈനയ്ക്ക് നന്ദിയറിയിച്ചുകൊണ്ട് പറഞ്ഞു.

ക്യൂബ നേരിടുന്ന നിലവിലെ സാഹചര്യം ഒരു വംശഹത്യയ്ക്ക’ തുല്യമാണെന്നും, തങ്ങളെ തകര്‍ക്കാന്‍ അമേരിക്ക നടത്തുന്ന ‘മാക്‌സിമം പ്രഷര്‍’ തന്ത്രത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപരോധങ്ങള്‍ക്കിടയിലും ചൈനയുമായുള്ള സാമ്പത്തിക-രാഷ്ട്രീയ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചൈന വാഗ്ദാനം ചെയ്ത ആകെ 60,000 ടണ്‍ അരിയുടെ ആദ്യ ഘട്ടം 15,000 ടണ്‍ അരിയാണ് ശനിയാഴ്ച ഹവാന തുറമുഖത്ത് എത്തിയത്. പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ക്യൂബയ്ക്ക് ഈ സഹായം വലിയ ആശ്വാസമാണ്.

അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശനമായ വ്യാപാര ഉപരോധം മൂലം രാജ്യത്ത് ഭക്ഷണവും മരുന്നും ഇന്ധനവും ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുകയാണ്. ഈ സാഹചര്യത്തിലാണ് ചൈന ക്യൂബയുടെ സഹായത്തിനെത്തിയത്.

നേരത്തെ ക്യൂബയുടെ ഊര്‍ജ്ജ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനായി സോളാര്‍ പാനലുകളും ചൈന നല്‍കിയിരുന്നു.

വെനസ്വേലയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തടഞ്ഞുകൊണ്ടുള്ള യു.എസ് നടപടിയെത്തുടര്‍ന്ന് ക്യൂബയില്‍ വലിയ തോതിലുള്ള വൈദ്യുതി തടസ്സവും പൊതുസേവനങ്ങളുടെ സ്തംഭനവും നിലവിലുണ്ട്.

 

Content Highlight: Cuba thanks China for rice exports amid US Sanctions

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.