കരിയറിലെ മികച്ച ഫോമില്‍, ക്രീസിലുറച്ചാല്‍ അവനെ പിടിച്ചുകെട്ടുക പ്രയാസം: പൂജാര
Cricket
കരിയറിലെ മികച്ച ഫോമില്‍, ക്രീസിലുറച്ചാല്‍ അവനെ പിടിച്ചുകെട്ടുക പ്രയാസം: പൂജാര
ഫസീഹ പി.സി.
Tuesday, 28th April 2026, 2:05 pm

പഞ്ചാബ് കിങ്സ് നായകന്‍ ശ്രേയസ് അയ്യരെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. ശ്രേയസ് തന്റെ കരിയറിലെ മികച്ച ഫോമിലാണെന്നും മറ്റ് താരങ്ങള്‍ക്ക് അവന്‍ ഒരു മാതൃക സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഒരിക്കല്‍ ക്രീസില്‍ ഉറച്ച് കഴിഞ്ഞാല്‍ ശ്രേയസിനെ പുറത്താക്കുക എന്നത് അസാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ഗെയിം പ്ലാന്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പൂജാര.

ചേതേശ്വർ പൂജാര. Photo: MahiPatel/x.com

‘ശ്രേയസ് അയ്യര്‍ ഇപ്പോള്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് കളിക്കുന്നത്. ഒരു നായകന്‍ എന്ന നിലയില്‍ അവന്‍ മുന്നില്‍ തന്നെ നയിക്കുകയാണ്. മറ്റ് താരങ്ങള്‍ക്ക് ഒരു മാതൃക സൃഷ്ടിക്കുകയാണ് അവന്‍.

അതുകൊണ്ട് തന്നെ ശ്രേയസിന്റെ വിക്കറ്റ് തുടക്കത്തിലേ വീഴ്ത്തുക എന്നത് രാജസ്ഥാന്‍ റോയല്‍സിന് പ്രധാനമാണ്. നേരിടുന്ന ആദ്യ പത്ത് – 15 പന്തുകളില്‍ തന്നെ അവനെ രാജസ്ഥാന്‍ പുറത്താക്കാന്‍ ശ്രമിക്കണം. ഒരിക്കല്‍ അവന്‍ ക്രീസില്‍ ഉറച്ചാല്‍ പിന്നീട് ശ്രേയസിനെ പിടിച്ചുകെട്ടുക എന്നത് അസാധ്യമാണ്,’ പൂജാര പറഞ്ഞു.

പഞ്ചാബ് കിങ്സ് ഇന്ന് (ഏപ്രില്‍ 28) രാജസ്ഥാന്‍ റോയല്‍സിനെ നേരിടാന്‍ ഒരുങ്ങുകയാണ്. പഞ്ചാബിന്റെ തട്ടകമായ മുല്ലാന്‍പൂരിലാണ് ഈ മത്സരം അരങ്ങേറുക. അതിന് മുന്നോടിയായാണ് പൂജാരയുടെ പ്രതികരണം.

ശ്രേയസ് അയ്യർ. Photo: IndianPremierLeague/x.com

മത്സരത്തില്‍ രാജസ്ഥാന്‍ ശ്രേയസിനെതിരെ ഉപയോഗിക്കേണ്ട തന്ത്രങ്ങളെ കുറിച്ചും പൂജാര സംസാരിച്ചു. ശ്രേയസിനെതിരെ ആദ്യം തന്നെ ജോഫ്ര ആര്‍ച്ചറെ പന്തേല്‍പ്പിക്കാന്‍ ശ്രമിക്കണം. ആര്‍ച്ചര്‍ക്ക് ഓവറുകള്‍ ഒരുപാട് ബാക്കിയുണ്ടെങ്കില്‍ സാധ്യമാകുമ്പോഴെല്ലാം രവി ബിഷ്ണോയിയെയും പ്രയോഗിക്കാം.

സ്പിന്നിനെതിരെ മികച്ച രീതിയില്‍ കളിക്കുന്ന താരമാണ് ശ്രേയസ്. പക്ഷേ, വിക്കറ്റ് വീഴ്ത്താന്‍ കഴിവുള്ള നിങ്ങളുടെ ബൗളര്‍മാരെ തന്നെ പരീക്ഷിക്കണം. ആര്‍ച്ചറെയും ബിഷ്ണോയിയെയും തന്നെ റിയാന്‍ പരാഗ് ആശ്രയിക്കണമെന്നും പൂജാര കൂട്ടിച്ചേര്‍ത്തു.

Content Highlight: Chetheswar Pujara says Shreyas Iyer is in prime form and Once he is set, he’s almost unstoppable

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി