ന്യൂയോര്‍ക്ക്: ഇസ്രഈല്‍ ലെബനനില്‍ നടത്തുന്ന ആക്രമണത്തില്‍ 261 കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും 1056 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്ന് യൂണിസെഫ് റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ സംഘര്‍ഷമാരംഭിച്ച ശേഷമുള്ള കണക്കാണിത്.
‘അന്‍ എന്‍ഡുറിങ് നൈറ്റ്‌മെയര്‍’ എന്ന യൂണിസെഫ് റിപ്പോര്‍ട്ടില്‍ ലെബനനിലുടനീളം കുട്ടികളിലും യുവാക്കളിലും വര്‍ദ്ധിച്ചുവരുന്ന മരണനിരക്ക് വെളിപ്പെടുത്തുന്നു.
ആറുമാസമായി ഒരു ദിവസം ആറുകുട്ടികള്‍ ലെബനനില്‍ കൊല്ലപ്പെടുകയോ അല്ലെങ്കില്‍ പരിക്കേല്‍ക്കുകയോ ചെയ്യുന്നുണ്ട്. പരിക്കേറ്റ 1056 പേരില്‍ 12 ശതമാനത്തോളം പേര്‍ക്ക് അംഗവൈകല്യം സംഭവിച്ചിട്ടുണ്ട്.
സര്‍വെയില്‍ പങ്കെടുത്ത അഞ്ചിലൊന്ന് വീടുകളില്‍ തങ്ങളുടെ കുട്ടികള്‍ പട്ടിണിയിലാണെന്നും അഞ്ച് വയസിനു താഴെയുള്ള കുട്ടികളില്‍ പത്തുശതമാനം വീടുകളില്‍ മാത്രമാണ് കുട്ടികള്‍ക്ക് മതിയായ പോഷകാഹാരം നല്‍കാന്‍ കഴിയുന്നതെന്നും പറയുന്നു. 14 ശതമാനം വീടുകളില്‍ ഒരു കുട്ടിയെങ്കിലും ജോലിക്ക് പോകുന്നുണ്ട്. 2025 ജനുവരിയിലെ കണക്കിന്റെ ഇരട്ടി വരും ഇത്.
കുട്ടികളുടെ വിദ്യാഭ്യാസവും ഗുരുതരമായി തടസപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏകദേശം 436 സ്‌കൂളുകള്‍ പൂര്‍ണമായും നശിക്കുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. ഒരുലക്ഷത്തോളം കുട്ടികള്‍ക്ക് ക്ലാസ് മുറികളില്ലാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇതിനുപുറമെ 86 അധ്യാപകര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്.
17 ശതമാനം കുടുംബങ്ങളില്‍ കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് നിര്‍ത്തി എന്നും 29 ശതമാനം പേര്‍ക്ക് മാനസികമായ വിഷമങ്ങള്‍ മൂലം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏകദേശം ഏഴുലക്ഷത്തിലധികം കുട്ടികള്‍ സംഘര്‍ഷബാധിത പ്രദേഷങ്ങളിലുണ്ട്.
അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍, ഈ പ്രതിസന്ധികളുടെയെല്ലാം മുറിവുകള്‍ പേറിയാകും ഒരു തലമുറയിലെ കുട്ടികളും ജനങ്ങളും ഭാവിജീവിതത്തിലേക്ക് കടക്കുക എന്ന് ലെബനനിലെ യൂണിസെഫ് പ്രതിനിധി മാര്‍ക്കോലൂയിജി കോര്‍സി പറഞ്ഞു.
Content Highlight: UNICEF says 1,317 children killed or injured in Lebanon.
