ചെന്നൈ: ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ടി.വി.കെ. സി.എന്‍. അണ്ണാദുരൈ തറക്കല്ലിട്ട ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (ഡി.എം.കെ) പാരമ്പര്യത്തെയും പ്രതിച്ഛായയെയും തകര്‍ച്ചയിലേക്ക് തള്ളിവിട്ടതായി ടി.വി.കെ പറഞ്ഞു.

വൈദ്യുതി മുടക്കങ്ങളെയും അക്രമ സംഭവങ്ങളെയും കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ടി.വി.കെ ഐ.ടി വിഭാഗം പ്രസ്താവനയിലൂടെ രംഗത്തെത്തിയത്.
അണ്ണാദുരൈ പടുത്തുയര്‍ത്തിയ മഹത്തായ പ്രസ്ഥാനത്തെ നിലവിലെ നേതൃത്വം പൂര്‍ണമായും അരാജകത്വത്തിലാക്കിയിരിക്കുകയാണെന്ന് ടി.വി.കെ ആരോപിച്ചു. ഭയം മൂലമാണ് നേതാക്കള്‍ മുന്‍കാല അക്രമങ്ങളും വീഴ്ചകളും പരസ്യമായി സമ്മതിക്കുന്ന രീതിയില്‍ സംസാരിക്കുന്നതെന്നും ടി.വി.കെ ചൂണ്ടിക്കാട്ടി.

2006-ലെ ഡി.എം.കെ ഭരണകാലത്ത് തമിഴ്നാട് നേരിട്ട കടുത്ത വൈദ്യുതി മുടക്കത്തെ കൊടുവാള്‍ ആക്രമണങ്ങളുമായി ഉപമിച്ച് സംസാരിച്ച ഡി.എം.കെ നേതൃത്വം, അന്നത്തെ ഇരുണ്ട ദിനങ്ങളെയാണ് ജനങ്ങളെ വീണ്ടും ഓര്‍മിപ്പിക്കുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു.

‘മുന്‍ ഡി.എം.കെ മന്ത്രി കൃഷ്ണന്റെ കൊലപാതകം ഉള്‍പ്പെടെയുള്ള പഴയകാല സംഭവങ്ങള്‍ ഓര്‍ത്തെടുക്കുന്നതിലൂടെ പാര്‍ട്ടിയുടെ അക്രമ ചരിത്രമാണ് നിലവിലെ നേതൃത്വം തുറന്നുകാട്ടുന്നത്. അച്ഛന്‍ പാര്‍ട്ടി വേദിയിലും മകന്‍ ഒരു വിവാഹച്ചടങ്ങിലുമാണ് സ്വന്തം സര്‍ക്കാരിന്റെ ഇത്തരം വീഴ്ചകളെക്കുറിച്ച് സംസാരിക്കുന്നത്,’ ടി.വി.കെ കുറ്റപ്പെടുത്തി.

ഡി.എം.കെ കുടുംബത്തിന്റെ അഴിമതികളെക്കുറിച്ചും, ത്യാഗത്തെയും ധീരതയെയും കുറിച്ച് അവര്‍ നടത്തുന്ന പെരുപ്പിച്ചുകാട്ടിയ അവകാശവാദങ്ങളെക്കുറിച്ചും തമിഴ്നാട്ടിലെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ടി.വി.കെ തങ്ങളുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

വരും ദിവസങ്ങളിലും പാര്‍ട്ടിയുടെ അഴിമതി ‘നേട്ടങ്ങളെക്കുറിച്ചും ത്യാഗത്തിന്റെയും ധീരതയുടെയും വ്യാജ കഥകളെക്കുറിച്ചും തുറന്നുപറഞ്ഞ് ജനങ്ങളെ ‘ബോധവത്ക്കരിക്കുന്നത് ഡി.എം.കെ തുടരണമെന്നും, എങ്കില്‍ മാത്രമേ ജനങ്ങള്‍ക്ക് യാഥാര്‍ത്ഥ്യം മനസിലാക്കി ജാഗ്രത പാലിക്കാന്‍ സാധിക്കൂ എന്നും ടി.വി.കെ പരിഹസിച്ചു.

അതിനിടെ, നിലവിലെ ഭരണം ഒരു ‘ഷോ’ മാത്രമായി മാറിയിരിക്കുകയാണെന്നും വോട്ടര്‍മാര്‍ക്കിടയിലും ഭരണപക്ഷത്തെ പിന്തുണക്കുന്ന ഘടകകക്ഷികള്‍ക്കിടയിലും കടുത്ത അമര്‍ഷം പുകയുകയാണെന്നും ദ്രാവിഡര്‍ കഴകം അധ്യക്ഷന്‍ കെ. വീരമണിയും ആരോപിച്ചു.

ടി.വി.കെയുടെ പേര് മാറ്റി റീല്‍സ് കഴകം എന്നാക്കി മാറ്റണമന്നും എന്തിനാണ് മുഖ്യമന്ത്രി ലണ്ടനില്‍ പോയതെന്നുമടക്കം എം.കെ സ്റ്റാലിന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പിന്നാലെയാണ് ടി.വി.കെയുടെ പ്രതികരണം.

Content Highlight: Father and son destroyed the party; TVK targets DMK.