hinduന്യൂദല്‍ഹി: 2030-ഓടെ ലോകം ഹിന്ദു ലോകമാകുമെന്ന വി.എച്ച്.പി നേതാവ് അസോക് സിംഗലിന്റെ പ്രസ്താവനവന്ന് 24 മണിക്കൂറിനുള്ളില്‍ ഹിന്ദു ജന്‍ജാഗ്രതി സമിതിയുടെ വെബ്‌സൈറ്റ് കേന്ദ്രസര്‍ക്കാര്‍ ബ്ലോക്കു ചെയ്തു.

കേന്ദ്രസര്‍ക്കാറിന്റെ ടെലികമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റാണ് വെബ്‌സൈറ്റ് ബ്ലോക്കു ചെയ്തത്. ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നു ലഭിച്ച നിര്‍ദേശപ്രകാരം വെബ്‌സൈറ്റ് ബ്ലോക്കു ചെയ്തിരിക്കുകയാണെന്ന സന്ദേശമാണ് ഇപ്പോള്‍ ലിങ്ക് ക്ലിക്കു ചെയ്യുമ്പോള്‍ ലഭിക്കുന്നത്.

ashokജൂലൈ 20നാണ് അശോക് സിംഗലിന്റെ പ്രസ്താവന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചുവന്നത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നയിച്ച സഖ്യം നേടിയ വിജയം “ഹിന്ദു വിപ്ലവ”ത്തിന്റെ തുടക്കമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 2020 ഓടെ ഇന്ത്യ ഹിന്ദു രാഷ്ട്രമാകുമെന്നും 2030 ആകുമ്പോഴേക്കും ലോകം തന്നെ ഹിന്ദു ലോകമാകുമെന്നുമായിരുന്നു സിംഗലിന്റെ പ്രസ്താവന.

ന്യൂദല്‍ഹിയില്‍ വിദേശകാര്യ മന്ത്രി സുഷമസ്വരാജ് പങ്കെടുത്ത പൊതുപരിപാടിയില്‍ വെച്ച് അശോക് സിംഗാള്‍ നടത്തിയ പ്രസ്താവനയാണ് വെബ്‌സൈറ്റ് വാര്‍ത്തയാക്കിയത്. ആര്‍.എസ്.എസ് നേതാവ് കെ.എസ് സുദര്‍ശന്റെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള “സുദര്‍ശന്‍ സ്മൃതി” എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍വെച്ചാണ് അശോക് സിങ് ഈ അഭിപ്രായ പ്രകടനം നടത്തിയതെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.


asok-sighal-2

വെബ്‌സൈറ്റ് സെര്‍ച്ച് ചെയ്യുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന സന്ദേശം


ഇത്തരത്തിലുള്ള മറ്റൊരു പ്രസ്താവനയിലൂടെ ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ തന്നെ വിവാദത്തിലായിരുന്നു. “അച്ചാദിന്‍” വരണമെങ്കില്‍ 25 വര്‍ഷം ഇനിയും എടുക്കുമെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. ഇത് ബി.ജെ.പിയെ വന്‍ വിവാദത്തിലേയ്ക്കാണ് വലിച്ചിഴച്ചത്. ഇതിനുപിന്നാലെയാണ് അശോക് സിംഗലിന്റെ ഈ പ്രസ്താവന വന്നിരിക്കുന്നത്. ഇനിയും മറ്റൊരു വിവാദത്തിലേയ്ക്ക് ആര്‍.എസ്.എസ് സംഘപരിവാര സംഘടനകള്‍ ബി.ജെ.പിയെ വലിച്ചിഴക്കുമെന്ന് ഭയന്നാവണം ജന്‍ ജാഗ്രതി സമിതിയുടെ വെബ്‌സൈറ്റ് കേന്ദ്ര സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തത്.

അതേസമയം വെറും 15 വര്‍ഷം കൊണ്ട് ലോകം മൊത്തം ഹിന്ദുഭരണത്തിന്‍ കീഴിലാവുമെന്ന ധ്വനിയില്‍, ലോകം ഹിന്ദുരാഷ്ട്രമാകുമെന്ന സിംഗലിന്റെ പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങളില്‍ ചിരിപടര്‍ത്തിയിരിക്കുകയാണ്.

RSS2020     ഓടെ ഇന്ത്യ ഹിന്ദു രാഷ്ട്രമാകുമെന്ന പരാമര്‍ശം  സിംഗാള്‍ നേരത്തെയും നടത്തിയിരുന്നു. താന്‍ സായിബാബയുടെ ആശ്രമത്തിലായിരുന്നപ്പോള്‍ തനിക്ക് സായിബാബയുടെ വെളിപാടുണ്ടായെന്നാണ് സിംഗാള്‍ പറഞ്ഞത്; “ഞാന്‍ സായിബാബയുടെ ആശ്രമത്തിലായിരുന്നു. അപ്പോള്‍ സായിബാബ എന്നോട് പറഞ്ഞു, 2020 ആവുമ്പോഴേക്കും ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാകും.” ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കുമെന്ന പ്രസ്താവനകള്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറുന്നതിനു മുമ്പുതന്നെ ബി.ജെ.പി.-ആര്‍.എസ്.എസ്-സംഘപരിവാരസംഘടനകളും നേതാക്കളും നടത്തിയിരുന്നു. എന്നാല്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിനു ശേഷം അത്തരം പ്രസ്താവനകളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ഇന്ത്യയുടെ മതേതര ആശയങ്ങള്‍ക്കും ഭരണഘടനയ്ക്കും എതിരാണ് ഇത്തരം പ്രസ്താവനകള്‍.

മതദ്വേഷങ്ങള്‍ വളര്‍ത്തുന്ന ഇത്തരം പ്രസ്താവനകള്‍ക്ക് കടുത്ത ശിക്ഷകള്‍ വിധിക്കുന്ന നിയമങ്ങള്‍ നിലനില്‍ക്കുമ്പോഴും സര്‍ക്കാര്‍ പ്രതിനിധികളും ആശ്രിതരും ഇത്തരം പ്രസ്താവനകള്‍ അനുസ്യൂതം നടത്തിവരുന്നുണ്ട്. ഇതിന്റെ പേരില്‍ ബി.ജെ.പി സര്‍ക്കാര്‍ വന്‍വിമര്‍ശനങ്ങളും ഏറ്റുവാങ്ങുന്നുമുണ്ട്.