വര്‍ഗീയ പരാമര്‍ശം; ഗോപാലകൃഷ്ണനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി സി.പി.ഐ.എം
Kerala News
വര്‍ഗീയ പരാമര്‍ശം; ഗോപാലകൃഷ്ണനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി സി.പി.ഐ.എം
ആദര്‍ശ് എം.കെ.
Saturday, 21st March 2026, 7:50 pm

 

തൃശൂര്‍: ഗുരുവായൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അഡ്വ. ബി. ഗോപാലകൃഷ്ണനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി സി.പി.ഐ.എം. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വര്‍ഗീയ പ്രസ്താവന നടത്തിയെന്ന് കാണിച്ചാണ് സി.പി.ഐ.എം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുല്‍ ഖാദര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്.

ഗുരുവായൂരില്‍ 48 ശതമാനത്തോളം ഹൈന്ദവ ജനസംഖ്യ ഉണ്ടായിട്ടും കഴിഞ്ഞ 50 വര്‍ഷമായി ഇടത്-വലത് മുന്നണികള്‍ ഒരു ഹിന്ദു എം.എല്‍.എയെ പോലും നിയമസഭിയിലേക്ക് തെരഞ്ഞെടുത്ത് അയച്ചിട്ടില്ലെന്ന പ്രസ്താവനയ്‌ക്കെതിരെയാണ് സി.പി.ഐ.എം പരാതി.

കൊടുങ്ങല്ലൂരമ്മയുടെ നടയില്‍നിന്ന് താന്‍ ഗുരുവായൂരിലേക്ക് എത്തിയത് ഗുരുവായൂരപ്പന്റെ വിളി കേട്ടാണെന്നും ഈ വരവ് ഒരു നിയോഗമാണെന്നും പറഞ്ഞുകൊണ്ടാണ് ഗോപാലകൃഷ്ണന്‍ തന്റെ പ്രസ്താവന ആരംഭിക്കുന്നത്.

അന്തര്‍ദേശീയ തീര്‍ഥാടന കേന്ദ്രമായ ഗുരുവായൂരില്‍ എന്തുകൊണ്ട് ഹിന്ദു എം.എല്‍.എ ഉണ്ടായില്ലെന്നുമാണ് ഗോപാലകൃഷ്ണന്റെ ചോദ്യം. മലപ്പുറത്ത് സംവരണ മണ്ഡലങ്ങളില്‍ ഒഴികെ മറ്റൊരിടത്തും ഹൈന്ദവ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളെ കാണാനില്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

കഴിഞ്ഞ 50 വര്‍ഷമായി ഗുരുവായൂരപ്പന്റെ മണ്ണ് അമ്പലക്കൊള്ളക്കാരുടെയും അമ്പലവിരോധികളുടെയും വര്‍ഗീയ മതരാഷ്ട്ര വാദികളുടെയും തടവറയിലാണ്. ഇത്തരം ശക്തികളെ ആട്ടി ഓടിച്ച് ഗുരുവായൂരിന്റെ പവിത്രമായ ഭൂമിയെ മോചിപ്പിക്കാനാണ് തന്നെ ഭഗവാന്‍ വിളിച്ചിരിക്കുന്നതെന്നും ഈ പോരാട്ടത്തില്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ തന്നോടൊപ്പം ഉണ്ടാകണമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

അതേസമയം, ഗുരുവായൂരിന്റെ വികസനത്തിലും ബി.ജെ.പിക്ക് യാതൊരു പങ്കില്ലെന്നും നഗരസഭയും സംസ്ഥാന സര്‍ക്കാരുമാണ് എല്ലാ വികസന പദ്ധതികളും നടപ്പാക്കിയിരിക്കുന്നതെന്നും നേരത്തെ സി..പി.ഐ.എം പ്രതികരിച്ചിരുന്നു.

ഗുരുവായൂര്‍ മേല്‍പ്പാലവും ഗവണ്‍മെന്റ് അതിഥി മന്ദിരവും ഉള്‍പ്പെടെയുള്ള പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി യാഥാര്‍ത്ഥ്യമാക്കിയ വികസന പദ്ധതികളാണ്. ഒരു സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ പാലിക്കേണ്ട സാമാന്യ മര്യാദകള്‍ ലംഘിച്ചുകൊണ്ട് നടത്തിയ ബി. ഗോപാലകൃഷ്ണന്റെ പ്രസംഗം ഈ നാട്ടില്‍ വിലപ്പോവില്ലെന്നും സി.പി.ഐ.എം പറഞ്ഞു.

ബി. ഗോപാലകൃഷ്ണനെതിരെ തെരഞ്ഞെടുപ്പ് അയോഗ്യത ഉള്‍പ്പടെ ആവശ്യപ്പെട്ടുകൊണ്ട് കെ.എസ്.യുവും രംഗത്തെത്തിയിരുന്നു. സംഘടനയുടെ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തിട്ടുണ്ട്.

 

Content Highlight: CPI(M) has filed a complaint with the Election Commission against B. Gopalakrishnan.

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.