പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാർത്ഥിയായ രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട കള്ളപ്പണ വിവാദത്തില്‍ കൂടുതല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സി.പി.ഐ.എം.

വിവാദ ദിവസം പാലക്കാട് കെ.പി.എം ഹോട്ടലില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പുറത്തേക്ക് വരുന്ന ദൃശ്യങ്ങളാണ് സി.പി.ഐ.എം പുറത്തുവിട്ടത്.

പണം കൊണ്ടുവന്നുവെന്ന് ആരോപിക്കുന്ന ട്രോളി ബാഗ് ഹോട്ടലിന് പുറത്ത് സജ്ജമാക്കിയ വെളുത്ത ഇന്നോവ ക്രിസ്റ്റ കാറിലാണ് വെക്കുന്നത്.

എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കയറി പോകുന്നത് മറ്റൊരു കാറിലുമാണ്. പിന്നീട് ട്രോളി ബാഗ് വെച്ച കാർ രാഹുൽ പോയ കാറിനെ പിന്തുടരുകയായിരുന്നു.

നേരത്തെ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുമായുള്ള കൂടിക്കാഴ്ചയില്‍ ഏത് ഡ്രസ് ധരിക്കണമെന്ന് ഷാഫി പറമ്പിലിനോട് ചോദിക്കാനാണ് ട്രോളി ബാഗ് ഹോട്ടലിന് ഉള്ളിലേക്ക് കൊണ്ടുപോയതെന്നാണ് രാഹുല്‍ പറഞ്ഞിരുന്നു.

പക്ഷെ നിലവില്‍ പുറത്തുവന്ന ദൃശ്യങ്ങള്‍ പ്രകാരം ട്രോളിയും രാഹുല്‍ മാങ്കൂട്ടത്തിലും രണ്ട് കാറുകളിലായാണ് ഹോട്ടലില്‍ നിന്ന് തിരിച്ചത്.

വസ്ത്രങ്ങളുള്ള ബാ​ഗാണെങ്കിൽ രാഹുൽ മാങ്കൂട്ടത്തിൽ എന്തുകൊണ്ട് ആ കാറിൽ പോയില്ലെന്നാണ് സി.പി.ഐ.എം ഇപ്പോൾ ഉയർത്തുന്ന വാദം. ഹോട്ടലിനുള്ളിലേക്ക് ട്രോളിയുമായി പോകുന്ന കെ.എസ്.യു നേതാവ് ഫെന്നി നൈനാന്റെ ദൃശ്യം സി.പി.ഐ.എം തന്നെയാണ് പുറത്തുവിട്ടത്.

Content Highhlight: CPIM again released more CCTV footage in the controversy of trolley bag