വേണ്ടത് വെറും മൂന്ന് ഗോൾ; ചരിത്രം തിരുത്തിക്കുറിക്കാൻ റൊണാൾഡോ
Football
വേണ്ടത് വെറും മൂന്ന് ഗോൾ; ചരിത്രം തിരുത്തിക്കുറിക്കാൻ റൊണാൾഡോ
സുദേവ് എ
Monday, 3rd August 2026, 11:42 am

ലോകകപ്പ് ആവേശങ്ങള്‍ കെട്ടടങ്ങിയതോടെ ക്ലബ്ബ് ഫുട്ബോള്‍ പോരാട്ടങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ മാസം പകുതിയോടെ വീണ്ടും ക്ലബ്ബ് ഫുട്ബോള്‍ ആവേശം തിരിച്ചെത്തും. ഓഗസ്റ്റ് 13 മുതലാണ് സൗദി പ്രൊ ലീഗിന് തുടക്കമാവുന്നത്.

പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസറിന് വേണ്ടി വീണ്ടും കളത്തിലിറങ്ങുന്നത് ഓഗസ്റ്റ് 15നാണ്. അല്‍ ഫത്തേഹ് എഫ്.സിക്കെതിരെയാണ് റൊണാള്‍ഡോയുടെയും സംഘത്തിന്റെയും ആദ്യ മത്സരം.

കഴിഞ്ഞ സീസണില്‍ സ്വന്തമാക്കിയ ലീഗ് കിരീടം നിലനിര്‍ത്താനായിരിക്കും അല്‍ നസര്‍ ലക്ഷ്യം വെക്കുക. ഈ സീസണില്‍ റൊണാള്‍ഡോ മിന്നും പ്രകടനം പുറത്തെടുക്കുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

അല്‍ നസറിന് വേണ്ടി മൂന്ന് ഗോളുകള്‍ കൂടി സ്വന്തമാക്കിയത് ക്ലബ്ബിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരില്‍ രണ്ടാമനാവാനും റൊണാള്‍ഡോക്ക് സാധിക്കും.

2023ല്‍ സൗദിയിലെത്തിയ റൊണാള്‍ഡോ അല്‍ നസറിന് വേണ്ടി 129 ഗോളുകളാണ് അടിച്ചുകൂട്ടിയിട്ടുള്ളത്. 131 ഗോളുകള്‍ നേടിയ മുഹമ്മദ് അല്‍ സഹ്ലവിയാണ് റൊണാള്‍ഡോക്ക് മുന്നിലുള്ളത്.

മൂന്ന് ഗോളുകള്‍ കൂടി എതിരാളികളുടെ വലയിലെത്തിച്ചാല്‍ മറ്റൊരു മൈല്‍സ്റ്റോണിലേക്കും റൊണാള്‍ഡോക്ക് നടന്നുകയറാനാവും. 259 ഗോളുകള്‍ നേടിയ മജീദ് അബ്ദുയാണ് അല്‍ നസറിന്റെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍.

അതേസമയം 2026 ഫിഫ ലോകകപ്പ് നേടുകയെന്ന റൊണാള്‍ഡോയുടെയും പോര്‍ച്ചുഗലിന്റെയും സ്വപ്നം കണ്ണീരിലാണ് അവസാനിച്ചത്. ടൂര്‍ണമെന്റില്‍ പോര്‍ച്ചുഗലിന് പ്രീക്വാര്‍ട്ടര്‍ വരെയാണ് മുന്നേറാന്‍ സാധിച്ചത്.

ചാമ്പ്യന്മാരായ സ്പെയ്നിനോട് പരാജയപ്പെട്ടായിരുന്നു പോര്‍ച്ചുഗലിന്റെ മടക്കം. 41ാം വയസില്‍ തന്റെ ആറാം ലോകകപ്പിനിറങ്ങിയ റൊണാള്‍ഡോ ടൂര്‍ണമെന്റില്‍ മൂന്ന് ഗോളുകള്‍ നേടി ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തത്.

ഗ്രൂപ്പ് ഘട്ടത്തില്‍ ഉസ്ബെക്കിസ്ഥാനെതിരെ ഇരട്ടഗോള്‍ നേടിയ റൊണാള്‍ഡോ പിന്നീട് ക്രൊയേഷ്യക്കെതിരെയും ലക്ഷ്യം കണ്ടു. ഈ ടൂര്‍ണമെന്റിലും ഗോള്‍ നേടിയതോടെ ലോകകപ്പ് ചരിത്രത്തില്‍ ആറ് വ്യത്യസ്ത പതിപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടവും പോര്‍ച്ചുഗലിന്റെ എക്കാലത്തെയും മികച്ച ലോകകപ്പ് ഗോള്‍ വേട്ടക്കാരനെന്ന റെക്കോഡും റൊണാള്‍ഡോ സ്വന്തമാക്കി.

 

Content Highlight: Cristiano Ronaldo need three goal to create a new milestone for Al Nassr

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.