വമ്പന്‍ ഹൈപ്പിലെത്തി തിയേറ്ററുകളില്‍ പരാജയമായ ചിത്രങ്ങള്‍ പലതാണ്. ആരാധകര്‍ കൊട്ടിഘോഷിച്ച് ദിവസങ്ങളെണ്ണി കാത്തിരുന്ന പല ചിത്രങ്ങളും റിലീസ് ചെയ്ത് ഒരാഴ്ച്ചയ്ക്കുള്ളില്‍ തന്നെ വാഷൗട്ടായി പോകുന്ന കാഴ്ച സിനിമാ ലോകത്ത് പലപ്പോഴും പതിവുള്ളതാണ്. എന്നാല്‍ ഒരു കാരണവശാലും പാളിപ്പോകില്ല എന്ന് പ്രേക്ഷകര്‍ ഉറച്ച് വിശ്വസിച്ചിരുന്ന ഒരു ചിത്രം നിരാശപ്പെടുത്തിയതിന്റെ ഒന്നാം വാര്‍ഷികം ആചരിക്കുകയാണ് ഇപ്പോള്‍ സിനിമാ ലോകം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് രജിനികാന്ത് നായകനായി 2025 ഓഗസ്റ്റ് 14ന് പുറത്തിറങ്ങിയ കൂലിയാണ് ഇത്തരത്തില്‍ ചര്‍ച്ചയാകുന്നത്.
രജിനി എന്ന തമിഴ് സിനിമയിലെ സൂപ്പര്‍സ്റ്റാറിന്റെ ചിത്രമെന്നതിനെക്കാള്‍ ലോകേഷ് കനകരാജ് എന്ന സംവിധായകനായിരുന്നു ചിത്രത്തിന്റെ ഹൈപ്പ് വര്‍ധിപ്പിച്ചത്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലൂടെ കൈതി, വിക്രം, ലിയോ തുടങ്ങി മൂന്ന് വമ്പന്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്തതിന് ശേഷം ലോകി ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകത തന്നെ ചിത്രത്തിന്റെ പ്രൊമോഷന്‍ ആവശ്യത്തിലധികമായിരുന്നു. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ അഥവാ എല്‍.സി.യുവിന്റെ ഭാഗമാണോ ചിത്രം എന്നറിയാനുള്ള ആകാംക്ഷയായിരുന്നു കൂലിയ്ക്ക് വേണ്ടി ആദ്യ ദിനം തന്നെ ടിക്കറ്റെടുപ്പിക്കാന്‍ പലരെയും പ്രേരിപ്പിച്ചത്.
ഒപ്പം വമ്പന്‍ താരനിരയും ചിത്രത്തിന് ഹൈപ്പ് വര്‍ധിപ്പിച്ചു. ആമിര്‍ ഖാന്‍ ചിത്രത്തില്‍ കാമിയോ റോളില്‍ എത്തുമെന്ന വാര്‍ത്തകളും നാഗാര്‍ജുന, പൂജ ഹെഗ്‌ഡെ, ഉപേന്ദ്ര, ശ്രുതി ഹസന്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങിയ സ്റ്റാര്‍ കാസ്റ്റും ഒപ്പം അനിരുദ്ധിന്റെ സംഗീത സംവിധാനത്തില്‍ പുറത്തിറങ്ങിയ മോണിക്ക സോങ്ങും ചിത്രത്തിനായുള്ള ഒരു വമ്പന്‍ ഓപ്പണിങ്ങിന് കളമൊരുക്കുകയായിരുന്നു. എന്നാല്‍ ആദ്യ ഷോ പൂര്‍ത്തിയായതിന് പിന്നാലെ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായെന്ന വാര്‍ത്തയായിരുന്നു പുറത്തുവന്നതെന്ന് ഓര്‍ത്തെടുക്കുകയാണ് തമിഴ്-മലയാളം സിനിമാ പേജുകള്‍.
കൂലി കാണാന്‍ ഒരു ദിവസത്തെ കൂലി കളഞ്ഞത് മിച്ചമായെന്നും അത്ഭുത കസേര, അദൃശ്യ മനുഷ്യന്‍, ടൈം ട്രാവല്‍ വാച്ച് തുടങ്ങിയ ഫാന്‍സ് തിയറികളെല്ലാം പാഴായിട്ട് ഒരു വര്‍ഷം തികഞ്ഞെന്നും പലരും ഓര്‍ത്തെടുക്കുന്നു. പാന്‍ ഇന്ത്യന്‍ തലത്തില്‍ ആയിരം കോടിയടിക്കാന്‍ ആമിര്‍ ഖാനെ കൊണ്ട് വന്ന് അവസാനം ട്രോള്‍ മെറ്റീരിയലാക്കിയതിന്റെ വാര്‍ഷികമാണിതെന്നും പലരും സ്മരിച്ചു.
Content Highlight: Cinema Pages discuss about the Rajinikanth starring Film Coolie directed by Lokesh Kanagaraj
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.