ഇടംകൈ ബാറ്റര്‍മാര്‍ക്കെതിരെ അദ്ദേഹം കുറച്ചുകൂടി നന്നായി പന്തെറിയേണ്ടിയിരുന്നു; തുറന്നടിച്ച് പൂജാര
Cricket
ഇടംകൈ ബാറ്റര്‍മാര്‍ക്കെതിരെ അദ്ദേഹം കുറച്ചുകൂടി നന്നായി പന്തെറിയേണ്ടിയിരുന്നു; തുറന്നടിച്ച് പൂജാര
ശ്രീരാഗ് പാറക്കല്‍
Tuesday, 18th August 2026, 6:57 am

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ ബൗളിങ്ങിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. കുല്‍ദീപ് യാദവ് നന്നായി പന്തെറിഞ്ഞെങ്കിലും ഓഫ് സ്റ്റംപിന് പുറത്ത് പന്തെറിയാന്‍ കാണിച്ച തന്ത്രത്തില്‍ അല്‍പം ആശ്ചര്യം തോന്നിയെന്ന് അദ്ദേഹം പറഞ്ഞു. ഓഫ് സ്റ്റംപിന് പുറത്തേക്ക് പന്തെറിയുമ്പോള്‍ ടോപ് എഡ്ജിലൂടെ മാത്രമേ വിക്കറ്റ് ലഭിക്കാന്‍ സാധ്യത ഉണ്ടാകൂ എന്നും അതിനാല്‍ സ്റ്റംപുകളിലേക്ക് എപ്പോഴും പന്തെറിയണമെന്നും അദ്ദേഹം പറഞ്ഞു.

‘കുല്‍ദീപ് യാദവ് നന്നായി പന്തെറിഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ കുല്‍ദീപിനോട് ഓഫ് സ്റ്റംപിന് പുറത്തേക്ക് പന്തെറിയാന്‍ പറഞ്ഞ ഗില്ലിന്റെ തന്ത്രത്തില്‍ എനിക്ക് അല്‍പം ആശ്ചര്യം തോന്നി. അവര്‍ക്ക് സ്റ്റംപ് ലൈന്‍ നിലനിര്‍ത്താമായിരുന്നു. സ്റ്റംപുകളിലേക്ക് എപ്പോഴും എറിഞ്ഞുകൊണ്ടിരിക്കണം. കുല്‍ദീപിന് പന്ത് ഫ്‌ലൈറ്റ് ചെയ്ത് എറിയാനുള്ള കഴിവുണ്ട്. ഓഫ് സ്റ്റംപിന് പുറത്തേക്ക് പന്തെറിയുമ്പോള്‍ ടോപ് എഡ്ജിലൂടെ മാത്രമേ വിക്കറ്റ് ലഭിക്കാനുള്ള സാധ്യത ലഭിക്കൂ. ഇടംകൈ ബാറ്റര്‍മാര്‍ക്കെതിരെ അദ്ദേഹം കുറച്ചുകൂടി മികച്ച രീതിയില്‍ പന്തെറിയേണ്ടിയിരുന്നു,’ പൂജാര ക്രിക്ക് ഇന്‍ഫോയില്‍ പറഞ്ഞു.

അതേസമയം ലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം ദിനം അവസാനിച്ചിരിക്കുകയാണ്. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 462 റണ്‍സിന് ഓള്‍ ഔട്ട് ആയപ്പോള്‍ ലങ്ക 284 റണ്‍സിനും പുറത്തായിരിക്കുകയാണ്.

ഇന്ത്യന്‍ ബൗളിങ്ങില്‍ നാല് വിക്കറ്റുകള്‍ നേടി മാനവ് സുതര്‍ തിളങ്ങിയപ്പോള്‍ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും നേടി ശ്രീലങ്കന്‍ ബാറ്റിങ് നിരയെ തകര്‍ത്തു. മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റും കൈപ്പിടിയിലാക്കി. 14 ഓവറില്‍ നിന്ന് 65 റണ്‍സ് വിട്ടുനല്‍കിയാണ് കുല്‍ദീപ് വിക്കറ്റ് വീഴ്ത്തിയത്.

ശ്രീലങ്കന്‍ നിരയില്‍ മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് സോനല്‍ ദിനുഷയാണ്. 168 പന്തുകളില്‍ നിന്നും 100 റണ്‍സ് നേടിയാണ് താരം തിളങ്ങിയത്. നാല് ഫോറുകളും രണ്ട് സിക്സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. നിരോഷന്‍ ഡിക്‌വെല്ല അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കി. 115 പന്തില്‍ 80 റണ്‍സാണ് താരം നേടിയത്. ഏഴ് ഫോറുകളായിരുന്നു താരം നേടിയത്.

ഇന്ത്യന്‍ നിരയില്‍ ദേവ്ദത്ത് പടിക്കല്‍ സെഞ്ച്വറി നേടി കരുത്തുകാട്ടി. 230 പന്തുകളില്‍ നിന്നും 15 ഫോറുകളും ഒരു സിക്‌സും അടക്കം 167 റണ്‍സാണ് പടിക്കല്‍ സ്വന്തമാക്കിയത്.

കെ.എല്‍ രാഹുല്‍ 10 ഫോറുകളും ഒരു സിക്‌സും അടക്കം 80 റണ്‍സും ധ്രുവ് ജുറെല്‍ നാല് ഫോറുകളും ഒരു സിക്‌സും അടക്കം 51 റണ്‍സും നേടി.

ശ്രീലങ്കന്‍ ബൗളിങ്ങില്‍ പ്രഭാത് ജയസൂര്യ നാല് വിക്കറ്റും കേഷാര നുവന്ത മൂന്ന് വിക്കറ്റും അസിത ഫെര്‍ണാണ്ടോ രണ്ട് വിക്കറ്റും നേടി തിളങ്ങി.

Content Highlight: Cheteshwar Pujara Criticize Kuldeep Yadav’s Bowling

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ