എട്ട് സെക്കന്‍ഡ് കിസ്സ് സീന്‍ കണ്ട് സമൂഹം വഴിതെറ്റാതിരിക്കാനുള്ള ആ കരുതല്‍... സ്‌പൈഡര്‍മാനിലും കത്രിക വെച്ച് 'സെന്‍സില്ലാത്ത' ബോര്‍ഡ്
Trending
എട്ട് സെക്കന്‍ഡ് കിസ്സ് സീന്‍ കണ്ട് സമൂഹം വഴിതെറ്റാതിരിക്കാനുള്ള ആ കരുതല്‍... സ്‌പൈഡര്‍മാനിലും കത്രിക വെച്ച് 'സെന്‍സില്ലാത്ത' ബോര്‍ഡ്
അമര്‍നാഥ് എം.
Monday, 27th July 2026, 9:52 pm

ആവശ്യമില്ലാത്തിടത്തെല്ലാം കത്രിക വെക്കുകയും തങ്ങളുടെ രാഷ്ട്രീയത്തിനെതിരെ സംസാരിക്കുന്ന സിനിമകളെ നിശബ്ദരാക്കുകയും ചെയ്യുകയാണ് ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ്. ജാനകി മുതല്‍ ചായ്‌വാല എന്ന പേര് വരെ ഇക്കൂട്ടരെ അസ്വസ്ഥരാക്കുന്നുണ്ട്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി ജന നായകനെ മാസങ്ങളോളം പെട്ടിയിലിട്ടതും ഇതേ ‘സെന്‍സര്‍’ ബോര്‍ഡാണ്.

ഇന്ത്യന്‍ സിനിമകളെ മാത്രമല്ല, ഹോളിവുഡ് സിനിമകളെയും സെന്‍സര്‍ ബോര്‍ഡ് വെറുതെ വിടാറില്ല. ഡി.സി കോമിക്‌സിന്റെ സൂപ്പര്‍മാനിലെ ചുംബനരംഗത്തിന് ഇക്കൂട്ടര്‍ കത്രികവെച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഏറ്റവും പുതിയ ചിത്രമായ സ്‌പൈഡര്‍മാനിലും സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ചിരിക്കുകയാണ്.

ചിത്രത്തില്‍ ടോം ഹോളണ്ടും സെന്‍ഡയയും തമ്മിലുള്ള ചുംബനരംഗം സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്തിരിക്കുകയാണ്. ഇതിന് പുറമെ അസഭ്യമാണെന്ന് ചൂണ്ടിക്കാട്ടി ചില പദപ്രയോഗങ്ങളും ചേഷ്ടകളും സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്തു. മദ്യപാന രംഗങ്ങളില്‍ മുന്നറിയിപ്പ് ഉള്‍പ്പെടുത്താനും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതാണ് സിനിമാപേജുകളിലെ ചര്‍ച്ചാവിഷയം.

ചിത്രത്തിലെ പ്രധാനപ്പെട്ട സീനുകളില്‍ കത്രിക വെച്ചതിലൂടെ സെന്‍സര്‍ ബോര്‍ഡ് എന്താണ് ഉദ്ദേശിക്കുന്നതെന്ന് പലരും ചോദിക്കുന്നുണ്ട്. എട്ട് സെക്കന്‍ഡ് കിസ് സീന്‍ കണ്ടാല്‍ വഴിതെറ്റിപോകുന്നവരാണ് ഇന്ത്യന്‍ സമൂഹമെന്നാണോ സെന്‍സര്‍ ബോര്‍ഡ് ഉദ്ദേശിക്കുന്നതെന്നും ചിലര്‍ ചോദിക്കുന്നു. സെന്‍സില്ലാത്തവരാണ് സെന്‍സര്‍ ബോര്‍ഡിലെന്നും ചിലര്‍ കമന്റുകള്‍ പങ്കുവെക്കുന്നുണ്ട്.

കേരള സ്റ്റോറി പോലെ പച്ചക്ക് വര്‍ഗീയ പറയുന്ന സിനിമകളില്‍ ഒട്ടും കത്രിക വെക്കാതെ സര്‍ട്ടിഫിക്കറ്റ് നല്‍കിയതും മറ്റ് സിനിമകളില്‍ കത്രിക വെക്കുന്നതും ഇരട്ടത്താപ്പാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. സൂപ്പര്‍മാനില്‍ ഡേവിഡ് കോറെന്‍സ്വെറ്റും റേച്ചല്‍ ബ്രോസ്‌നഹാനും തമ്മിലുള്ള ചുംബനരംഗം പൂര്‍ണമായും വെട്ടിമാറ്റിയ സെന്‍സര്‍ ബോര്‍ഡ് ചെറിയ വിമര്‍ശനമൊന്നുമല്ലായിരുന്നു കേട്ടത്.

അതേസമയം അനൗണ്‍സ്‌മെന്റ് മുതലുള്ള ഹൈപ്പ് ഒട്ടും താഴാതെ തിയേറ്ററുകളിലെത്തുന്ന ചിത്രമാണ് സ്‌പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേ. ലോകമെമ്പാടും വമ്പന്‍ പ്രീ സെയിലാണ് ചിത്രത്തിന് ലഭിക്കുന്നത്. മറ്റ് രാജ്യങ്ങളില്‍ ജൂലൈ 31ന് റിലീസാകുന്ന സ്‌പൈഡര്‍മാന്‍ ഇന്ത്യയില്‍ ഒരുദവിസം മുന്നേ പ്രദര്‍ശനത്തിനെത്തും. മിനിമം 60 കോടിയുടെ ഫസ്റ്റ് ഡേ കളക്ഷനാണ് സ്‌പൈഡര്‍മാന്‍ ഉന്നം വെക്കുന്നത്.

Content Highlight: Censor board removes some scenes from Spiderman Brand new Day movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം