perambra-workers

കോഴിക്കോട്:  കോഴിക്കോട് പേരാമ്പ്രയില്‍ ദലിത് വിഭാഗത്തിന് നേരെ വീണ്ടും ജാതി വിവേചനം. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ദലിത് തൊഴിലാളികളെ മാത്രം ജാതിയുടെ അടിസ്ഥാനത്തില്‍ വര്‍ക്കിംഗ് ഗ്രൂപ്പുകളാക്കി തിരിച്ചാണ് വിവേചനം.

പെരുവാന്തി, മഞ്ചേരികുഴിച്ചാല്‍ എന്നീ എസ്.സി കോളനികളിലെ ജോലികള്‍ക്കായി എസ്റ്റിമേറ്റ് തയ്യാറാക്കിയപ്പോഴാണ് ജാതി തിരിച്ച് വര്‍ക്കിംഗ് ഗ്രൂപ്പുകളുണ്ടാക്കിയത്. 18 ഉം 19ഉം പേരടങ്ങുന്ന ഗ്രൂപ്പുകളില്‍ മുഴുവനും എസ്.സി വിഭാഗത്തില്‍പ്പെട്ടവര്‍ മാത്രമാണുള്ളത്.

എസ്.സി കോളനികളിലെ ജോലികള്‍ മാത്രമാണ് ദലിത് തൊഴിലാളികള്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ളത്. അതേ സമയം ഉന്നത ജാതിക്കാര്‍ ദലിത് കോളനിയില്‍ പണിയെടുക്കേണ്ട ഗതികേട് ഒഴിവാക്കാനാണ് ഇത്തരമൊരു നീക്കം.

പദ്ധതിയുടെ ഭാഗമായി എസ്.സി വീടുകളില്‍ ജോലി ചെയ്യുന്നതിനെതിരെ മേല്‍ ജാതിക്കാര്‍ക്കിടയില്‍ ഉയര്‍ന്ന അമര്‍ഷമാണ് വിവേചനത്തിലേക്ക് വഴി നയിച്ചതെന്ന് തൊഴിലാളികള്‍ പറയുന്നു.

നേരത്തെ ഒന്നിച്ച് ജോലി ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ എസ്.സി വിഭാഗത്തിനൊപ്പം ജനറലുകാര്‍ പോവരുതെന്ന നിര്‍ദേശമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് തൊഴിലാളിയായ നഫീസ മാധ്യമങ്ങളോട് പറഞ്ഞു.

പെരുവാന്തി, മഞ്ചേരി കുഴിച്ചാല്‍ കോളനിയിലെ ജോലികള്‍ വന്നപ്പോള്‍ മേല്‍ ജാതിക്കാരെ ഒഴിവാക്കാനായി തൊഴിലാളികളില്‍ നിന്നും ജാതി തിരിച്ച് ലിസ്്‌ററ് ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടതായി വര്‍ക്കിംഗ് ഗ്രൂപ്പ് നേതാവ് രാഗിണി പറഞ്ഞു.

സംഭവത്തെ കുറിച്ച് ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയോട് വിശദീകരണമാവശ്യപ്പെടുമെന്ന് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞമ്മദ് പറഞ്ഞു.

നേരത്തെ പേരാമ്പ്രയില്‍ സാംബവ സമുദായക്കാരായ വിദ്യാര്‍ത്ഥികളെ ജാതിയുടെ പേരില്‍ മാറ്റി നിര്‍ത്തിയത് വാര്‍ത്തയായിരുന്നു. ഇതിന്റെ തൊട്ടടുത്ത പ്രദേശമാണ് ചെറുവണ്ണൂര്‍ പഞ്ചായത്ത്.