വമ്പന്‍ നീക്കവുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ്; അണിയറയില്‍ ഒരുങ്ങുന്നത് വജ്രായുധം
Cricket
വമ്പന്‍ നീക്കവുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ്; അണിയറയില്‍ ഒരുങ്ങുന്നത് വജ്രായുധം
ശ്രീരാഗ് പാറക്കല്‍
Wednesday, 13th May 2026, 8:31 pm

ഐ.പി.എല്ലില്‍ വമ്പന്‍ മാറ്റവുമായി ചെന്നൈ സൂപ്പര്‍ കിങ്സ്. പരിക്കേറ്റ് പുറത്തായ യുവ ഓള്‍റൗണ്ടര്‍ രാമകൃഷ്ണ ഘോഷിന് പകരക്കാരനായി കര്‍ണാടക ഓള്‍റൗണ്ടര്‍ മാക്‌നീല്‍ ഹാഡ്‌ലി നൊറോണയെ ടീമിലെത്തിച്ചിരക്കുകയാണ് ചെന്നൈ. ഫ്രാഞ്ചൈസിയുടെ സി.ഇ.ഒ കാശി വിശ്വനാഥനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

മെയ് 2ന് മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ തന്റെ ഐ.പി.എല്‍ അരങ്ങേറ്റം കുറിച്ച രാമകൃഷ്ണ ഘോഷ് അതേമത്സരത്തില്‍ തന്നെ പരിക്കേറ്റ് പുറത്താകുകയായിരുന്നു. മത്സരത്തിനിടെ വലതു കാല്‍പാദത്തില്‍ പൊട്ടലുണ്ടായ ഘോഷ് സീസണിലെ ബാക്കി മത്സരങ്ങളില്‍ നിന്ന് പുറത്തായിരുന്നെങ്കിലും ചെന്നൈ ഇതുവരെ പകരക്കാരനെ പ്രഖ്യാപിച്ചിരുന്നില്ല.

ഇപ്പോള്‍ കര്‍ണാടക ഓള്‍റൗണ്ടറെ ലീഗ് ഘട്ടത്തിലെ നിര്‍ണായക മത്സരത്തില്‍ എത്തിച്ച് വമ്പന്‍ മാറ്റമാണ് ചെന്നൈ നടത്തിയത്. അതേസമയം കര്‍ണാടക പ്രീമിയര്‍ ലീഗിലെ (മഹാരാജ ട്രോഫി) മിന്നും പ്രകടനമാണ് 24കാരനായ നൊറോണയെ ചെന്നൈ ടീമിലെത്തിച്ചത്.

2025 കര്‍ണാടക പ്രീമിയര്‍ ലീഗിലെ മംഗളൂരു ഡ്രാഗണ്‍സിനായി 13 മത്സരങ്ങളില്‍ നിന്ന് 253 റണ്‍സാണ് നൊറോണ സ്വന്തമാക്കിയത്. മികച്ച സ്‌ട്രൈക്ക് റേറ്റില്‍ 19 സിക്സറുകളും നൊറോണ പറത്തി. ഓഫ് സ്പിന്നര്‍ കൂടിയായ നൊറോണ 7.44 ഇക്കോണമിയില്‍ 10 വിക്കറ്റുകളും നേടിയിരുന്നു.

സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ കര്‍ണാടകക്കായി കളിച്ച പരിചയസമ്പത്തും നൊറോണക്കുണ്ട്. സീസണ്‍ തുടങ്ങിയത് മുതല്‍ പരിക്കുകള്‍ ചെന്നൈയെ വിടാതെ പിന്തുടര്‍ന്നിരുന്നു. മുന്‍ നായകന്‍ എം.എസ് ധോണി, പേസര്‍ ഖലീല്‍ അഹമ്മദ്, ആയുഷ് മാത്രെ, ഓസീസ് പേസര്‍ നഥാന്‍ എല്ലിസ് എന്നിവര്‍ പരിക്കുമൂലം ടീമില്‍ നിന്ന് നേരത്തെ പുറത്തായിരുന്നു.

Content Highlight: Chennai Super Kings have brought  Karnataka all-rounder Macneil Hadley Noronha to replace young all-rounder Ramakrishna Ghosh, who was ruled out due to injury

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ