അവന്‍ ഫുട്‌ബോളിലെ ദൈവമാണ്: പ്രശംസയുമായി കാസെമിറോ
Football
അവന്‍ ഫുട്‌ബോളിലെ ദൈവമാണ്: പ്രശംസയുമായി കാസെമിറോ
സുദേവ് എ
Friday, 31st July 2026, 10:01 am

ഇന്റര്‍ മയാമി നായകന്‍ ലയണല്‍ മെസിയെ പ്രശംസിച്ച് ബ്രസീലിയന്‍ സൂപ്പര്‍താരം കാസെമിറോ. മെസിയെ ഫുട്‌ബോളിന്റെ ദൈവമെന്ന് വിശേഷിപ്പിച്ച കാസെമിറോ മെസിക്കൊപ്പം കളിക്കണമെന്നത് തന്റെ വലിയ സ്വപ്നമായിരുന്നുവെന്നും പറഞ്ഞു.

എതിരാളിയായിരിന്നപ്പോള്‍ മെസിയെ തടയാന്‍ സാധിച്ചിരുന്നില്ലെന്നും ഇപ്പോള്‍ മെസിക്കൊപ്പം ഒരേ ടീമില്‍ കളിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷവാമുണ്ടെന്നും കാസെമിറോ വ്യക്തമാക്കി. ഇന്റര്‍ മയാമിയിലെത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബ്രസീലിയന്‍ താരം.

‘എം.എല്‍.എസില്‍ ഞാന്‍ എത്താന്‍ ആഗ്രഹിച്ച സ്ഥലത്താണ് ഇപ്പോള്‍ ഉള്ളത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും ഫ്രീ ഏജന്റായി ടീം വിട്ട ശേഷം ഇറ്റലിയിലും മറ്റ് രാജ്യങ്ങളിലുമുള്ള ടീമുകളില്‍ നിന്നും ഓഫറുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഞാന്‍ പോവാന്‍ ആഗ്രഹിച്ച ക്ലബ്ബ് ഇതായിരുന്നു. അവനൊപ്പം (ലയണല്‍ മെസി) കളിക്കാനും ടീമിനെ വിജയത്തിലെത്തിക്കാന്‍ സഹായിക്കാനും അവനെ കൂടുതല്‍ മികച്ച താരമാക്കാനും ഞാന്‍ ആഗ്രഹിക്കുന്നു.

ഫുട്‌ബോളിലെ ദൈവങ്ങളില്‍ ഒരാളാണ് അവന്‍. അവനൊപ്പം കളിക്കണമെന്നത് എന്റെ വലിയ സ്വപ്നമായിരുന്നു. മികച്ച താരങ്ങള്‍ക്കൊപ്പം കളിക്കാനാണ് എനിക്കിഷ്ടം. എതിരാളിയായിരുന്നപ്പോള്‍ അദ്ദേഹത്തെ ഒറ്റയ്ക്ക് തടയാന്‍ എനിക്ക് ഒരിക്കലും സാധിച്ചിരുന്നില്ല. ഇപ്പോള്‍ അദ്ദേഹത്തോടൊപ്പം ഒരേ ടീമില്‍ കളിക്കാന്‍ സാധിക്കുന്നതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. അദ്ദേഹത്തോടൊപ്പം കൂടുതല്‍ വിജയങ്ങള്‍ നേടാനാണ് എന്റെ ആഗ്രഹം,’ കാസെമിറോ പറഞ്ഞു.

മാഞ്ചസ്റ്റര്‍ യുണൈഡിനൊപ്പമുള്ള കരാര്‍ ഈ സീസണില്‍ അവസാനിച്ചതിന് പിന്നാലെയാണ് കാസെമിറോ എം.എല്‍.എസിലേക്ക് ചേക്കേറിയത്. 2027 അവസാനം വരെയാണ് മയാമിക്കൊപ്പം കാസെമിറോ കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്. 2029 വരെ കരാര്‍ നീട്ടാനുള്ള അവസരവും താരത്തിന്റെ മുന്നിലുണ്ട്.

മെസിക്കൊപ്പം കാസെമിറോ ഒരുമിച്ച് പന്ത് തട്ടുന്നത് കാണാന്‍ ഫുട്ബോള്‍ ആരാധകര്‍ക്ക് സാധിക്കും. ഇതിന് മുമ്പ് പല തവണ ഇരുവരും പരസ്പരം ഏറ്റുമുട്ടിയിട്ടിയിട്ടുണ്ടെങ്കിലും ഒരു ടീമില്‍ ഇരുവരും ഒരുമിച്ച് കളിക്കുന്നത് ഇതാദ്യമായിട്ടായിരിക്കും.

മെസിയുടെയും കാസെമിറോയുടെയും സുവര്‍ണ കാലഘട്ടത്തില്‍ പല തവണരാജ്യാന്തരതലത്തില്‍ ബ്രസീലും അര്‍ജന്റീനയും നേര്‍ക്കുനേര്‍ എത്തിയ പല മത്സരങ്ങളിലും ഇരുവരും നേര്‍ക്കുനേര്‍ എത്തിയിട്ടുണ്ട്.

ലാ ലീഗയില്‍ റയല്‍ മാഡ്രിഡ്-ബാഴ്സലോണ മത്സരങ്ങളില്‍ ഇരുവരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിട്ടുണ്ട്. 16 മത്സരങ്ങളിലാണ് ഇരുവരും എല്‍ ക്ലാസിക്കോ പോരാട്ടങ്ങളില്‍ എതിരാളികളായി കളിച്ചത്.

മെസി ബാഴ്സ വിട്ട് ഫ്രഞ്ച് വമ്പന്മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്‌നിലേക്ക് ചേക്കേറിയിട്ടും ഇരുവരും വീണ്ടും കളിക്കളത്തില്‍ വീണ്ടും ഏറ്റുമുട്ടി. 2021 ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.ജി-റയല്‍ മത്സരത്തിലാണ് ഇരുവരും നേര്‍ക്കുനേര്‍ എത്തിയത്.

ഒരുകാലത്ത് രണ്ട് വ്യത്യസ്ത ടീമുകള്‍ക്കായി കളിച്ച മെസിയും കാസെമിറോയും ഇനി ഒരുമിച്ച് പന്തുതട്ടുന്നത് ഫുട്‌ബോള്‍ ആരാധകര്‍ക്ക് പുതിയ അനുഭവമായിരിക്കും സമ്മാനിക്കുക.

 

Content Highlight: Casemiro praise Argentina legend Lionel Messi

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.