പ്രതിപക്ഷ സഖ്യത്തില്‍ നിന്ന് ഒഴിവാക്കി; മഹാരാഷ്ട്രയിലും ബീഹാറിലും സി.പി.ഐ.എം ഒറ്റയ്ക്ക് മത്സരിക്കും
D' Election 2019
പ്രതിപക്ഷ സഖ്യത്തില്‍ നിന്ന് ഒഴിവാക്കി; മഹാരാഷ്ട്രയിലും ബീഹാറിലും സി.പി.ഐ.എം ഒറ്റയ്ക്ക് മത്സരിക്കും
ന്യൂസ് ഡെസ്‌ക്
Saturday, 16th March 2019, 5:23 pm

മുംബൈ: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ ദിണ്ഡോരിയിലും ബീഹാറിലെ ഉജിയര്‍പുരിലും ഒറ്റയ്ക്ക് മത്സരിക്കാന്‍ സി.പി.ഐ.എം തീരുമാനം. വിശാല പ്രതിപക്ഷ സഖ്യം സീറ്റ് നിഷേധിച്ചതോടെയാണ് ഒറ്റയ്ക്ക് മത്സരിക്കാന്‍ സി.പി.ഐ.എം തീരുമാനിച്ചത്.

മഹാരാഷ്ട്രയിലെ എന്‍.സി.പിയുമായും ബീഹാറിലെ രാഷ്ട്രീയ ജനതാദളുമായും സീറ്റിനെ ചൊല്ലി സി.പി.ഐ.എം ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇരുപാര്‍ട്ടികളും സീറ്റ് നീഷേധിക്കുകയായിരുന്നു. ഇതോടെയാണ് ഇരു സംസ്ഥാനങ്ങളിലെയും സഖ്യത്തില്‍ നിന്ന് സി.പി.ഐ.എം പിന്‍മാറിയത്.

നാസിക് ജില്ലയിലെ ദിണ്ഡോരി സീറ്റ് വേണമെന്നായിരുന്നു സി.പി.ഐ.എമ്മിന്റെ ആവശ്യം. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലായി ബി.ജെ.പി വിജയിച്ച സീറ്റാണിത്. കര്‍ഷകരുടെ സ്വാധീന മേഖലയാണ് ദിണ്ഡോരി. കര്‍ഷകപ്രക്ഷോഭങ്ങളിലൂടെയും സമരങ്ങളിലൂടെയും സി.പി.ഐ.എമ്മിന് നല്ല സ്വാധീനം ലഭിച്ച മേഖലയാണിത്.

Read Also : “ഇത് ഹൈക്കമാൻഡല്ല, ലോ കമാൻഡ്”: കോൺഗ്രസിനെ പരിഹസിച്ച് എൻ.എസ്.മാധവൻ

ബി.ജെ.പിയെ സമ്മര്‍ദത്തിലാക്കി കഴിഞ്ഞ മാസം നടന്ന കിസാന്‍ സഭയുടെ രണ്ടാംഘട്ട ലോങ് മാര്‍ച്ച് വിജയത്തിലെത്തിച്ചാണ് കര്‍ഷകര്‍ മടങ്ങിയത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഉറപ്പിനെ തുടര്‍ന്നായിരുന്നു സമരം അവസാനിപ്പിച്ചത്. മഹാരാഷ്ട്ര കൃഷി വകുപ്പ് മന്ത്രി ഗിരീഷ് മഹാജന്‍ കര്‍ഷക നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു തീരുമാനം.നാസിക്കില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് സര്‍ക്കാരിന്റ ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് പിരിച്ചു വിടുകയായിരുന്നു.

റാലിയ്ക്ക് അനുമതി നിഷേധിച്ച് പ്രതിഷേധം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നെങ്കിലും കര്‍ഷകര്‍ പിന്‍മാറിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായത്. നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് നടന്ന ഒന്നാം ഘട്ട ലോങ് മാര്‍ച്ച് വലിയ ചര്‍ച്ചയായിരുന്നു.

ഇവിടെയാണ് വിശാല പ്രതിപക്ഷ സഖ്യം സി.പി.ഐ.എമ്മിന് സീറ്റ് നിഷേധിച്ചത്. എന്നാല്‍ സീറ്റ് എന്‍.സി.പിക്ക് തന്നെ നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതോടെ സഖ്യത്തില്‍ നിന്ന് പിന്‍മാറി ഒറ്റയ്ക്ക് മത്സരിക്കാന്‍ സി.പി.ഐ.എം തീരുമാനിക്കുകയായിരുന്നു. ബീഹാറില്‍ ഉജിയാര്‍പുര്‍ സീറ്റും സി.പി.ഐ.എമ്മിന് നല്‍കില്ലെന്ന് ആര്‍.ജെ.ഡി തീരുമാനിച്ചതോടെയാണ് ഇവിടെയും ഒറ്റയ്ക്ക് മത്സരിക്കാന്‍ സിപിഎം തീരുമാനിച്ചത്.

അതേസമയം തമിഴ്നാട്ടില്‍ ഡി.എം.കെ.യുടെ നേതൃത്വത്തിലുള്ള വിശാല സഖ്യത്തില്‍ സി.പി.ഐ.എം രണ്ട് സീറ്റില്‍ മത്സരിക്കുന്നുണ്ട്. കോയമ്പത്തൂരിലും മധുരയിലുമാണ് സി.പി.ഐ.എം മല്‍സരിക്കുന്നത്. മുന്‍ എംപി പി.ആര്‍. നടരാജന്‍, സാഹിത്യഅക്കാദമി അവാര്‍ഡ് ജേതാവായ എഴുത്തുകാരന്‍ എസ്.വെങ്കടേശന്‍ എന്നിവരാണ് യഥാക്രമം സ്ഥാനാര്‍ത്ഥികള്‍. രണ്ടും വിജയ പ്രതീക്ഷ മണ്ഡലങ്ങളാണ്.