സൂപ്പർ ലീഗ് കേരളയിൽ ആവേശം അലതല്ലിയ മലബാർ ഡെർബിയിൽ മലപ്പുറം എഫ്.സിക്കെതിരെ ആവേശ വിജയം സ്വന്തമാക്കി കാലിക്കറ്റ് എഫ്.സി. പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3നാണ് കാലിക്കറ്റ് വിജയിച്ചു കയറിയത്.
കോഴിക്കോടിന്റെ തട്ടകമായ ഇ.എം.എസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെ മത്സരം പെനാൽറ്റിയിലൂടെ വിധിയെഴുതുകയായിരുന്നു.
ഈ വിജയത്തോടെ ടൂർണമെന്റിന്റെ ചരിത്രത്തിൽ മലപ്പുറം എഫ്.സിയോട് പരാജയപ്പെട്ടിട്ടില്ലെന്ന റെക്കോഡ് കാലിക്കറ്റ് സുരക്ഷിതമായി നിലനിൽക്കുകയും ചെയ്തു.
മലബാർ ഡെർബിയിൽ ഇതിന് മുമ്പ് നടന്ന നാല് മത്സരങ്ങളിലും മലപ്പുറത്തിനെതിരെ കോഴിക്കോടിന്റെ സർവാധിപത്യമായിരുന്നു. നാലിൽ മൂന്നിലും കോഴിക്കോട് വിജയിച്ചപ്പോൾ ഒരു മത്സരത്തിൽ കാലിക്കറ്റിനെ സമനിലയിൽ തളച്ചത് മാത്രമായിരുന്നു മലപ്പുറത്തിന് അഭിമാനിക്കാൻ ഉണ്ടായിരുന്നത്.
കഴിഞ്ഞ സീസണിൽ 3-3 എന്ന സ്കോറിനായിരുന്നു മലപ്പുറം ആദ്യ സീസണിലെ ചാമ്പ്യന്മാരെ സമനിലയിൽ പൂട്ടിയത്.
ടൂർണമെന്റിലെ ശക്തരായ ആരാധകവൃന്ദമുള്ള രണ്ട് ടീമുകൾ പരസ്പരം ഏറ്റുമുട്ടിയപ്പോൾ ഗാലറിക്കൊപ്പം മൈതാനത്തും ആവേശം പടർന്നുകയറി.
മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. ഇരുടീമുകളും ഇരു ഗോൾമുഖത്തേക്കും മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും സ്കോർ ലൈൻ ചലിപ്പിക്കാൻ സാധിച്ചില്ല.
രണ്ടാം പകുതിയിൽ 65ാം മിനിട്ടിൽ മലപ്പുറം എഫ്.സിയാണ് ആദ്യം ഗോൾ നേടിയത്. കോഴിക്കോടിന്റെ തിങ്ങിനിറഞ്ഞ ഗ്യാലറിയെ പൊട്ടിത്തെറിപ്പിച്ചുകൊണ്ട് ഡാനിയൽ ലാലിൻപുയയാണ് മലപ്പുറത്തിന് വേണ്ടി ലക്ഷ്യം കണ്ടത്.
പകരക്കാരനായി കളത്തിലിറങ്ങിയ മഷൂർ ശരീഫിന്റെ തകർപ്പൻ ഹെഡ്ഡർ പാസിൽ നിന്നും ഡാനിയൽ പന്ത് വലയിലെത്തിക്കുകയായിരുന്നു.
ഈ ഗോളിന്റെ ആവേശം കെട്ടടങ്ങും മുമ്പേ കാലിക്കറ്റ് സമനില പിടിച്ചു. 79ാം മിനിട്ടിൽ ലിയോ ഡേവിഡ് ആണ് സന്ദർശകരുടെ വലകുലുക്കിയത്. മലപ്പുറത്തിന്റെ പ്രതിരോധനിരയിലെ പിഴവ് മുതലെടുത്തുകൊണ്ട് ഫെഡറിക്കൊ ബുവാസോ നൽകിയ പാസിൽ നിന്നും താരം ലക്ഷ്യം കാണുകയായിരുന്നു.
പിന്നീട് വിജയ ഗോളിനായി ഇരുടീമുകളും അവസാന നിമിഷം വരെ മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ മത്സരം പെനാൽറ്റിയിലേക്ക് നീങ്ങുകയായിരുന്നു.
പെനാൽറ്റി ഷൂട്ട് ഔട്ടിൽ ആദ്യ രണ്ട് കിക്കുകളും ഇരു ടീമുകളും ലക്ഷ്യത്തിലെത്തിച്ചപ്പോൾ രണ്ടാം കിക്ക് ഇരുടീമുകളും പാഴക്കുകയും ചെയ്തു. മൂന്നാം കിക്ക് മലപ്പുറം വലയിൽ എത്തിച്ചപ്പോൾ കാലിക്കറ്റും കൃത്യമായി ലക്ഷ്യം കണ്ടു.
മലപ്പുറം എടുത്ത നാലാം കിക്ക് ക്രോസ് ബാറിൽ ഇടിച്ച് തെറിച്ചപ്പോൾ ആതിഥേയരുടെ കിക്ക് കൃത്യമായി ലക്ഷ്യത്തിലെത്തി.
അഞ്ചാം കിക്ക് വലയിൽ എത്തിച്ചുകൊണ്ട് മലപ്പുറം പ്രതീക്ഷകൾ നൽകിയെങ്കിലും അഞ്ചാം കിക്ക് കൃത്യമായി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് കാലിക്കറ്റ് സ്വന്തം മണ്ണിൽ 4-3ന്റെ ആവേശ വിജയം സ്വന്തമാക്കുകയായിരുന്നു.
മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ടൂർണമെന്റിന്റെ പുതിയ നിയമപ്രകാരം പെനാൽറ്റിയിൽ പരാജയപ്പെട്ടതിനാൽ മലപ്പുറത്തിന് ഒരു പോയിന്റ് ലഭിച്ചു. പെനാൽറ്റിയിൽ വിജയിച്ചത് കൊണ്ട് കാലിക്കറ്റിന് രണ്ട് പോയിന്റും ലഭിച്ചു.
സീസണിലെ ആദ്യ മത്സരത്തിൽ സ്വന്തം മണ്ണിൽ തിരുവനന്തപുരം കൊമ്പൻസിന്റെ കൊമ്പൊടിച്ചുകൊണ്ട് തുടങ്ങിയ കാലിക്കറ്റ് മലപ്പുറത്തെയും വീഴ്ത്തി അപരാജിത കുതിപ്പ് തുടരുകയാണ്. ആദ്യ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു കാലിക്കറ്റ് കൊമ്പൻസിനെ വീഴ്ത്തിയിരുന്നത്.
മറുഭാഗത്ത് അദ്യ മത്സരത്തിൽ ഫോഴ്സ കൊച്ചിയോട് പരാജയപ്പെട്ട മലപ്പുറം രണ്ടാം മത്സരത്തിലും ജയം കൈവിട്ടിരിക്കുകയാണ്. അദ്യ മത്സരത്തിൽ കൊച്ചിയുടെ ഹോം ഗ്രൗണ്ടായ കലൂർ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഇഞ്ചുറി ടൈമിൽ വഴങ്ങിയ ഒറ്റ ഗോളിലായിരുന്നു മലപ്പുറത്തിന് വിജയം അകലെ നിന്നത്.
ഒക്ടോബർ 11നാണ് മലപ്പുറം എഫ്.സിയുടെ അടുത്ത പോരാട്ടം. തിരുവനന്തപുരം കൊമ്പൻസാണ് എതിരാളികൾ. എതിരാളികളുടെ തട്ടകത്തിലാണ് മത്സരം.
മറുഭാഗത്ത് ഒക്ടോബർ പത്തിന് നടക്കുന്ന മത്സരത്തിൽ തൃശൂർ മാജിക് എഫ്.സിയെയാണ് കാലിക്കറ്റ് നേരിടുക. തൃശൂരിന്റെ തട്ടകത്തിലാണ് പോരാട്ടം.
Content Highlight: Calicut fc beat Malappuram fc in super league Kerala
