ഷാരൂഖ് ഖാന്‍- രാജ് കുമാര്‍ ഹിരാനി ചിത്രം ഡങ്കിയില്‍ നിന്നും ഛായാഗ്രാഹകന്‍ പിന്മാറി. ലവ് ആജ്കല്‍, സര്‍ക്കാര്‍, സര്‍ക്കാര്‍ രാജ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ അമിത് റോയിയാണ് ചിത്രത്തില്‍ നിന്നും പിന്മാറിയത്.

രാജ് കുമാര്‍ ഹിരാനിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് ചിത്രത്തില്‍ നിന്നും പിന്മാറുന്നതെന്ന് അമിത് റോയി ഇ ടൈംസിനോട് പറഞ്ഞു.

‘രാജ് കുമാര്‍ ഹിരാനിയുമായി ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായി. അത് ചില ക്രിയേറ്റീവ് ഡിഫ്രന്‍സസാണ്. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒരേ ആങ്കിളില്‍ നിന്നും ചെയ്യാനാവുന്നില്ല. സൗഹാര്‍ദപരമായി തന്നെയാണ് ഞങ്ങള്‍ രണ്ടുപേരും പിരിഞ്ഞത്. രണ്ടുപേരും കൂടി ഇരുന്ന് പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. അത് ഒരു തര്‍ക്കത്തിലേക്കെത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

 

ഞങ്ങള്‍ തമ്മില്‍ നല്ല ഒരു ബന്ധമുണ്ടായിരുന്നു. ഇത് ചിലപ്പോഴൊക്കെ സംഭവിക്കാറുള്ളതാണ്. സഞ്ജു എന്ന ചിത്രത്തില്‍ ഹിരാനിക്ക് വേണ്ടി ഒരു പാട്ട് ഒരുക്കി കൊടുത്തിരുന്നു. അദ്ദേഹത്തിനായി പരസ്യങ്ങളും ചെയ്തുകൊടുത്തിട്ടുണ്ട്. പരസ്യങ്ങള്‍ ചെയ്യുമ്പോള്‍ അതില്‍ ക്ലൈന്റിന്റെ കാഴ്ചപ്പാട് കൂടി കടന്നുവരും. എന്നാല്‍ സിനിമ പൂര്‍ണമായും സംവിധായകന്റെ കാഴ്ചപ്പാടാണ്,’ അമിത് റോയി പറഞ്ഞു.

 

തപ്‌സി പന്നുവാണ് ചിത്രത്തില്‍ ഷാരൂഖിന്റെ നായിക. സിദ്ധാര്‍ത്ഥ് ആനന്ദിന്റെ സംവിധാനത്തിലൊരുങ്ങുന്ന പത്താന്‍ ആണ് ഷാരൂഖിന്റെ അണിയറയിലൊരുങ്ങുന്ന മറ്റൊരു ചിത്രം. സിനിമക്ക് വേണ്ടി ഷാരൂഖ് നടത്തിയ ബോഡി ബില്‍ഡിങ് ചേഞ്ചസിന്റെ ചിത്രങ്ങളെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു.

Content Highlight: Cinematographer quit from Shah Rukh Khan-Raj Kumar Hirani film Dunki