ഇന്ത്യ തങ്ങളുടെ ഉദ്ദേശം വളരെ വ്യക്തമായി പ്രകടിപ്പിക്കേണ്ട സമയമാണിത്; തുറന്ന് പറഞ്ഞ് പൂജാര
Cricket
ഇന്ത്യ തങ്ങളുടെ ഉദ്ദേശം വളരെ വ്യക്തമായി പ്രകടിപ്പിക്കേണ്ട സമയമാണിത്; തുറന്ന് പറഞ്ഞ് പൂജാര
ശ്രീരാഗ് പാറക്കല്‍
Tuesday, 18th August 2026, 8:59 am

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ യോഗ്യത നേടണമെങ്കില്‍ ശ്രീലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റുകളും ഇന്ത്യയ്ക്ക് ജയിക്കേണ്ടതുണ്ടെന്ന് മുന്‍ താരം ചേതേശ്വര്‍ പൂജാര. ഇന്ത്യ അല്‍പം ധൈര്യത്തോടെയും കൂടുതല്‍ ആക്രമണോത്സുകമായും കളിക്കേണ്ടിവരുമെന്നും ഇന്ത്യ ഡിക്ലയര്‍ ചെയ്യുമ്പോള്‍ ധീരമായ തീരുമാനം എടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യ തങ്ങളുടെ ഉദ്ദേശം വളരെ വ്യക്തമായി പ്രകടിപ്പിക്കേണ്ട സമയമാണിത്. ടെസ്റ്റ് മത്സരത്തില്‍ ഇനി അധികം സമയം ബാക്കിയില്ല. അതോടൊപ്പം കാലാവസ്ഥാ പ്രവചനവും ശ്രദ്ധിക്കണം. അത് അവഗണിക്കാനാകില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ യോഗ്യത നേടണമെങ്കില്‍ ഇന്ത്യയ്ക്ക് രണ്ട് ടെസ്റ്റുകളും ജയിക്കേണ്ടതുണ്ട്. അതിനായി അവര്‍ അല്‍പം ധൈര്യത്തോടെയും കൂടുതല്‍ ആക്രമണോത്സുകമായ സമീപനത്തോടെയും കളിക്കേണ്ടിവരും.

ഇന്ത്യ ഡിക്ലയര്‍ ചെയ്യുമ്പോള്‍ ധീരമായ തീരുമാനം എടുക്കേണ്ടിവരും. ബൗളര്‍മാര്‍ക്ക് മതിയായ സമയം നല്‍കണം. കുറഞ്ഞത് 90-100 ഓവറുകളെങ്കിലും എറിയാന്‍ കഴിയുന്ന തരത്തില്‍ സമയം ലഭിക്കുമെന്ന് ഉറപ്പാക്കണം. അതിനായി ഇന്ത്യ 350-375 റണ്‍സിനിടയില്‍ ഡിക്ലയര്‍ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കണം. ഏറ്റവും മോശം സാഹചര്യം ശ്രീലങ്ക 350-375 റണ്‍സ് നേടിയാലും, അതിന്റെ ക്രെഡിറ്റ് ശ്രീലങ്കയ്ക്ക് നല്‍കണം. പക്ഷേ ഇന്ത്യ ധീരമായ തീരുമാനം എടുക്കേണ്ടതുണ്ട്,’ ചേതേശ്വര്‍ പൂജാര പറഞ്ഞു.

ചേതേശ്വർ പൂജാര. Photo: MahiPatel/x.com

അതേസമയം ലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം ദിനം അവസാനിച്ചിരിക്കുകയാണ്. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 462 റണ്‍സിന് ഓള്‍ ഔട്ട് ആയപ്പോള്‍ ലങ്ക 284 റണ്‍സിനും പുറത്തായിരിക്കുകയാണ്.

ഇന്ത്യന്‍ ബൗളിങ്ങില്‍ നാല് വിക്കറ്റുകള്‍ നേടി മാനവ് സുതര്‍ തിളങ്ങിയപ്പോള്‍ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും നേടി ശ്രീലങ്കന്‍ ബാറ്റിങ് നിരയെ തകര്‍ത്തു. മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റും കൈപ്പിടിയിലാക്കി.

ശ്രീലങ്കന്‍ നിരയില്‍ മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് സോനല്‍ ദിനുഷയാണ്. 168 പന്തുകളില്‍ നിന്നും 100 റണ്‍സ് നേടിയാണ് താരം തിളങ്ങിയത്. നാല് ഫോറുകളും രണ്ട് സിക്സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. നിരോഷന്‍ ഡിക്‌വെല്ല അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കി. 115 പന്തില്‍ 80 റണ്‍സാണ് താരം നേടിയത്. ഏഴ് ഫോറുകളായിരുന്നു താരം നേടിയത്.

ഇന്ത്യന്‍ നിരയില്‍ ദേവ്ദത്ത് പടിക്കല്‍ സെഞ്ച്വറി നേടി കരുത്തുകാട്ടി. 230 പന്തുകളില്‍ നിന്നും 15 ഫോറുകളും ഒരു സിക്‌സും അടക്കം 167 റണ്‍സാണ് പടിക്കല്‍ സ്വന്തമാക്കിയത്.

കെ.എല്‍ രാഹുല്‍ 10 ഫോറുകളും ഒരു സിക്‌സും അടക്കം 80 റണ്‍സും ധ്രുവ് ജുറെല്‍ നാല് ഫോറുകളും ഒരു സിക്‌സും അടക്കം 51 റണ്‍സും നേടി. ശ്രീലങ്കന്‍ ബൗളിങ്ങില്‍ പ്രഭാത് ജയസൂര്യ നാല് വിക്കറ്റും കേഷാര നുവന്ത മൂന്ന് വിക്കറ്റും അസിത ഫെര്‍ണാണ്ടോ രണ്ട് വിക്കറ്റും നേടി തിളങ്ങി.

Content Highlight: Cheteshwar Pujara Talking About Indian Team

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ