മഴവില്‍ മനോരമ എന്ന ടെലിവിഷന്‍ ചാനലിലെ ‘നായികാ നായകന്‍’, ഉടന്‍ പണം തുടങ്ങിയ പരിപാടികളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ വ്യക്തിയാണ് മീനാക്ഷി രവീന്ദ്രന്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തിലെത്തിയ തട്ടുംപുറത്ത് അച്ചുതന്‍ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മീനാക്ഷി, മാലിക്ക് എന്ന ഫഹദ് ഫാസില്‍ ചിത്രത്തിലെ റംലത്ത് എന്ന കഥാപാത്രമായും വലിയ ശ്രദ്ധ നേടിയിരുന്നു.

ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ 2024ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായ പ്രേമലുവിലെ നിഹാരിക എന്ന കഥാപാത്രം പ്രേക്ഷകരില്‍ ചിരി പടര്‍ത്തിയിരുന്നു. ഗിരീഷിന്റെ തന്നെ സംവിധാനത്തില്‍ ഓണം റിലീസായി എത്തി വന്‍ വിജയം നേടിയ ബെത്ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിലും മീനാക്ഷി പ്രധാനവേഷത്തിലെത്തിയിരുന്നു.

Photo: X.com

നിവിന്‍ പോളിയും മമിത ബൈജുവും പ്രധാനവേഷത്തിലെത്തിയ ചിത്രം 300 കോടിയിലധികം സ്വന്തമാക്കി വലിയ കുതിപ്പാണ് ബോക്സ് ഓഫീസില്‍ നടത്തുന്നത്. ഏജ് ഗ്യാപ്പ് റൊമാന്‍സിനെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തില്‍ സുരേഷ് കൃഷ്ണ, റോഷന്‍ ഷാനവാസ്, സംഗീത് പ്രതാപ്, ശ്യാം മോഹന്‍, ശ്രിന്ദ തുടങ്ങി വലിയ താരനിര തന്നെ അണിനിരന്നിരുന്നു. പ്രേമലുവിന്റെ തന്നെ നിര്‍മാതാക്കളായ ഭാവന സ്റ്റുഡിയോസ് നിര്‍മിച്ച ചിത്രത്തില്‍ റിയ മൊറേലി എന്ന കഥാപാത്രമായാണ് താരം വേഷമിട്ടത്.

ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ പ്രേമലു എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് മീനാക്ഷി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. പ്രേമലുവിന്റെ ഷൂട്ടിന്റെ സമയത്ത് മമിതയും താനും ചിത്രത്തിലെ മറ്റ് അഭിനേതാക്കളും ഒരേ ബില്‍ഡിങ്ങിലാണ് താമസിച്ചതെന്നും അന്ന് തുടങ്ങിയ വാട്‌സാപ്പ് ഗ്രൂപ്പ് ഇപ്പോഴും ആക്ടീവാണെന്നും താരം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

പ്രേമലു. Photo: Imdb

‘പ്രേമലുവിന്റെ സമയത്ത് എനിക്ക് ഹൈദരാബാദിലായിരുന്നു ഷൂട്ട് കൂടുല്‍ കൊച്ചിയില്‍ ഷൂട്ട് ഉണ്ടായിരുന്നില്ല. അന്ന് നമ്മളെല്ലാവരും ഒരുമിച്ചാണ് താമസിച്ചത്. ഞങ്ങളെല്ലാവര്‍ക്കും കൂടെ ഒരു അപാര്‍ട്‌മെന്റ് എടുത്ത് തന്നിരിക്കുകയായിരുന്നു. അന്ന് തുടങ്ങിയ മധുകുഞ്ച് ഗയ്‌സ് എന്ന ഗ്രൂപ്പ് ഇപ്പോഴും ഉണ്ട്. ഞാന്‍ മമിത, അഖില തുടങ്ങിയവരെല്ലാവരും ഒരു അപ്പാര്‍ട്‌മെന്റിലായിരുന്നു. അതിന് തൊട്ടുമുകളിലുള്ള അപാര്‍ട്‌മെന്റില്‍ സംഗീത് ശ്യാമേട്ടന്‍, നസ്‌ലെന്‍.

 

അന്ന് ഷൂട്ട് കഴിഞ്ഞ് ഞങ്ങളെല്ലാവരും ഒരു റൂമില്‍ കൂടും. ചായയോ ബൂസ്‌റ്റോ അല്ലെങ്കില്‍ എന്തെങ്കിലും ഫുഡോ ഉണ്ടാക്കി കഴിക്കും. അന്നത്തെ എക്‌സ്പീരിയന്‍സോ കഥകളോ എല്ലാം എല്ലാവരും പരസ്പരം പറയും. അങ്ങനെ എല്ലാവരും കൂടിച്ചേര്‍ന്ന് വലിയ ഫണ്ണായിരിക്കും. അങ്ങനെ ആ ഗ്യാങ് മൊത്തത്തില്‍ നല്ല രസമായിരുന്നു,’ മീനാക്ഷി പറഞ്ഞു.

Content Highlight: Meenakshi talks about Premalu movie shooting experience