ഓഗസ്റ്റില്‍ സിനിമാപ്രേമികള്‍ കൂട്ടത്തോടെ ലോണെടുക്കേണ്ട അവസ്ഥയാണ് മുന്നില്‍ വരുന്നത്. ഒന്നിന് പിന്നാലെ ഒന്നായി പത്തിലേറെ വമ്പന്‍ ചിത്രങ്ങള്‍ ഈ മാസം തിയേറ്ററുകളിലെത്തുന്നുണ്ട്. ഓണത്തിന് ഇത്തവണ കടുത്ത മത്സരമാണ് കേരള ബോക്‌സ് ഓഫീസില്‍ അരങ്ങേറുക. ദുല്‍ഖര്‍, നിവിന്‍ പോളി, പൃഥ്വിരാജ് എന്നിവര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ആര് ജയിക്കുമെന്നറിയാനാണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്.

ഓണം റിലീസുകളില്‍ പലരുടെയും ചര്‍ച്ചയാകുന്നത് ഐ ആം ഗെയിമും ഖലീഫയുമാണ്. ദുല്‍ഖറിനെ നായകനാക്കി നഹാസ് ഹിദായത്ത് അണിയിച്ചൊരുക്കുന്ന ഐ ആം ഗെയിമും പൃഥ്വിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയും ചര്‍ച്ചയാകുന്നത് അതിന്റെ അണിയറപ്രവര്‍ത്തകര്‍ കാരണമാണ്. രണ്ട് സിനിമകളുടെയും എഡിറ്റിങ്ങും സംഗീതവും കൈകാര്യം ചെയ്യുന്നത് ചമന്‍ ചാക്കോയും ജേക്‌സ് ബിജോയ്‌യുമാണ്.

ഓണം പോലെ വലിയൊരു ഫെസ്റ്റിവല്‍ സീസണില്‍ വന്‍ ബജറ്റിലൊരുങ്ങുന്ന ഒരു സിനിമ ചെയ്യുന്നത് തന്നെ റിസ്‌കാകുമ്പോള്‍ ഒരേസമയം രണ്ട് സിനിമകളില്‍ വര്‍ക്ക് ചെയ്യുന്ന ഇരുവരെയും കുറിച്ചാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. ഇതില്‍ പലരും എടുത്തുപറയുന്നത് ചമന്‍ ചാക്കോയെയാണ്. അബദ്ധത്തില്‍ രണ്ട് സിനിമയിലെയും സീനുകള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോകുന്നതിനെക്കുറിച്ചുള്ള ട്രോളുകളും റീലുകളും ചിരിയുണര്‍ത്തുന്നുണ്ട്.

‘ഐ ആം ഗെയിം കണ്ടുകൊണ്ടിരിക്കുന്നതിനിടയില്‍ മോഹന്‍ലാല്‍ സര്‍പ്രൈസായി കടന്നുവരുന്നത് കണ്ട് അന്തംവിട്ടിരിക്കുന്ന ചമന്‍ ചാക്കോ’ എന്ന ക്യാപ്ഷനോടെയുള്ള ട്രോളാണ് ഇതില്‍ ശ്രദ്ധേയം. പ്രാഞ്ചിയേട്ടന്‍ എന്ന ചിത്രത്തില്‍ ഇ്ന്നസെന്റിന്റെ ഐക്കോണിക് മീമാണ് ഈ ട്രോളില്‍ ഉപയോഗിച്ചത്. ഇതോ ആശയത്തിലുള്ള വേറൊരു ട്രോളും ഇതിനോടകം വൈറലായി.

എഡിറ്റിങ് റൂമിലിരുന്ന് ഒരേസമയം തുടക്കം, ഐ ആം ഗെയിം, ഖലീഫ എന്നീ സിനിമകള്‍ വെവ്വേറെ കമ്പ്യൂട്ടറില്‍ ചമന്‍ എഡിറ്റ് ചെയ്യുന്നതിനിടയില്‍ നഹാസ് ഹിദായത്തും വൈശാഖും കയറിവന്നിട്ട് ‘ഐ ആം ഗെയിമില്‍ എവിടുന്നാ മോഹന്‍ലാല്‍’ എന്നും ‘ഖലീഫയില്‍ എവിടുന്നാ പെപ്പെ’ എന്നും ചോദിക്കുന്ന റീല്‍ ഇന്‍സ്റ്റഗ്രാമില്‍ ചിരിയുണര്‍ത്തുന്നുണ്ട്. സ്റ്റാന്‍ഡപ് കൊമേഡിയനായ ശബരി പങ്കുവെച്ച റീലിന് താഴെ ഛായാഗ്രഹകന്‍ നിമിഷ് രവിയും സംവിധായകന്‍ നഹാസ് ഹിദായത്തും കമന്റ് പങ്കുവെച്ചിട്ടുണ്ട്.

ചമനെക്കാള്‍ തിരക്കാണ് ജേക്‌സ് ബിജോയ്ക്ക്. കഴിഞ്ഞമാസം പുറത്തിറങ്ങിയ ഐ, നോബഡിയടക്കം നാല് സിനിമകളാണ് ബാക്ക് ടു ബാക്കായി ജേക്‌സ് ചെയ്യുന്നത്. രണ്ട് സിനിമകളും ഹിറ്റായാല്‍ അതില്‍ ഏറ്റവുമധികം പ്രശംസ ലഭിക്കാന്‍ പോകുന്നത് ചമനും ജേക്‌സിനുമായിരിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.