[share]
[] ന്യൂദല്‍ഹി: ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയ്ക്ക് ഹവാല ബന്ധമുണ്ടെന്നതിന് തെളിവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ആയിരം കോടിയുടെ കള്ളപ്പണമിടപാട് കേസില്‍ കഴിഞ്ഞമാസം അറസ്റ്റിലായ കുപ്രസിദ്ധ ഹവാലാ തലവന്‍ അഫ്രോസ് ഫത്തയ്‌ക്കൊപ്പം സൗഹാര്‍ദപൂര്‍വം നില്‍ക്കുന്ന മോദിയുടെ ചിത്രങ്ങളും സീഡിയുമാണ് കോണ്‍ഗ്രസ് പുറത്തുവിട്ടിരിക്കുന്നത്.
കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ് ഈ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഈ വിഷയത്തില്‍ ഗുജറാത്തിന് പുറത്ത് നിന്ന് ഒരു സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം നേരിടാന്‍ അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രി കൂടിയായ നരേന്ദ്ര മോദിയെ വെല്ലുവിളിച്ചു. അധോലോക നായകന്‍ ബബ്ലൂ ശ്രീവാസ്തവയുടെ അടുത്തയാളാണ് ഫത്തയെന്ന് ആരോപിച്ച രണ്‍ദീപ് ആരുടെ പണമാണ് ഇയാള്‍ കടത്തിയതെന്നും ഈ പണം എന്തിന് ഉപയോഗിക്കപ്പെട്ടെന്നും ജനങ്ങളോട് വിശദീകരിക്കാന്‍ മോദിയും പാര്‍ട്ടിയും ബാധ്യസ്ഥരാണെന്നും പറഞ്ഞു.
മോദിയുടെയും ബി.ജെ.പിയുടെയും വെബ് സൈറ്റുകളില്‍ നിന്ന് ലഭിച്ച ചിത്രങ്ങളാണ് ഇവ. പാര്‍ട്ടിയും ഹവാലാ കടത്തുകാരനും തമ്മിലെ ബന്ധത്തിന്റെ ദൃഢത ഇതില്‍നിന്ന് വ്യക്തമാണ്- രണ്‍ദീപ് സുര്‍ജേവാല വ്യക്തമാക്കി.
അതേ സമയം ഇതിന് മറുപടിയെന്നോണം കോണ്‍ഗ്രസ് എം.പിയും സ്ഥാനാര്‍ഥിയുമായ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ അഫ്രോസ് ഫത്തക്കൊപ്പം നില്‍ക്കുന്ന പടം പുറത്തുവിട്ട് ബി.ജെ.പിയും രംഗത്തെത്തി. ബി.ജെ.പി എം.എല്‍.എ ഹര്‍ഷ ആര്‍. സിങ്‌വി ട്വിറ്ററിലാണ് ഈ പടം പോസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേശകന്‍ അഹമ്മദ് പട്ടേലിനെതിരേ അദ്ദേഹത്തിന്റെ പേര് പരാമര്‍ശിക്കാതെ മോദി ആരോപണമുന്നയിച്ചിരുന്നു. മുംബൈയില്‍ നടത്തിയ ഒരു റെയ്ഡില്‍ വന്‍ മട്ടണ്‍ കുംഭകോണം പിടികൂടിയെന്നും ഇതില്‍ പങ്കാളികളായവരും ചില രാഷ്ട്രീയ നേതാക്കളുമായുള്ള ടെലിഫോണ്‍ സംഭാഷണം അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും നേതാക്കളിലൊരാള്‍ അഹമ്മദ് പട്ടേലാണെന്നുമാണെന്നായിരുന്നു മോദിയുടെ ആരോപണം.
രത്‌നവ്യാപാരിയായി അറിയപ്പെടുന്ന ഫത്തയുടെ വീട്ടില്‍ മാര്‍ച്ച് 27ന് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നടത്തിയ പരിശോധനയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫത്തയെ അറസ്റ്റ് ചെയ്തത്.
