തിരുവനന്തപുരം: അധികാരം നഷ്ടമായതിന്റെ വിഭ്രാന്തിയില്‍ മന്ത്രിമാരെ ആക്രമിച്ചുകൊണ്ട് നാട്ടില്‍ കലാപമഴിച്ചുവിടാനാണ് സി.പി.ഐ.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതെന്നും നാടിന്റെ സമാധാനം ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങളെയും സര്‍ക്കാര്‍ കര്‍ശനമായി നേരിടും എന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലാണ് മന്ത്രി കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി നടക്കുന്ന സംഭവങ്ങളെക്കുറിച്ച് പറഞ്ഞത്.
മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ കണ്ണൂരില്‍ വച്ച് കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചവരാണ് ഡി.വെ.എഫ്.ഐക്കാരെന്നും മന്ത്രിയായിരിക്കെ എം.വി. രാഘവനെ കണ്ണൂരില്‍ പലയിടങ്ങളിലായി സി.പി.ഐ.എം ആക്രമിച്ചിട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കായികമന്ത്രി ഒ.ജെ. ജനീഷിനെ കണ്ണൂരിലെ വിവിധയിടങ്ങളില്‍ ആക്രമിച്ചതും ഇതേ ശൈലിയുടെ ഭാഗമായാണെന്നും കാലഹരണപ്പെട്ട രാഷ്ട്രീയശൈലിയാണ് സി.പി.ഐ.എം ഇപ്പോഴും പിന്തുടരുന്നും അദ്ദേഹം പറഞ്ഞു.
‘ബി.ജെ.പിയും സി.പി.ഐ.എമ്മും ഒരുമിച്ചാണ് ഇപ്പോള്‍ തെരുവില്‍ അക്രമങ്ങള്‍ നടത്തുന്നത്. മന്ത്രി കെ.എം. ഷാജിയെ ഇന്നലെ യുവമോര്‍ച്ച നടുറോഡില്‍ തടഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചു. ക്രമസമാധാനം തകര്‍ക്കാനും ബി.ജെ.പിയും സി.പി.ഐ.എമ്മും ഒരേ മനസായി പ്രവര്‍ത്തിക്കുകയാണ്. ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിക്കുമ്പോള്‍ സി.പി.ഐ.എമ്മിനെന്താണ് ഇത്ര വിഷമം?’, മന്ത്രി ചോദിച്ചു.
എം.എ. ബേബിയടക്കമുള്ളവര്‍ക്ക് ഇക്കാര്യത്തിലുള്ള അങ്കലാപ്പ് മനസിലാകുന്നില്ലെന്നും വോട്ട് ചോരി വിഷയം അഖിലേന്ത്യാ തലത്തില്‍ ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് ഗ്യാനേഷ് കുമാറിനെതിരെ നടത്തുന്ന പ്രക്ഷോഭം ഇവിടെ സി.പി.ഐ.എമ്മിനെ ഭയപ്പെടുത്തുകയാണോ എന്നും രമേശ് ചെന്നിത്തല കുറിപ്പില്‍ പറഞ്ഞു.
‘ഇന്നലെ തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിലേക്ക് യൂണിവേഴ്‌സിറ്റി കോളജ് ക്യാംപസില്‍നിന്ന് ബിയര്‍ കുപ്പിയും കല്ലും വലിച്ചെറിഞ്ഞത് എസ്.എഫ്.ഐക്കാരാണ്. എന്ത് രാഷ്ട്രീയ മര്യാദയാണ് ഇത് ? ഇന്നലെയും ഇന്നുമായി ഡി.വൈ.എഫ.്‌ഐ പ്രവര്‍ത്തകര്‍ വിളിക്കുന്നത് മോശം മുദ്രാവാക്യങ്ങളാണ്’, അദ്ദേഹം പറഞ്ഞു.
സി.പി.ഐ.എം നേതാക്കളുടെ പിന്തുണയിലാണ് പ്രകോപനപരമായ ഈ മുദ്രാവാക്യങ്ങള്‍ ഉയരുന്നതെന്ന് പറഞ്ഞ മന്ത്രി ബി.ജെ.പി രാഷ്ട്രീയ പ്രതിസന്ധിയിലാകുമ്പോള്‍ അവരെ രക്ഷപ്പെടുത്തുന്ന ദൗത്യമാണോ സി.പി.ഐ.എം കൈക്കൊള്ളുന്നതെന്ന് ചോദിച്ചു.
മന്ത്രിമാരെ വഴിതടഞ്ഞാക്രമിക്കുന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടോയെന്ന് സംശയിക്കണമെന്ന് ഒരു ഗുണ്ടായിസവും ഇവിടെ അനുവദിക്കില്ലന്നും മന്ത്രി പറഞ്ഞു.
സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടക്കുന്നുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും മന്ത്രി കുറിപ്പില്‍ പറഞ്ഞു.
Content Highlight: CPI(M)-DYFI workers are attempting to unleash violence out of frustration over losing power; the government will deal with them firmly, says Ramesh Chennithala.
