
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരനെ വധിക്കാന്‍ 2009 മുതല്‍ സി.പി.ഐ.എം നേതാക്കളടക്കമുള്ളവര്‍ ശ്രമം നടത്തി എന്ന കേസ് കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി വിചാരണ കൂടാതെ തള്ളി. മതിയായ തെളിവില്ല എന്ന കാരണത്താല്‍ കേസ് നിലനില്‍ക്കില്ല എന്നു ചൂണ്ടിക്കാട്ടിയാണ് കോടതി കേസിലെ 15 പ്രതികളെയും കോടതി വെറുതെ വിട്ടത്.
അന്വേഷണോദ്യോഗസ്ഥര്‍ കോടതിയില്‍ സമര്‍പ്പിച്ച ഫോണ്‍കോള്‍ സന്ദേശങ്ങള്‍ തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്നും ഇവ പ്രതികള്‍ തമ്മിലുള്ള ബന്ധം ഉറപ്പിക്കാന്‍ മാത്രമുള്ള തെളിവുകളല്ലെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് കേസ് വിചാരണ കൂടാതെ തള്ളണം എന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
അതേ സമയം കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്നാണ് ടി.പിയുടെ ഭാര്യ കെ.കെ. രമ പ്രതികരിച്ചത്. കേസ് സി.ബി.ഐക്ക് വിടണമെന്നും തുടരന്വേഷണം നടത്തണമെന്നും തങ്ങള്‍ പണ്ടേ ആവശ്യപ്പെട്ടിരുന്നു എന്നും രമ കൂട്ടിച്ചേര്‍ത്തു.
ടി.പി കേസിനെ സി.പി.ഐ.എമ്മിനെതിരെ രാഷ്ട്രീയ ഉദ്ദേശ്യത്തോടെ ഉപയോഗിച്ച് വേട്ടയാടാന്‍ ശ്രമിച്ച സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് കോടതി തീര്‍പ്പുകല്‍പ്പിച്ചിരിക്കുകയാണെന്നായിരുന്നു സി.പി.ഐ.എം നേതാവും പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാസെക്രട്ടറിയുമായ പി. ജയരാജന്‍ പ്രതികരിച്ചത്. സര്‍ക്കാരും അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അന്വേഷണോദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു എന്നും അദ്ദേഹം ആരോപിച്ചു.
