ഓണത്തിന് ഇറങ്ങാനിരുന്ന ചിത്രങ്ങളുടെ ലിസ്റ്റില്‍ നിന്നും ദുല്‍ഖര്‍ ചിത്രം ഐ ആം ഗെയിം പേര് വെട്ടിയതോടെ ഏവരും ഉറ്റുനോക്കുന്നത് നിവിന്റെ ബെത്‌ലഹേമിലേക്കും പൃഥ്വിരാജിന്റെ ഖലീഫയിലേക്കുമാണ്. കൂട്ടത്തില്‍ ഏവരും വമ്പന്‍ ഹൈപ്പില്‍ കാത്തിരിക്കുന്നതാകട്ടെ വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയിലേക്ക് തന്നെ. ഒരു ഔട്ട് ആന്‍ഡ് ഔട്ട് ആക്ഷന്‍ ചിത്രമെന്നതിലുപരി മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ ചിത്രത്തില്‍ കാമിയോ റോളില്‍ എത്തുന്നുണ്ട് എന്നത് തന്നെയാണ് സിനിമാ പ്രേമികളുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്.
ഇപ്പോഴിതാ ഖലീഫയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു എന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ചിത്രത്തിന് ലഭിച്ചിരിക്കുന്നത് UA16+ സര്‍ട്ടിഫിക്കറ്റാണ്. സ്വര്‍ണക്കടത്തുകാരനായ ആമിര്‍ അലിയെന്ന കഥാപാത്രമായി പൃഥ്വിരാജ് വേഷമിടുന്ന ചിത്രത്തില്‍ ആമിര്‍ അലിയുടെ മുത്തച്ഛനായ അഹമദ് അലിയെന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തിന്റെ സര്‍ട്ടിഫിക്കറ്റില്‍ പ്രധാന താരങ്ങളുടെയെല്ലാം പേരിന്റെ കൂട്ടത്തില്‍ മോഹന്‍ലാലിന്റെ പേരും ഉണ്ടെന്നും കാണാം.
കോഴിക്കോട് കൊടുവള്ളി പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും യൂനുസ് അലിയെന്ന ഗവണ്‍മെന്റ് കോണ്‍ട്രാക്ടറുടെ മകനായ ആമിര്‍ അലിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം കഥ പറയുന്നതെന്നും പ്ലോട്ട് സമ്മറിയില്‍ സൂചിപ്പിക്കുന്നു. ഇതില്‍ ഏത് ഭാഗത്താണ് മോഹന്‍ലാല്‍ കഥാപാത്രമായ അഹമദ് അലിയെ സംവിധായകന്‍ അവതരിപ്പിക്കുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മുത്തച്ഛന്‍ കഥാപാത്രമായത് കൊണ്ട് തന്നെ താരത്തിന്റെ മരണം ചിത്രത്തില്‍ കാണിച്ചേക്കാമെന്നും പലരും അഭിപ്രാപ്പെടുന്നു.
മലയാളത്തിന് ആദ്യ നൂറ് കോടി സമ്മാനിച്ച വൈശാഖ് മറ്റൊരു ചിത്രവുമായെത്തുമ്പോള്‍ ആരാധകര്‍ പ്രതീക്ഷ കൈവിടുന്നില്ല. ഇന്ത്യയിലെ വിവിധ ലൊക്കേഷനുകളിലും ലണ്ടന്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. യാനിക്ക് ബെന്‍ സംഘട്ടന സംവിധാനം ചെയ്യുന്ന ഖലീഫയിലെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ജേക്ക്‌സ് ബിജോയ് ആണ്. ചിത്രത്തിലേതായി പുറത്തുവന്ന ഗാനങ്ങളെല്ലാം വൈറലായിരുന്നു.
Content Highlight: Censor certificate for Khalifa Movie