ഭ്രമയുഗം കണ്ടപ്പോൾ രാഹുൽ സദാശിവനോട് അസൂയ തോന്നി, എനിക്ക് സംവിധാനം ചെയ്യണമെന്ന് ആഗ്രഹവും തോന്നി: ചിദംബരം
Malayalam Cinema
ഭ്രമയുഗം കണ്ടപ്പോൾ രാഹുൽ സദാശിവനോട് അസൂയ തോന്നി, എനിക്ക് സംവിധാനം ചെയ്യണമെന്ന് ആഗ്രഹവും തോന്നി: ചിദംബരം
കെ.എസ് ഷാബിന
Tuesday, 30th June 2026, 12:53 pm

‘ജാൻ എ മൻ’, ‘മഞ്ഞുമ്മൽ ബോയ്സ്’ എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം അടയാളപ്പെടുത്തിയ യുവ സംവിധായകനാണ് ചിദംബരം. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ബാലൻ ദി ബോയ്’ തിയേറ്ററുകളിൽ നിറഞ്ഞ കയ്യടിയോടെ പ്രദർശനം തുടരുകയാണ്.

ഇപ്പോൾ, മറ്റൊരു സൂപ്പർഹിറ്റ് ചിത്രമായ ‘ഭ്രമയുഗ’ത്തെക്കുറിച്ച് ചിദംബരം ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് സിനിമാലോകത്ത് ശ്രദ്ധ നേടുന്നത്.

ചിദംബരം.Photo;LiveLaw/IMDB

 

മറ്റൊരു സംവിധായകന്റെ വർക്ക് കണ്ടിട്ട് ചെറുതായി അസൂയ തോന്നിയ സിനിമ ഏതാണെന്ന അവതാരകയുടെ ചോദ്യത്തിന്, ‘ഭ്രമയുഗം’ സിനിമയുടെ സംവിധായകൻ രാഹുൽ സദാശിവന്റെ പേരാണ് ചിദംബരം പറഞ്ഞത്. റേഡിയോ മാംഗോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ചിദംബരത്തിന്റെ ഈ തുറന്നുപറച്ചിൽ.

ഭ്രമയുഗം കണ്ടപ്പോൾ തനിക്ക് ആ ചിത്രം സംവിധാനം ചെയ്യണമെന്ന് അത്രയധികം ആഗ്രഹം തോന്നിയെന്നും, അതുകൊണ്ടാണ് രാഹുൽ സദാശിവനോട് അസൂയ തോന്നിയതെന്നും ചിദംബരം വ്യക്തമാക്കി.

ഭ്രമയുഗം.Photo:IMDB/The Hindu

‘ഭൂതകാലം’ എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത് 2024-ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ഭ്രമയുഗം’. പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റ് ഫോർമാറ്റിൽ തിയേറ്ററുകളിൽ എത്തിയ ഈ ഹൊറർ ചിത്രം, അതിന്റെ വേറിട്ട ദൃശ്യാവിഷ്കാരം കൊണ്ടും കഥപറച്ചിൽ രീതി കൊണ്ടും ആഗോളതലത്തിൽ ശ്രദ്ധ നേടിയിരുന്നു.

മെഗാസ്റ്റാർ മമ്മൂട്ടിയുടെ അസാമാന്യ പ്രകടനമായിരുന്നു ഈ സിനിമയുടെ പ്രധാന ആകർഷണം. ‘കൊടുമൺ പോറ്റി’ എന്ന വില്ലൻ സ്വഭാവമുള്ള കഥാപാത്രമായി അദ്ദേഹം തകർത്താടിയപ്പോൾ, അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവരും തങ്ങളുടെ വേഷങ്ങൾ ഗംഭീരമാക്കി. ഓസ്കാർ അക്കാദമിയിൽ അന്താരാഷ്ട്ര സിനിമകൾക്കൊപ്പം പ്രദർശിപ്പിക്കപ്പെട്ട ഭ്രമയുഗം, മലയാള സിനിമയെ ആഗോളതലത്തിൽ തന്നെ ഉയർത്തിയ ചിത്രമാണ്.

Content Highlight: Chidambaram says he really wanted to direct the film Bramayugam

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.