ഇന്ത്യയുടെ ടി-20 ഫോര്‍മാറ്റിന്റെ ഭാഗമല്ലാത്തതിനാല്‍ അദ്ദേഹത്തിന് സമ്മര്‍ദമുണ്ടാകും; സൂപ്പര്‍ താരത്തെക്കുറിച്ച് പൂജാര
Cricket
ഇന്ത്യയുടെ ടി-20 ഫോര്‍മാറ്റിന്റെ ഭാഗമല്ലാത്തതിനാല്‍ അദ്ദേഹത്തിന് സമ്മര്‍ദമുണ്ടാകും; സൂപ്പര്‍ താരത്തെക്കുറിച്ച് പൂജാര
ശ്രീരാഗ് പാറക്കല്‍
Saturday, 21st March 2026, 3:07 pm

വരാനിരിക്കുന്ന ഐ.പി.എല്‍ സീസണില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലിന് മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. ഐ.പി.എല്‍ 2026ല്‍ മികച്ച പ്രകടനം നടത്തിയാല്‍ ഇന്ത്യയുടെ ടി-20 ടീമില്‍ ഇടം നേടാന്‍ ഗില്ലിന് സാധിക്കുമെന്ന് പൂജാര പറഞ്ഞു. നിലവില്‍ ഇന്ത്യയുടെ ടി-20 ഫോര്‍മാറ്റിന്റെ ഭാഗമല്ലാത്തതിനാല്‍ ഗില്ലിന് കുറച്ച് സമ്മര്‍ദമുണ്ടാകുമെന്നും എന്നാല്‍ ബാറ്റിങ് മികവ് തെളിയിക്കാന്‍ പറ്റിയ അവസരമാണ് ഐ.പി.എല്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ടി-20 ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് തീര്‍ച്ചയായും ശുഭ്മന്‍ ഗില്ലിന് മികച്ച പ്രകടനം നടത്താന്‍ വഴിയൊരുക്കും. മൂന്ന് ഫോര്‍മാറ്റുകള്‍ക്കും അനുയോജ്യനായ ഒരു മികച്ച കളിക്കാരനാണ് അദ്ദേഹം. 2026ലെ ഐ.പി.എല്‍ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ ഇന്ത്യയുടെ ടി-20 ടീമില്‍ ഇടം നേടാന്‍ അദ്ദേഹത്തിന് സാധിക്കും. ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെയും ഏകദിന ടീമിന്റെയും ക്യാപ്റ്റനാണ് അദ്ദേഹം. ഐ.പി.എല്ലില്‍ മികച്ച പ്രകടനം നടത്തിയാല്‍ ഇന്ത്യന്‍ ടീമില്‍ അദ്ദേഹം തിരിച്ചെത്തും.

നിലവില്‍ ഇന്ത്യയുടെ ടി-20 ഫോര്‍മാറ്റിന്റെ ഭാഗമല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ മേല്‍ കുറച്ച് സമ്മര്‍ദമുണ്ടാകും. എന്നാല്‍ ബാറ്റിങ്ങില്‍ ഗില്ലിന് മികവ് തെളിയിക്കാന്‍ പറ്റിയ മികച്ച അവസരമാണ് ഐ.പി.എല്‍. അദ്ദേഹം ബാറ്റിങ്ങിന്റെ വേഗത വര്‍ധിപ്പിക്കേണ്ടിവരും, 150 മുതല്‍ 160 വരെ സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യാന്‍ കഴിയുമെന്ന് തെളിയിക്കാന്‍ ഈ ഐ.പി.എല്‍ സീസണ്‍ അദ്ദേഹത്തിന് നിര്‍ണായകമാണ്,’ ജിയോഹോട്സ്റ്റാറില്‍ പൂജാര പറഞ്ഞു.ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍

അന്താരാഷ്ട്ര ടി-20 മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് വേണ്ടി 36 ഇന്നിങ്‌സില്‍ നിന്ന് 869 റണ്‍സാണ് ഗില്‍ നേടിയത്. 126* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. 28.0 എന്ന ആവറേജും 138.6 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് ഫോര്‍മാറ്റില്‍ താരത്തിനുള്ളത്.

അതേസമയം ഐ.പി.എല്ലില്‍ ഇതുവരെ 115 ഇന്നിങ്‌സില്‍ നിന്ന് 3866 റണ്‍സ് നേടാന്‍ ഗില്ലിന് സാധിച്ചിട്ടുണ്ട്. 129 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ ഉള്‍പ്പെടെ 39.5 എന്ന മികച്ച ആവറേജിലാണ് താരത്തിന്റെ റണ്‍ വേട്ട. 138.7 എന്ന സ്‌ട്രൈക്ക് റേറ്റാണ് ഐ.പി.എല്ലില്‍ താരത്തിനുള്ളത്. ടൂര്‍ണമെന്റില്‍ നാല് സെഞ്ച്വറികള്‍ താരം നേടിയിട്ടുണ്ട്. 26 അര്‍ധ സെഞ്ച്വറിയും ഗില്ലിന്റെ പോക്കറ്റിലുണ്ട്.

2024ല്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനായി ചുമതലയേറ്റ താരത്തെ 16.5 കോടിക്കാണ് ഫ്രാഞ്ചൈസി ഈ സീസണില്‍ നിലനിര്‍ത്തിയത്. കഴിഞ്ഞ സീസണില്‍ ഗുജറാത്തിനെ പ്ലേ ഓഫില്‍ എത്തിച്ച ഗില്‍ സീസണില്‍ 650 റണ്‍സ് നേടിയിരുന്നു.

Content Highlight: Cheteshwar Pujara Talking About Shubhman Gill

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ