നിലവില്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവുമധികം അപ്രതീക്ഷിതമായ മാര്‍ക്കറ്റുകളിലൊന്നാണ് മലയാളത്തിലേത്. ഒട്ടും ഹൈപ്പില്ലാതെയെത്തുന്ന ചിത്രങ്ങള്‍ കളക്ഷനില്‍ റെക്കോര്‍ഡിടുകയും വമ്പന്‍ ഹൈപ്പിലെത്തുന്ന ചിത്രങ്ങള്‍ക്ക് ബോക്‌സ് ഓഫീസില്‍ കാലിടറുകയും ചെയ്യുന്ന കാഴ്ചയ്ക്കാണ് സമീപകാലത്ത് പ്രേക്ഷകര്‍ സാക്ഷ്യം വഹിക്കുന്നത്. ഇതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു സവിന്‍ സാ സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ ഇന്‍ഡസ്ട്രി ഹിറ്റടിച്ച വാഴ 2. പുതുമുഖങ്ങളെ നായകന്മാരാക്കി ഒരുക്കിയ ചിത്രം തിയേറ്ററുകളില്‍ നിന്നും 200 കോടിയിലധികമാണ് സ്വന്താമാക്കിയിരുന്നത്.
വാഴ 2വിന് തൊട്ട്പിന്നാലെ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തിയ പേട്രിയറ്റ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത് മെയ് ഒന്നിന് റിലീസായ ചിത്രം വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുവെന്ന ഹൈപ്പിലായിരുന്നു തിയേറ്ററുകളിലെത്തിയത്. താരങ്ങള്‍ക്കൊപ്പം ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര തുടങ്ങി വമ്പന്‍താരനിര അണിനിരന്ന ചിത്രത്തിന് എന്നാല്‍ പ്രതീക്ഷിക്കാത്ത തിരിച്ചടിയായിരുന്നു തിയേറ്ററുകളില്‍ നിന്നും നേരിടേണ്ടി വന്നത്.
റിലീസ് ചെയ്ത് രണ്ടാഴ്ചയോടടുക്കുമ്പോള്‍ കേരള ബോക്‌സ് ഓഫീസില്‍ നിന്നും ചിത്രത്തിന് വെറും 28 കോടി മാത്രമാണ് നേടാനായിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അടുത്ത ദിവസം ടൊവിനോ-ബേസില്‍-വിനീത് കൂട്ടുകെട്ടില്‍ ഒരുങ്ങിയ അതിരടിയും സൂര്യ നായകനാകുന്ന മാസ് ആക്ഷന്‍ ചിത്രം കറുപ്പും തിയേറ്ററുകളിലെത്താനിരിക്കുന്ന സാഹചര്യത്തില്‍ പേട്രിയറ്റിന് ഇനി കാര്യമായൊന്നും ചെയ്യാനില്ലെന്ന വിലയിരുത്തലിലാണ് ആരാധകര്‍.
മലയാളത്തില്‍ ഇന്നേ വരെയിറങ്ങിയതില്‍ വെച്ച് ഏറ്റവും ചെലവേറിയ ചിത്രമെന്ന പ്രത്യേകതയോടെയാണ് പേട്രിയറ്റ് തിയേറ്ററുകളിലെത്തിയത്. 120 കോടിയിലധികമാണ് ചിത്രത്തിന്റെ ബഡ്ജറ്റെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. റിലീസ് ചെയ്ത ആദ്യദിനം പേട്രിയറ്റിന് വലിയ കളക്ഷന്‍ നേടാനായെങ്കിലും പിന്നാലെവന്ന നെഗറ്റീവ് റിവ്യൂകളെ തുടര്‍ന്ന് ചിത്രം പിന്നീടുള്ള ദിവസങ്ങളില്‍ കൂപ്പുകുത്തുകയായിരുന്നു.
മറുപുറത്ത് റിലീസ് ചെയ്ത് 41 ദിവസം പിന്നിട്ട വാഴ 2 കേരള ബോക്‌സ് ഓഫീസില്‍ നിന്നും മാത്രം 129 കോടിയിലധികമാണ് നേടിയിരിക്കുന്നത്. 2024 ല്‍ പുറത്തിറങ്ങിയ ഭരതനാട്യത്തിന്റെ രണ്ടാം ഭാഗമായ മോഹിനിയാട്ടമാണ് നിലവില്‍ കേരള ബോക്‌സ് ഓഫീസിലെ കളക്ഷന്‍ റിപ്പോര്‍ട്ടില്‍ മൂന്നാം സ്ഥാനത്തുള്ളത്. റിലീസ് ചെയ്ത് 33 ദിവസം പിന്നിട്ട ചിത്രം 27 കോടിയോളമാണ് നേടിയത്. ഇരു ചിത്രങ്ങളും കഴിഞ്ഞയാഴ്ച്ച ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചിരുന്നു.
Content Highlight: Collection report of Patriot from Kerala Box Office
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.