മമ്മൂട്ടിയുടെ പുതിയ ചിത്രം ക്രിസ്റ്റഫറിലെ പ്രൊമോ സോങ്ങ് പുറത്തുവിട്ടു. മാഡ് മാന്‍ ക്രിസ്റ്റഫര്‍ കം വിത്ത് ദി ഫയര്‍ എന്ന റാപ്പിന് മ്യൂസിക് നല്‍കിയിരിക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസാണ്. ക്രിസ്റ്റഫറിലെ ചില സീനുകള്‍ പ്രൊമോ സോങ്ങിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രൊമോ സോങ് കൂടെ എത്തിയതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷ വര്‍ധിച്ചിരിക്കുകയാണ്. പ്രൊമോ സോങ്ങിന്റെ വരികള്‍ എഴുതിയതും പാട്ടിലുള്ളതും ജാക്ക് സ്റ്റൈല്‍സാണ്.

മമ്മൂട്ടിയുടെ മാസ് ആക്ഷന്‍ രംഗങ്ങളും ജാക്ക് സ്റ്റൈല്‍സിന്റെ ഡാന്‍സ് പെര്‍ഫോമന്‍സും ചേരുന്നതോടു കൂടി പ്രൊമോ സോങ്ങ് വേറെ ലെവലായിട്ടുണ്ടെന്നാണ് കമന്റുകള്‍.

നിമിഷ നേരം കൊണ്ട് തന്നെ ക്രിസ്റ്റഫറിലെ പാട്ട് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സിനിമയുടെ പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ചിത്രത്തിനായുള്ള വലിയ കാത്തിരിപ്പിലാണ്.

ബയോഗ്രാഫി ഓഫ് എ വിജിലന്റ് കോപ്പ് എന്ന ടാഗ് ലൈനോടുകൂടിയാണ് ക്രിസ്റ്റഫര്‍ എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണയാണ്. മോഹന്‍ലാല്‍ ചിത്രം ആറാട്ടിന് ശേഷം ബി. ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും ഒന്നിക്കുന്ന ചിത്രമാണിത്.

ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ കൂടിയാണ് ക്രിസ്റ്റഫര്‍. ഫെബ്രുവരി 9ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും. 2010ല്‍ പുറത്തിറങ്ങിയ പ്രമാണിക്ക് ശേഷം മമ്മൂട്ടിയും ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ക്രിസ്റ്റഫറിനുണ്ട്.

സ്‌നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ നായികമാരാവുന്ന ചിത്രത്തില്‍ മറ്റൊരു സുപ്രധാന വേഷത്തില്‍ തെന്നിന്ത്യന്‍ താരം വിനയ് റായും ആദ്യമായി മലയാളത്തില്‍ എത്തുന്നുണ്ട്.

ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ 35 ഓളം പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമായിട്ടെത്തുന്നുണ്ട്.

content highlight: christopher movie promo song out