തിരുവനന്തപുരം: മുന്‍ സര്‍ക്കാര്‍ കുടിശ്ശിക കൊടുക്കാനുള്ളത് കൊണ്ടാണ് മരുന്ന് ക്ഷാമം എന്ന് സര്‍ക്കാര്‍ പറയുന്നത് ശുദ്ധ അസംബന്ധമാണെന്ന് മുന്‍ മന്ത്രി കെ.കെ.ശൈലജ.

എല്ലാ കാലത്തും സര്‍ക്കാര്‍ മരുന്ന് കമ്പനികള്‍ക്ക് പണം കൊടുക്കാനുണ്ടാവാറുണ്ട്. അതിനു പരിഹാരം കാണുക എന്നതാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും മാധ്യമങ്ങളോട് സംസാരിക്കവേ കെ.കെ.ശൈലജ പറഞ്ഞു.

‘കെ.എം.എസ്.സി.എല്ലിന് (KMSCL) കൊടുക്കാനുള്ള പണം ഒന്നും ഒരു അത്ഭുതമല്ല. ഞാന്‍ അഞ്ചു കൊല്ലം മന്ത്രിയായിരുന്ന ഒരാളാണല്ലോ. കെ.എം.എസ്.സി.എല്ലിന് ഒരു 500-600 കോടി മുന്‍ ബാക്കി ഇല്ലാത്ത ഒരു കാലവും ഉണ്ടായിട്ടില്ല.

കുടിശ്ശിക ഉണ്ടാകുമ്പോള്‍ ധനകാര്യ മന്ത്രിയുടെ അടുത്ത് ചെന്ന് 200 മുതല്‍ 300 കോടി രൂപ വരെ പെട്ടെന്ന് അനുവദിക്കും; അതിലൂടെ പ്രവര്‍ത്തനം തടസ്സമില്ലാതെ കൊണ്ടുപോകും’, അവര്‍ പറഞ്ഞു.

കേരളം ഒരു സംസ്ഥാനമാണെന്നും കേന്ദ്രം തരുന്ന നികുതി വിഹിതത്തില്‍ നിന്നാണ് ഭരണം നടക്കുന്നത് എന്നും അവര്‍ ഓര്‍മിപ്പിച്ചു. കെട്ടിവെച്ച കാശ് ഒന്നും ഉണ്ടായിട്ടല്ല ഭരിച്ചിരുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

‘അതുകൊണ്ട് നേരത്തേ 200 കോടി തരാനുണ്ട്, 500 കോടി തരാനുണ്ട്. അതുകൊണ്ടാണ് മരുന്ന് കിട്ടാത്തത് എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. കൃത്യസമയത്ത് ഇന്‍ഡെന്റ് എടുക്കാത്തതും മരുന്നിന്റെ ലഭ്യത മുന്‍കൂട്ടി പരിശോധിക്കാത്തതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം’, കെ.കെ. ശൈലജ കൂട്ടിച്ചേര്‍ത്തു.

മുന്‍ഗാമികളെ സംരക്ഷിക്കാനാണ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തോട് അതിന്റെ ആവശ്യമെന്താണെന്നും ഉദ്യോഗസ്ഥരുടെ രാഷ്ട്രീയമേതെന്ന് ചിന്തിച്ചിട്ടുപോലുമില്ലെന്നും അവര്‍ മറുപടി നല്‍കി. സര്‍ക്കാരിന്റെ പോളിസി അവരെ വിളിച്ച് അറിയിക്കുകയും അത് കൃത്യമായി പ്ലാന്‍ ചെയ്ത് നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും നാടിനെ സാമ്പത്തികമായി നശിപ്പിക്കുന്ന മുതലാളിത്ത സാമ്രാജത്വ അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്ന് അവര്‍ പറഞ്ഞു.

എല്‍.ഐ.സി, ഊര്‍ജമേഖല, പവര്‍ ഡിസ്ട്രിബ്യൂഷന്‍ തുടങ്ങി പ്രതിരോധമേഖല വരെ മള്‍ട്ടിനാഷണല്‍ കമ്പനികള്‍ക്ക് വിറ്റഴിക്കുന്നു. പ്ലാനിങ് കമ്മീഷനെ പിരിച്ചുവിട്ട് നീതി ആയോഗ് വന്നതോടുകൂടി സോഷ്യലിസ്റ്റ് ആസൂത്രണ പ്രക്രിയ തകര്‍ക്കപ്പെടുകയും ആസൂത്രണം പൂര്‍ണമായും കോര്‍പ്പറേറ്റ് വ്യവസ്ഥയ്ക്ക് കീഴടങ്ങുകയും ചെയ്യുന്നുവന്നും കെ.കെ.ശൈലജ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ ഇതേ നയമാണ് സംസ്ഥാനസര്‍ക്കാരും തുടരുന്നത്. കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ മതേതരത്വത്തോടെ എല്ലാവര്‍ക്കും ഒരുമിച്ച് ജീവിക്കാനാവുന്ന കേരളമോഡല്‍ തച്ചുടച്ച് ഉത്തരേന്ത്യന്‍ രീതിയിലേക്ക് സര്‍വ്വതും സ്വകാര്യവത്കരിക്കപ്പെടുമോ എന്ന ഭീതിയിലാണ് നാം നില്‍ക്കുന്നതെന്നും കെ.കെ.ശൈലജ പറഞ്ഞു.

Content Highlight: Former Minister K.K. Shailaja stated that the government’s claim that the medicine shortage is due to pending dues left by the previous government is pure nonsense.