ലഖ്‌നൗ: 2024ല്‍ സംഭാല്‍ ഷാഹി ജുമാ മസ്ജിദില്‍ സര്‍വേ നടത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച മുല്ല അഫ്‌റോസിനെ ദേശീയ സുരക്ഷാ നിയമപ്രകാരം തടങ്കലില്‍ വെച്ച ഉത്തര്‍പ്രദേശ് സര്‍ക്കാരിന് പത്ത് ലക്ഷം രൂപ പിഴ ചുമത്തി കോടതി. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, ഷീല്‍ നാഗു എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

2024 നവംബറില്‍ സംഭലിലെ ഷാഹി ജമാ മസ്ജിദില്‍ കോടതി നിര്‍ദേശിച്ച സര്‍വേയ്ക്കിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

2025 ജനുവരിയിലാണ് സംഭവത്തില്‍ മുല്ല അഫ്‌റോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 2025 ഒക്ടോബര്‍ 13ന് എന്‍.എസ്.എ പ്രകാരം തടവിലിടാന്‍ സംഭല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിടുകയായിരുന്നു.

അലഹബാദ് ഹൈക്കോടതിയും ഉത്തരവ് ശരിവെച്ചതോടെയാണ് അഫ്‌റോസ് സുപ്രീം കോടതിയെ സമീപിച്ചത്.

തടങ്കല്‍ ഉത്തരവിടാന്‍ ബന്ധപ്പെട്ട അധികാരി പറഞ്ഞ മുഴുവന്‍ കാരണങ്ങളും പരിശോധിച്ചതില്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന നിഗമനത്തില്‍ സുപ്രീം കോടതി എത്തിയതോടെയാണ് യു.പി സര്‍ക്കാരിന് പത്ത് ലക്ഷം രൂപ പിഴ ചുമത്തിയത്.

പൊലീസ് കസ്റ്റഡിയിലിരിക്കെ അഫ്‌റോസ് നടത്തിയതായി പറയുന്ന കുറ്റസമ്മത മൊഴിയാണ് തടങ്കല്‍ നടപടിക്ക് പ്രധാനമായും ആശ്രയിച്ചതെന്നാണ് കേസില്‍ സര്‍ക്കാരിന്റെ പ്രധാന വാദം.

എന്നാല്‍ പൊലീസ് കസ്റ്റഡിയിലെ ഇത്തരം മൊഴിയെ മാത്രം അടിസ്ഥാനമാക്കി ഒരാളെ പ്രതിരോധ തടങ്കലില്‍ വയ്ക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തടങ്കല്‍ ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ പ്രസക്തമായ മറ്റ് വസ്തുതകളും അധികാരികള്‍ പരിഗണിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

അഫ്‌റോസിന്റെ തടങ്കല്‍ ശരിവെച്ച അലഹബാദ് ഹൈക്കോടതി വിധിയും സുപ്രീം കോടതി റദ്ദാക്കി. അഫ്‌റോസിനെതിരെ മറ്റേതെങ്കിലും കേസില്‍ കസ്റ്റഡി ആവശ്യമായിട്ടില്ലെങ്കില്‍ ഉടന്‍ മോചിപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Content Highlights: Attack at Sambhal Shahi Masjid: Supreme Court imposes ₹10 lakh fine on UP government.