കൊച്ചി: പ്രശസ്ത ബാലസാഹിത്യകാരനും പ്രഭാഷകനുമായ പി.ഐ. ശങ്കരനാരായണന്‍ അന്തരിച്ചു. 80 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു.
ബുധനാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു അന്ത്യം.
1945 ഓഗസ്റ്റ് 4ന് കണ്ണൂര്‍ ജില്ലയിലെ പള്ളിക്കുന്നിലായിരുന്നു ജനനം. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം എറണാകുളത്തും കോഴിക്കോട്ടുമായി ആറുവര്‍ഷത്തോളം പത്രപ്രവര്‍ത്തന മേഖലയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.
കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്, തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരക കവിതാ സമ്മാനം, 2012ല്‍ കവിസമാജം പുരസ്‌കാരം, 2013ല്‍ കുഞ്ഞുണ്ണി പുരസ്‌കാരം, ഭിലായ് മലയാളം ഗ്രന്ഥശാല സുവര്‍ണ ജൂബിലി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങളളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
നവമന പബ്ലിക്കേഷന്‍സ് എന്ന പ്രസിദ്ധീകരണ സ്ഥാപനത്തിന്റെ ഉടമയാണ്. സമസ്ത കേരള സാഹിത്യ പരിഷത്ത് നിര്‍വാഹക സമിതി അംഗമായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. നളിനിയാണ് ഭാര്യ.