മുംബൈ: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഈ മാസം പത്തിന് ദല്‍ഹി ജന്തര്‍ മന്തറില്‍ പ്രതിഷേധം ആരംഭിക്കുമെന്ന് സി.ജെ.പി. ഗ്യാനേഷ് രാജിവെച്ചില്ലെങ്കില്‍ ഇന്ത്യയില്‍ എല്ലായിടത്തുമുള്ള കോക്രോച്ചുകള്‍ ദല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുകയും ഒക്ടോബര്‍ 10-ന് ജന്തര്‍ മന്ദറില്‍ പ്രതിഷേധിക്കുകയും ചെയ്യുമെന്ന് സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ എക്‌സ് പോസ്റ്റില്‍ അറിയിച്ചു.
ദല്‍ഹി പൊലീസ് തങ്ങളെ തടയാന്‍ ശ്രമിച്ചാല്‍, അവര്‍ ഞങ്ങളെ എവിടെ തടയുന്നുവോ അവിടം ഞങ്ങളുടെ ജന്തര്‍ മന്ദറായി മാറും. തങ്ങളുടേത് സമാധാനപരമായ ഒരു സമരമായിരിക്കുമെന്നും ദീപ്‌കെ വ്യക്തമാക്കി.
മഹാത്മാഗാന്ധി കാണിച്ചുതന്ന പാതയിലൂടെ തങ്ങള്‍ മുന്നോട്ട് പോകും. സമാധാനപരമായി പ്രതിഷേധിക്കാനുള്ള ഞങ്ങളുടെ അവകാശത്തെ മാനിക്കണോ, അതോ ജൂലൈ 20-ന് കണ്ട ക്രൂരത ആവര്‍ത്തിക്കണോ എന്നത് സര്‍ക്കാരിന്റെയും ദല്‍ഹി പൊലീസിന്റെയും തീരുമാനമാണെന്നും ദീപ്‌കെ പറഞ്ഞു.
‘ഇത് നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണ്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ആഗ്രഹിക്കുന്ന ഓരോ പൗരനും ഇതില്‍ പങ്കുചേരണം,’ ദീപ്‌കെ കുറിച്ചു.
ഗ്യാനേഷ് കുമാറിന്റെ രാജി അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് സി.ജെ.പി ഇന്ന് (ഒക്ടോബര്‍ രണ്ട്, വെള്ളി) മുംബൈ ശിവാജി പാര്‍ക്കില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുത്തിരുന്നു.
മുതിര്‍ന്ന ബോളിവുഡ് താരങ്ങളായ നസറുദ്ദീന്‍ ഷാ, ഷബാന ആസ്മി, സംഗീത സംവിധായകന്‍ വിശാല്‍ ദദ്‌ലാനി, ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ധന്‍ തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കാളിയായി. അഷുതോഷ് റാങ്ക, സൗരവ് ദാസ്, രത്‌ന സിങ് അടക്കമുള്ള സി.ജെ.പി ദേശീയ നേതാക്കള്‍ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നല്‍കി. ഏതാണ്ട് 4000 പേരാണ് മാര്‍ച്ചില്‍ പങ്കെടുത്തതെന്ന് മുംബൈ പൊലീസ് അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗ്യാനേഷിന്റെ രാജിക്ക് പുറമെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്ക് പകരം ബാലറ്റ് ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പിലേക്ക് മടങ്ങണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് സി.ജെ.പി പ്രതിഷേധം. ഗ്യാനേഷിനെതിരെ ക്രിമിനല്‍ കേസുകള്‍ ചുമത്താനും എസ്.ഐ.ആര്‍ നടപടികള്‍ മരവിപ്പിക്കാനും സംഘടന ആവശ്യപ്പെടുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞടുക്കാന്‍ ഒരു സ്വതന്ത്ര സമിതിയെ തെരഞ്ഞെടുക്കണമെന്നും സി.ജെ.പി ആവശ്യപ്പെടുന്നു.
മുംബൈയിലെ സമരത്തിന് പുറമെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് സി.ജെ.പി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ബെംഗളൂരു, കൊല്‍ക്കത്ത, ഗോവ, റാഞ്ചി എന്നിവിടങ്ങളിലേക്കും പ്രക്ഷോഭം വ്യാപിപ്പിക്കുമെന്ന് അഭിജീത് ദിപ്കെ മുംബൈയില്‍ വ്യാഴാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.
സച്ചിന്‍ ശര്‍മ അമിത് ഷായുടെ ‘ജനറല്‍ ഡയര്‍’
പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയും സോഷ്യല്‍ മീഡിയ പോസ്റ്റിലും അഭിജിത് ദീപ്‌കെ ദല്‍ഹി പൊലീസിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ദല്‍ഹി പോലീസ് കമ്മീഷണര്‍ സച്ചിന്‍ ശര്‍മ അമിത് ഷായുടെ ‘ജനറല്‍ ഡയര്‍’ ആണെന്ന് ദീപ്‌കെ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
ഈ വര്‍ഷം ജൂലൈയില്‍ ജന്തര്‍ മന്തറില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നേര്‍ക്കുണ്ടായ ദല്‍ഹി പൊലീസിന്റെ അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് സച്ചിന്‍ ശര്‍മക്കെതിരായ ദീപ്‌കെയുടെ വിമര്‍ശനം. അന്ന് നടന്ന ക്രൂരമായ അടിച്ചമര്‍ത്തലിന് സച്ചിന്‍ ശര്‍മ ഉത്തരവാദിയായിരുന്നെന്നും ദീപ്‌കെ എക്‌സ് പോസ്റ്റില്‍ കുറിച്ചു.
കൊച്ചു പെണ്‍കുട്ടികളെപ്പോലും ശര്‍മ വെറുതെവിട്ടില്ല എന്ന് മുംബൈയിലെ പ്രതിഷേധ പരിപാടിക്കിടെ ദീപ്‌കെ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നീറ്റ് സമരത്തിനിടെ പ്രതിഷേധക്കാര്‍ക്കുനേരെയുണ്ടായ പോലീസ് നടപടിയെ സൂചിപ്പിച്ചുകൊണ്ടായിരുന്നു ദീപ്‌കെയുടെ ഈ പരാമര്‍ശം.
Content Highlight: If Gyanesh Kumar doesn’t resign, cockroaches from across India will march to Delhi & protest at Jantar Mantar on October 10: Abhijeet Dipke of CJP
