ന്യൂദല്‍ഹി: വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച നിയമങ്ങള്‍ പൊളിച്ചെഴുതുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന എഫ്.സി.ആര്‍.എ ചട്ട ഭേദഗതി ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യാതെ മാറ്റിവെച്ച സംഭവത്തില്‍ പ്രതികരണവുമായി കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ).
ക്രിസ്ത്യാനികള്‍ വിഡ്ഢികളല്ല. ചുറ്റും നടക്കുന്നതിനെ കുറിച്ച് അറിവുള്ളവരാണ്. ആര്‍ക്ക് വേണ്ടി ആരാണ് പ്രവര്‍ത്തിക്കുന്നതെന്ന് വോട്ടര്‍മാര്‍ക്ക് അറിയാമെന്ന് സി.ബി.സി.ഐ പ്രതികരിച്ചു.
വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ഉടനെ കാണുമെന്നും സി.ബി.സി.ഐ വക്താവ് അറിയിച്ചു.
സി.ബി.സി.ഐ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പിന്തുണയ്ക്കുന്നില്ലെന്നും ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് വോട്ടര്‍മാരോട് ആവശ്യപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിലും തെരഞ്ഞെടുപ്പ് ഉണ്ടെന്ന് ഓര്‍ക്കണമെന്നും സി.ബി.സി.ഐ വക്താവ് പ്രതികരിച്ചു.
കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ എഫ്.സി.ആര്‍.എ ഭേദഗതിക്കെതിരെ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം നടന്നിരുന്നു. പിന്നാലെ ബില്‍ അവതരിപ്പിക്കുന്നതില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറുകയും ചെയ്തു. അടുത്ത സഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്ന് പാര്‍ലമെന്ററികാര്യ, ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി കിരണ്‍ റിജിജു അറിയിച്ചിരുന്നു.
ആരുമായും ചര്‍ച്ചയ്ക്കില്ലെന്നും കോണ്‍ഗ്രസും സി.പി.ഐ.എമ്മും തെറ്റിദ്ധാരണ പരത്തുകയാണെന്നും റിജിജു പറഞ്ഞിരുന്നു. ഇതോടെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ഭയം കാരണമാണ് കേന്ദ്രത്തിന്റെ പിന്മാറ്റമെന്ന് പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.
ഇന്ത്യയിലെ വിദേശ സംഭാവനകളുടെ സുതാര്യതയും ഉത്തരവാദിത്തവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തിന് വേണ്ടിയാണെന്ന് അവകാശപ്പെട്ടാണ് വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബില്‍-2026 കേന്ദ്രം ലോക്‌സഭയില്‍ അവതരിപ്പിക്കാനിരുന്നത്.
Content Highlight: FCRA Amendment: Christians are not fools; CBCI tells Centre to remember that there are elections in the future too